Commonwealth Games 2030: 2030 കോമൺവെൽത്ത് വേദിയ്ക്ക് അപേക്ഷ സമർപ്പിക്കാൻ ഇന്ത്യ; അനുമതി ലഭിച്ചു
Commonwealth Games 2030 IOA Permission: 2030 കോമൺവെൽത്ത് വേദിയാവാൻ ഇന്ത്യ. അപേക്ഷ സമർപ്പിക്കാൻ ഐഒഎ അനുമതി നൽകി.
2030 കോമൺവെൽത്ത് ഗെയിംസിനുള്ള വേദിയ്ക്ക് അപേക്ഷ സമർപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. അപേക്ഷ സമർപ്പണത്തിന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ നിന്ന് അനുമതി ലഭിച്ചു. അഹ്മബാദാബാദ് വേദിയായാണ് കോമൺവെൽത്തിന് അപേക്ഷ സമർപ്പിക്കുക. ഈ മാസം 31 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
കോമൺവെൽത്ത് ഗെയിംസ് നടത്താനുള്ള ചിലവുകളെല്ലാം സർക്കാരാവും വഹിക്കുക. 2030 കോമൺവെൽത്ത് ഗെയിംസിന് വേദിയാവാൻ താത്പര്യമുണ്ടെന്ന് ഇന്ത്യ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ, അവസാന തീയതിയായ ഓഗസ്റ്റ് 31ന് മുൻപ് ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചാലേ വേദിയായി പരിഗണിക്കൂ.
“അപേക്ഷ സമർപ്പിക്കാനുള്ള അനുമതി ഐകകണ്ഠേന നൽകിയിട്ടുണ്ട്. ഇനി തയ്യാറെടുപ്പുകൾ ആരംഭിക്കും. 2030 കോമൺവെൽത്ത് ഗെയിംസ് വളരെ മികച്ച ഒരു ടൂർണമെൻ്റാവും. നമ്മൾ നന്നായി പ്രകടനം നടത്തുന്ന എല്ലാ മത്സരങ്ങളിലും കളിച്ച് പരമാവധി മെഡൽ നേടും.” ജനറൽ മീറ്റിങിന് ശേഷം ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി കല്യാൺ ചൗബേയും എക്സിക്യൂട്ടിവ് കൗൺസിൽ മെമ്പർ രോഹിത് രാജ്പാലും പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. 2026 ഗ്ലാസ്ഗോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായ ഹോക്കി, ബാഡ്മിൻ്റൺ, ഗുസ്തി, ഷൂട്ടിങ് തുടങ്ങിയവ ചിലവ് ചൂണ്ടിക്കാട്ടി നീക്കിയിരുന്നു. ഇതൊക്കെ 2030 ഒളിമ്പിക്സിലുണ്ടാവുമെന്നാണ് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പറയുന്നത്.
2030 കോമൺവെൽത്ത് ഗെയിംസ് വേദിയാവാനായി നേരത്തെ കാനഡയും രംഗത്തുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ കാനഡ വേദിയാവാനുള്ള താത്പര്യത്തിൽ നിന്ന് പിന്മാറി. ഇതോടെ 2030 കോമൺവെൽത്ത് വേദിയാവാനുള്ള ഇന്ത്യയുടെ സാധ്യതകൾ വർധിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
2010ലാണ് ഇന്ത്യ അവസാനമായി കോമൺവെൽത്ത് ഗെയിംസ് വേദിയായത്. ഡൽഹിയായിരുന്നു വേദി.