Ramadan Fasting Begins on Sunday: മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം
Ramadan Fasting Begins Tomorrow in Kerala: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ റംസാൻ ഒന്നാകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കോഴിക്കോട്: വിവിധയിടങ്ങളിൽ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് കേരളത്തിൽ ഞായറാഴ്ച മുതൽ റമദാൻ വ്രതം ആരംഭിക്കും. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ റംസാൻ ഒന്നാകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി കണ്ടതായി ഖാസിമാര്‍ അറിയിച്ചു. അതേസമയം ഒമാൻ ഉൾപ്പടെയുള്ള ഗൾഫ് നാടുകളിൽ റമദാൻ വ്രതം ശനിയാഴ്ച ആരംഭിച്ചു.
മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മാർച്ച് രണ്ട് ഞായറാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി കാന്തപുരം എ പി.അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധി ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവർ അറിയിച്ചു. തിരുവനന്തപുരം പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും എന്നിവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ALSO READ: മെയ് മാസത്തിൽ രാശിഫലം മാറും: ജോലിയിൽ പ്രമോഷൻ, വരുമാന വർദ്ധനവ്
സൗദി അറേബ്യയിലും ഒമാനിലും ഇന്നലെയാണ് (വെള്ളിയാഴ്ച) മാസപ്പിറവി ദൃശ്യമായത്. അതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റമദാൻ വ്രതാനുഷ്ഠാനം ആരംഭിച്ചിരുന്നു. ഇത്തവണ യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഒരുമിച്ചാണ് റമദാൻ ആരംഭിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സൗദി അറേബ്യ, ഒമാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ മാസപ്പിറവി കണ്ടത്. ഇതോടെ അതാത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും റമദാൻ വ്രതം ശനിയാഴ്ച ആരംഭിച്ചു.
ഹിജ്‌റ വര്‍ഷ പ്രകാരം ഒമ്പതാം മാസമായ റമദാൻ ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും ആത്മീയവുമായ മാസമാണ്. ഈ മാസം വിശ്വാസികൾ വ്രതം അനുഷ്ഠിക്കുകയും പള്ളികള്‍ സന്ദര്‍ശിക്കുകയും ഖുര്‍ ആന്‍ പാരായണം സജീവമാക്കുകയും ചെയ്യുന്നു. മുഹമ്മദ് നബിയ്ക്ക് പ്രവാചകത്വം ലഭിച്ച മാസം കൂടിയാണിത്. ഈ വിശുദ്ധമാസത്തിൽ വ്രതം അനുഷ്ഠിക്കുക മാത്രമല്ല ദാനധർമ്മങ്ങൾ ചെയ്യുന്നതും ലൗകികസുഖങ്ങളിൽ നിന്നും ദുഷ്ടപ്രവൃത്തികളിൽ നിന്നും അകന്നു നിൽക്കുന്നതും വളരെ പ്രധാനമാണ്.