AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Football: ഓരോ ദിവസവും നിര്‍ണായകം; ഫിഫയുടെ ‘വിലക്കുഭീഷണി’ അതിജീവിക്കുമോ ഇന്ത്യന്‍ ഫുട്‌ബോള്‍?

AIFF faces ban threat: ഒക്ടോബര്‍ 30-നകം സുപ്രീംകോടതിയുടെ ഉത്തരവ് ലഭിച്ചാല്‍ മാത്രമേ നിലവിലെ വിലക്കുഭീഷണിയൊഴിവാക്കാന്‍ എഐഎഫ്എഫിന് സാധിക്കൂ. ഭരണഘടന നടപ്പാക്കുന്നതിന് സമയപരിധി നിശ്ചയിച്ച കാര്യം സുപ്രീംകോടതിയെ അറിയിക്കാനും ഫിഫ എഐഎഫ്എഫിനോട് ആവശ്യപ്പെട്ടു

Indian Football: ഓരോ ദിവസവും നിര്‍ണായകം; ഫിഫയുടെ ‘വിലക്കുഭീഷണി’ അതിജീവിക്കുമോ ഇന്ത്യന്‍ ഫുട്‌ബോള്‍?
Indian Football TeamImage Credit source: facebook.com/TheIndianFootballTeam
jayadevan-am
Jayadevan AM | Published: 30 Aug 2025 18:02 PM

ഖാലിദ് ജമീല്‍ പരിശീലകനായി എത്തിയതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ പുത്തന്‍ ഉണര്‍വിലാണ്. ഖാലിദിന്റെ ആദ്യ ദൗത്യത്തില്‍ തന്നെ ഇന്ത്യന്‍ ടീം വിജയക്കൊടി പാറിച്ചു. നേഷന്‍സ് കപ്പിലെ ആദ്യ മത്സരത്തില്‍ താജിക്കിസ്ഥാനെതിരെ 2-1നായിരുന്നു ഇന്ത്യയുടെ വിജയം. ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ അല്‍പമെങ്കിലും സന്തോഷിച്ച നിമിഷം. ഒരു തരം ശുഭപ്രതീക്ഷ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യന്‍ ഫുട്‌ബോള്‍ ഒരു അഗ്നിപ്പരീക്ഷ നേരിടുകയാണ്. ഫിഫയുടെ വിലക്ക് ഭീഷണി ഡെമോക്ലിസിന്റെ വാള്‍ പോലെ തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടപ്പുണ്ട്.

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പരിഷ്‌കരിച്ച ഭരണഘടന നടപ്പാക്കിയില്ലെങ്കില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് ഫിഫയുടെ ഭീഷണി. ഒക്ടോബര്‍ 30ന് മുമ്പ് പുതിയ ഭരണഘടന നടപ്പാക്കണമെന്നാണ് അന്ത്യശാസനം. ഇക്കാര്യം ഉന്നയിച്ച് ഫിഫ എഐഎഫ്എഫിന് കത്തയച്ചു. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും എഐഎഫ്എഫിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

പരിഷ്‌കരിച്ച ഭരണഘടന അംഗീകരിച്ച് നടപ്പാക്കുന്നതിലെ വീഴ്ചയാണ് ഫിഫയെ പ്രകോപിപ്പിച്ചത്. എന്നാല്‍ എഐഎഫ്എഫിന്റെ ഭരണഘടനയുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതി ഇക്കാര്യത്തില്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ ഫെഡറേഷന് ഭരണഘടന നടപ്പാക്കാനാകില്ലെന്നതാണ് പ്രതിസന്ധി.

ഒക്ടോബര്‍ 30-നകം സുപ്രീംകോടതിയുടെ ഉത്തരവ് ലഭിച്ചാല്‍ മാത്രമേ നിലവിലെ വിലക്കുഭീഷണിയൊഴിവാക്കാന്‍ എഐഎഫ്എഫിന് സാധിക്കൂ. ഭരണഘടന നടപ്പാക്കുന്നതിന് സമയപരിധി നിശ്ചയിച്ച കാര്യം സുപ്രീംകോടതിയെ അറിയിക്കാനും ഫിഫ എഐഎഫ്എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: CAFA Nations Cup 2025: ഇനി കാല്‍പ്പന്താരവം, നേഷന്‍സ് കപ്പ് എവിടെ, എപ്പോള്‍ കാണാം?

ഫിഫയുടെയും ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെയും വ്യവസ്ഥകള്‍ ഭരണഘടനയിലുണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ട്. നിലവിലെ പ്രതിസന്ധിയെക്കുറിച്ച് സുപ്രീംകോടതിയില്‍ അറിയിക്കാനാകും എഐഎഫ്എഫിന്റെ അടുത്ത നീക്കം. നേരത്തെ 2022ല്‍, എഐഎഫ്എഫ് ഫിഫയുടെ വിലക്ക് നേരിട്ടിരുന്നു. വീണ്ടും ഫിഫയുടെ വിലക്ക് വന്നാല്‍ രാജ്യാന്തര ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ പോലും തടസങ്ങളുണ്ടാകും.

അങ്ങനെയെങ്കില്‍ നവംബറില്‍ കേരളത്തില്‍ നടക്കുന്ന അര്‍ജന്റീനയുടെ മത്സരത്തിന് അടക്കം അത് വെല്ലുവിളി ഉയര്‍ത്താം. ഫിഫ നിര്‍ദ്ദേശിച്ചതുപോലെ ഒക്ടോബര്‍ 30നകം പരിഷ്‌കരിച്ച ഭരണഘടന നടപ്പാക്കാന്‍ എഐഎഫ്എഫിന് സാധിക്കുമെന്ന പ്രത്യാശയിലാണ് ആരാധകര്‍.