ഏതാണ് നല്ലത്; ട്രെഡ്മില്ലിലെ നടത്തമാണോ അതോ പുറത്തുള്ള നടത്തമോ?
The Pros and Cons of Treadmill and Outdoor Walking: ശരീരഭാരം വേഗത്തിൽ കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഫലപ്രദവുമായ മികച്ച മാർഗങ്ങളിലൊന്നാണ് നടത്തം. പ്രായഭേദമന്യേ ഏവർക്കും ചെയ്യാവുന്ന വ്യായാമമാണിത്. ട്രെഡ്മില്ലിലോ പുറത്തോ ആയിക്കോട്ടെ, പതിവായുള്ള നടത്തം കലോറി എരിച്ചുകളയാനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും, പേശികൾക്ക് കരുത്ത് നൽകാനും, മാനസികാവസ്ഥ മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ ട്രെഡ്മില്ലിലെ നടത്തമാണോ അതോ പുറത്തുള്ള നടത്തമാണോ ഏറ്റവും നല്ലതെന്ന സംശയം പലർക്കുമുണ്ട്. ഇവ രണ്ടിനും അതിൻ്റേതായ ഗുണങ്ങളും വെല്ലുവിളികളുമുണ്ട്. ഒന്നിനേക്കാൾ മറ്റൊന്ന് മികച്ചതാണെന്ന് പൂർണ്ണമായി പറയാനാകില്ല. ഒറോരുത്തരുടെയും താല്പര്യം, ജീവിതശൈലി, കാലാവസ്ഥ, എന്നിവയെ ആശ്രയിച്ചായിരിക്കും ഏതാണ് കൂടുതൽ അനുയോജ്യമെന്ന് തീരുമാനിക്കേണ്ടത്. (Image Credit source: Getty Images)

കാലാവസ്ഥ നോക്കാതെ ഏത് സമയത്തും വ്യായാമം ചെയ്യാം എന്നതാണ് ട്രെഡ്മില്ലിൻ്റെ പ്രധാന ഗുണം. ആവശ്യാനുസരണം വേഗതയും ചരിവും ക്രമീകരിച്ച് വ്യായാമം കൂടുതൽ കഠിനമാക്കാൻ ഇതിലൂടെ സാധിക്കും. ട്രെഡ്മില്ലിൽ കയറ്റം കയറുന്ന രീതിയിൽ നടക്കുന്നത് കൂടുതൽ കലോറി എരിച്ചുകളയാനും കാലിലെ പേശികൾക്ക് മികച്ച ബലം നൽകാനും സഹായിക്കും. ദൂരം, വേഗത, ഹൃദയമിടിപ്പ് എന്നിവ എളുപ്പത്തിൽ ട്രാക്ക് ചെയ്യാനും സാധിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ പുറത്തുള്ള നടത്തവും വളരെ ഫലപ്രദമാണ്. നിരപ്പല്ലാത്ത വഴികളിലൂടെയും പുൽത്തകിടികളിലൂടെയും നടക്കുമ്പോൾ ശരീരത്തിൻ്റെ ബാലൻസ് നിലനിർത്താൻ കൂടുതൽ പേശികൾ ഉപയോഗിക്കേണ്ടി വരും. നടക്കുന്ന പ്രദേശത്തിനനുസരിച്ച് ട്രെഡ്മില്ലിനേക്കാൾ അല്പം കൂടുതൽ കലോറി ബേൺ ചെയ്യാൻ ഇത് സഹായിച്ചേക്കാം. വിവിധ മസിലുകളുടെ കൃത്യമായ ഏകോപനവും കരുത്തും വർധിപ്പിക്കാൻ പുറത്തുള്ള സ്വാഭാവികമായ നടത്തം സഹായിക്കും.

എവിടെ നടക്കുന്നു എന്നതിനേക്കാൾ എത്ര വേഗത്തിലും എത്ര നേരവും നടക്കുന്നു എന്നതാണ് പ്രധാനം. എന്നാൽ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ പുറത്തുള്ള നടത്തത്തിന് പ്രത്യേക പങ്കുണ്ട്. പ്രകൃതിയോട് ഇണങ്ങി പാർക്കുകളിലോ മരങ്ങൾ നിറഞ്ഞ നിരത്തുകളിലോ സമയം ചിലവഴിക്കുന്നത് മാനസികസമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും.

ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ ഈ രണ്ട് രീതികളും ഒരുപോലെ മികച്ചതാണ്. നിങ്ങളുടെ ജീവിതശൈലിക്കും താല്പര്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ രീതി തിരഞ്ഞെടുക്കാം. വേണമെങ്കിൽ ട്രെഡ്മിൽ നടത്തവും പുറത്തുള്ള നടത്തവും ഇടകലർത്തിയും ചെയ്യാവുന്നതാണ്. മികച്ച ഫലം ലഭിക്കുന്നതിനായി വ്യായാമത്തോടൊപ്പം കൃത്യമായ ഡയറ്റ് പിന്തുടരുക,