AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Seaport Airport Road: രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിച്ചു, സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡ് യാഥാര്‍ഥ്യത്തിലേക്ക്

Kochi Seaport Airport Road Tender Announced: കൊച്ചി തുറമുഖത്തെയും നെടുമ്പാശ്ശേരി വിമാനത്താവളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാത പൂർത്തിയാകുന്നതോടെ എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരു ശമനമാകും.

Seaport Airport Road: രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിച്ചു, സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡ് യാഥാര്‍ഥ്യത്തിലേക്ക്
P Rajeev Image Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 20 Jan 2026 | 09:39 PM

കൊച്ചി: കൊച്ചി നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കുന്നു. പദ്ധതിയുടെ ടെൻഡർ നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന പദ്ധതിയാണ് ഇപ്പോൾ സജീവമാകുന്നത്. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (RBDCK) ആണ് ടെൻഡർ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചത്.

എച്ച്എംടി (HMT), എൻഎഡി (NAD) എന്നിവിടങ്ങളിൽ നിന്നുള്ള ഭൂമി ലഭ്യമാക്കുന്നതായിരുന്നു പദ്ധതി നേരിട്ട പ്രധാന തടസ്സം. സർക്കാരിന്റെ തുടർച്ചയായ ഇടപെടലുകളിലൂടെ ഈ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കങ്ങളും മറ്റും പരിഹരിച്ച് വളരെ വേഗത്തിലാണ് ടെൻഡർ നടപടികളിലേക്ക് കടക്കാൻ സാധിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

കൊച്ചി തുറമുഖത്തെയും നെടുമ്പാശ്ശേരി വിമാനത്താവളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാത പൂർത്തിയാകുന്നതോടെ എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരു ശമനമാകും. ചരക്ക് നീക്കം വേഗത്തിലാക്കാനും വ്യാവസായിക മേഖലയ്ക്ക് പുതിയ ഉണർവ് നൽകാനും ഈ റോഡ് സഹായിക്കും.

 

മന്ത്രിയുടെ കുറിപ്പ്

 

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തടസം പൂർണ്ണമായും മാറ്റിക്കൊണ്ട് സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണത്തിനുള്ള ടെൻ്റർ നടപടികളിലേക്ക് സർക്കാർ കടന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. തുടർച്ചയായ ഇടപെടലുകളിലൂടെ എച്ച്എംടിയുടേയും എൻഎഡിയുടേയും ഭൂമി ലഭിച്ച് വളരെ പെട്ടെന്ന് തന്നെ സർക്കാരിന് ടെൻ്ററിലേക്ക് കടക്കാൻ സാധിച്ചു.

പദ്ധതി നിർവ്വഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ടെൻ്റർ നോട്ടിഫിക്കേഷൻ നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാർ നടത്തിയ നിരന്തരമായ ഇടപെടലിൻ്റെ ഫലമായാണ് റോഡ് നിർമ്മാണത്തിനുള്ള വഴി ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്. HMT ഭൂമിക്ക് സുപ്രീം കോടതി നിർദ്ദേശപ്രകാരം 37.90 കോടി രൂപയും NAD ഭൂമിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപയും സംസ്ഥാന സർക്കാർ നൽകിയാണ് ഭൂമി ഏറ്റെടുത്തത്.