Asia Cup 2025: ഷാനക കളത്തിന് പുറത്ത്; സഞ്ജു നേരിട്ട് എറിഞ്ഞുകൊള്ളിച്ചിട്ടും ഔട്ടാവാതെ ബാറ്റർ: കാരണമറിയാം
Dasun Shanaka And Sanju Samson: ഇന്നലെ ശ്രീലങ്കക്കെതിരായ മത്സരത്തിൽ ദസുൻ ഷാനക റണ്ണൗട്ട് ആവാതിരുന്നത് എന്തുകൊണ്ടെന്ന് ക്രിക്കറ്റ് ആരാധകർ ചോദിക്കുന്നുണ്ട്. അതിൻ്റെ കാരണമറിയാം.

സഞ്ജു സാംസൺ, ദസുൻ ഷാനക
ശ്രീലങ്കക്കെതിരെ ഇന്നലെ നടന്ന സൂപ്പർ ഫോർ മത്സരത്തിൽ സൂപ്പർ ഓവറിലാണ് ഇന്ത്യ കളി വിജയിച്ചത്. ഇരു ടീമുകളും 202 റൺസ് വീതം നേടി. സൂപ്പർ ഓവറിൽ ശ്രീലങ്കയ്ക്ക് രണ്ട് റൺസ് മാത്രമേ നേടാനായുള്ളൂ. വിജയലക്ഷ്യമായ മൂന്ന് റൺസ് ആദ്യ ഓവറിൽ തന്നെ ഇന്ത്യ മറികടന്നു. സൂപ്പർ ഓവറിൽ ദസുൻ ഷാനക ക്രീസിന് പുറത്തുനിൽക്കെ സഞ്ജു നേരിട്ട് ത്രോ എറിഞ്ഞ് കൊള്ളിച്ചെങ്കിലും താരം ഔട്ടായിരുന്നില്ല. ഇതിന് പിന്നിൽ ഒരു ക്രിക്കറ്റ് നിയമമാണ്.
സൂപ്പർ ഓവറിലെ നാലാം പന്തിലാണ് സംഭവം നടന്നത്. അർഷീപ് എറിഞ്ഞ യോർക്കർ കളിക്കാൻ ശ്രമിച്ച ഷാനകയ്ക്ക് പന്ത് കണക്ട് ചെയ്യാനായില്ല. സഞ്ജു ക്യാച്ചെടുത്തപ്പോൾ ഇന്ത്യ അപ്പീൽ ചെയ്തു. അമ്പയർ ഔട്ട് നൽകി. ഈ സമയത്ത് ഷാനക സിംഗിളിന് ശ്രമിച്ചു. അവസരം നോക്കിനിന്ന സഞ്ജു പന്ത് നേരിട്ട് സ്റ്റമ്പിലെറിഞ്ഞ് കൊള്ളിച്ചു. ഇത് പരിഗണിക്കുമ്പോൾ ഷാനക ഔട്ടായിരുന്നു.
ഇതിനിടെ അമ്പയർ ഔട്ട് വിളിച്ചതിന് പിന്നാലെ ഷാനക തേർഡ് അമ്പയറിന് അപ്പീൽ നൽകി. ബാറ്റിൽ പന്ത് തട്ടിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അമ്പയർ നോട്ടൗട്ട് വിധിച്ചത്. എന്നാൽ, റണ്ണൗട്ടും അമ്പയർ നൽകിയില്ല. ഇന്ത്യൻ ടീം ഇത് എതിർത്തു.
ഐസിസിയുടെ നിയമം അനുസരിച്ച് ഇത്തരം സന്ദർഭങ്ങളിൽ ആദ്യത്തെ ഔട്ട് വിധിച്ചുകഴിഞ്ഞാൽ പന്ത് ഡെഡ് ബോൾ ആണ്. ഇവിടെ അമ്പയർ ആദ്യം ക്യാച്ച് വിധിച്ചു. അതോടെ പന്ത് ഡെഡ് ബോൾ ആയി. എന്നിട്ടാണ് സഞ്ജു നേരിട്ട് ത്രോ എറിഞ്ഞുകൊള്ളിക്കുന്നത്. അതുകൊണ്ട് തന്നെ അത് ഔട്ടല്ല. ഈ ബഹളത്തിനെല്ലാം ശേഷംതൊട്ടടുത്ത പന്തിൽ ജിതേഷ് പിടിച്ച് താരം പുറത്താവുകയും ചെയ്തു.