രാത്രിക്ക് രാത്രി എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ച് പോലീസ്; പുനഃസ്ഥാപിച്ച് DYFI, വൻ പ്രതിഷേധം
Police dismantled LPST candidates' protest shelter: സമരപ്പന്തൽ പൊളിച്ച പോലീസ്, വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സമരം അവസാനിപ്പിക്കില്ല എന്ന് ഉദ്യോഗാർഥികൾ അറിയിച്ചു. ആവശ്യം നേടിയെടുത്തിട്ടേ പോകൂവെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. വളർമതിക്ക് പകരം ഉദ്യോഗാർത്ഥിയായ ജയകൃഷ്ണന്റെ നേതൃത്വത്തിൽ 10 മുതൽ 15 വരെയുള്ള റാങ്ക് ഹോൾഡർമാർ സമരം തുടരുകയാണ്.
തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലെ സമരപ്പന്തൽ രാത്രിയെത്തി പൊളിച്ചുമാറ്റിയ സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തം. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും നിയമനം നടത്തുക, 1:25 എന്ന അനുപാതം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിവന്ന എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് വൻ സന്നാഹവുമായി എത്തി പോലീസ് പൊളിച്ചുനീക്കിയത്. നിരാഹാര സമരമിരുന്ന വളർമതിയെ ബലംപ്രയോഗിച്ച് പോലീസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട വളർമതി ചികിത്സയുമായി സഹകരിക്കാതെ, സമരം തുടരുകയാണ്. വാർഡിലേക്ക് മാറ്റിയാൽ മാത്രം ചികിത്സയുമായി സഹകരിക്കുമെന്നാണ് വളർമതി അറിയിച്ചിട്ടുള്ളത്. പോലീസ് സമരപ്പന്തൽ പൊളിച്ചതിന് പിന്നാലെ പ്രതിപക്ഷം ശക്തമായി വിഷയത്തിൽ ഇടപെട്ട് രംഗത്തെത്തി. ഡിവൈഎഫ്‌ഐ രാത്രിതന്നെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും താൽക്കാലിക പന്തൽ നിർമിക്കുകയും ചെയ്തു.
രാത്രിയിൽ പോലീസ് സമരക്കാർക്ക് നേരേ എടുത്ത നടപടിയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സമരം അവസാനിപ്പിക്കില്ല എന്ന് ഉദ്യോഗാർഥികൾ അറിയിച്ചു. ആവശ്യം നേടിയെടുത്തിട്ടേ പോകൂവെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. വളർമതിക്ക് പകരം ഉദ്യോഗാർത്ഥിയായ ജയകൃഷ്ണന്റെ നേതൃത്വത്തിൽ 10 മുതൽ 15 വരെയുള്ള റാങ്ക് ഹോൾഡർമാർ സമരം തുടരുകയാണ്. സമരപ്പന്തൽ പൊളിച്ചുമാറ്റി മുഴുവൻ സാമഗ്രികളും ലോറിയിലാക്കി പോലീസ് കൊണ്ടുപോയിരുന്നു. ‘വാക്കു പാലിക്കാത്ത വിഡി സതീശൻ’ എന്ന ബോർഡും പോലീസ് എടുത്തുമാറ്റി.
ALSO READ: ചേരാനല്ലൂർ വാഹനാപകടം: പ്രതിയായ ജഡ്ജി വീണ്ടും ജോലിയിലേക്ക്, പരിഗണിക്കുക വാഹനാപകടക്കേസുകൾ
മന്ത്രി ഒ.ജെ. ജനീഷ് നടത്തിയ ജാഥക്ക് നേരെ സമരക്കാർ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് എത്തി സമരപ്പന്തൽ പൊളിച്ചത്. എന്നാൽ പോലീസ് നടപടിക്ക് പിന്നാലെ, മുൻപ് സമരപ്പന്തൽ നിന്നിടത്ത് താൽക്കാലികമായി രണ്ട് കമ്പുകൾ നാട്ടി, ടാർപോളിൻ വലിച്ചുകെട്ടി ഡിവൈഎഫ്‌ഐ പുതിയ സമരപ്പന്തൽ നിർമ്മിച്ചു. സമരപ്പന്തൽ പുനഃസ്ഥാപിക്കുന്നിടത്തേക്ക് പോലീസ് വന്നെങ്കിലും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് അവരെ പിൻവലിച്ചു.
ഹൈക്കോടതി നിർദേശപ്രകാരമാണ് പന്തൽ പൊളിച്ചതെന്നും സ്ഥിരം പന്തലാണ് നീക്കിയതെന്നും താൽക്കാലിക പന്തൽ പൊളിച്ചില്ലെന്നുമാണ് പൊലീസ് വിശദീകരണം. ഡിവൈഎഫ്ഐക്ക് പിന്നാലെ യുവമോർച്ചയും സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നുമുതൽ വളർമതി തിരിച്ചെത്തുന്നതുവരെ സമരപ്പന്തലിൽ തുടരുമെന്നാണ് യുവമോർച്ച പ്രവർത്തകർ അറിയിച്ചിട്ടുള്ളത്. രാത്രിയുടെ മറവിൽ സമരപ്പന്തൽ പൊളിച്ചുനീക്കുകയും വളർമതിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള യുഡിഎഫ് സർക്കാരിന്റെ അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.
സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്ന രീതിയാണ് സർക്കാർ തുടരുന്നത്. വളർമതി മുടി മുറിക്കുന്നത് കണ്ടു കരഞ്ഞുപോയ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ ഈ അതിക്രമത്തിന് നേതൃത്വം നൽകുന്നതെന്നും പിണറായി വിജയൻ ചോദിച്ചു. ‘ഡൽഹിയിൽ നരേന്ദ്ര മോദിയും സംഘപരിവാറും ചെയ്യുന്നത് കേരളത്തിലും ആവർത്തിക്കാമെന്ന വി.ഡി. സതീശന്റെയും യുഡിഎഫിന്റെയും വ്യാമോഹം ഇവിടെ നടപ്പിലാകില്ല. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നു വരണം,’ എന്ന് പിണറായി വിജയൻ പറഞ്ഞു.
English Summary
The police dismantled the protest shelter set up by LPST (Lower Primary School Teacher) candidates near the Secretariat during the night, sparking strong protests against the government’s action. Valarmathi, who was on a hunger strike, was forcibly removed by the police and taken to a hospital. However, even after being admitted to the ICU, she is refusing to cooperate with medical treatment and is continuing her protest. Meanwhile, the DYFI has intervened to temporarily restore the protest shelter that had been dismantled by the police.