Purple Star Sapphire: വില 2500 കോടി, അഴകു കൂട്ടാൻ നക്ഷത്രത്തിളക്കം, ഈ അപൂർവ്വ സൗഭാഗ്യം ശ്രീലങ്കയ്ക്ക് സ്വന്തം
World’s Largest Purple Star Sapphire Unveiled: 3,563 കാരറ്റ് തൂക്കമുള്ള 'സ്റ്റാർ ഓഫ് പ്യുവർ ലാൻഡ്' എന്ന ഈ അത്ഭുത രത്നത്തിന് ഏകദേശം 2500 കോടി രൂപയിലധികം വിലമതിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ആറ് രശ്മികളുള്ള നക്ഷത്രരൂപം ഇതിനെ കൂടുതൽ മനോഹരമാക്കുന്നു.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും ആരാധകരുള്ളതും രത്നങ്ങൾക്കായിരിക്കും. ഏറെ കൗതുകത്തോടെയാണ് ഇത് സംബന്ധിച്ചുള്ള വാർത്തകൾ എല്ലാവരും ശ്രദ്ധിക്കുന്നത്. ഇപ്പോൾ അത്തരത്തിലൊന്നാണ് പുറത്തു വന്നിരിക്കുന്നത്.

ശ്രീലങ്കയിലെ കൊളംബോയിൽ ലോകത്തിലെ ഏറ്റവും വലിയ പർപ്പിൾ സ്റ്റാർ സഫയർ പ്രദർശിപ്പിച്ചു. 'സ്റ്റാർ ഓഫ് പ്യുവർ ലാൻഡ്' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രകൃതിദത്ത രത്നത്തിന് 3,563 കാരറ്റ് തൂക്കമാണുള്ളത്.

അന്താരാഷ്ട്ര വിപണിയിൽ ഇതിന് ഏകദേശം 300 മില്യൺ മുതൽ 400 മില്യൺ യു.എസ്. ഡോളർ വരെ വിലമതിക്കുമെന്ന് വിദഗ്ധർ കണക്കാക്കുന്നു. അതായത് 2500 കോടി രൂപ.

രത്നപുരയിലെ ഒരു ഖനിയിൽ നിന്ന് 2023-ലാണ് ഈ അമൂല്യശേഖരം കണ്ടെത്തിയത്. രത്നത്തിന് മുകളിൽ ആറ് രശ്മികളുള്ള നക്ഷത്രരൂപം വ്യക്തമായി കാണാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

സുരക്ഷാ കാരണങ്ങളാൽ ഉടമസ്ഥർ തങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. രണ്ട് വർഷത്തെ വിശദമായ പരിശോധനകൾക്കും ലാബ് സർട്ടിഫിക്കേഷനുകൾക്കും ശേഷമാണ് ഇതിന്റെ യഥാർത്ഥ മൂല്യം തിരിച്ചറിഞ്ഞത്.

നിലവിൽ ഇത് വിൽപ്പനയ്ക്കായി തയ്യാറെടുക്കുകയാണ്. നിറത്തിലും തിളക്കത്തിലും ലോകപ്രശസ്തമായ ശ്രീലങ്കൻ സഫയറുകളുടെ പട്ടികയിൽ ഈ രത്നം ഇനി ചരിത്രമായി മാറും.