Vaibhav Sooryavanshi: വൈഭവ് സൂര്യവംശി സീനിയര്‍ ടീമിലേക്ക്; ഉറപ്പു നല്‍കി ബിസിസിഐ
BCCI vows full backing for Vaibhav Sooryavanshi: വൈഭവ് സൂര്യവംശി ഉടന്‍ ഇന്ത്യയുടെ സീനിയര്‍ ടീമിലെത്തിയേക്കുമെന്ന് സൂചന. താരത്തെ ക്രിക്കറ്റിന്റെ ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിക്കാൻ ബിസിസിഐ സാധ്യമായതെല്ലാം ചെയ്യുമെന്ന് സെക്രട്ടറി ദേവജിത് സൈകിയ. വൈഭവിനെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കുമെന്ന സൂചന ശക്തമാക്കുന്നതാണ് സൈകിയയുടെ പ്രതികരണം.

വൈഭവ് സൂര്യവംശി
BCCI statement on Vaibhav Sooryavanshi: വൈഭവ് സൂര്യവംശി ഉടന്‍ ഇന്ത്യയുടെ സീനിയര്‍ ടീമിലെത്തിയേക്കുമെന്ന് സൂചന. താരത്തെ ക്രിക്കറ്റിന്റെ ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിക്കാൻ ബിസിസിഐ സാധ്യമായതെല്ലാം ചെയ്യുമെന്ന് സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു. വൈഭവിനെ സീനിയര്‍ ടീമിലേക്ക് പരിഗണിക്കുമെന്ന സൂചന ശക്തമാക്കുന്നതാണ് ബിസിസിഐ സെക്രട്ടറിയുടെ ഈ പ്രതികരണം. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത രാജസ്ഥാന്‍ റോയല്‍സിന്റെ ഈ 15-കാരന്‍ ഓപ്പണറെ ദേവജിത് സൈകിയ പ്രശംസിച്ചു.
776 റണ്‍സാണ് ഈ ഐപിഎല്‍ സീസണില്‍ സൂര്യവംശി അടിച്ചുകൂട്ടിയത്. വെറും 15 വയസ്സും 65 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് സൂര്യവംശി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ് ജേതാവ് എന്ന പുതിയ റെക്കോർഡ് കുറിച്ചത്.
2025-ൽ 23 വയസ്സും 231 ദിവസവും പ്രായമുള്ളപ്പോൾ ഓറഞ്ച് ക്യാപ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ സായ് സുദർശന്റെ പേരിലായിരുന്നു ഇതിന് മുൻപ് ഈ റെക്കോർഡ് ഉണ്ടായിരുന്നത്. ഈ റെക്കോഡ് സൂര്യവംശി പഴങ്കഥയാക്കി. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ് ജേതാവെന്ന സൂര്യവംശിയുടെ നേട്ടത്തിന് അടുത്തകാലത്തൊന്നും ഇളക്കം തട്ടില്ലെന്നും ഉറപ്പാണ്.
ദേവജിത് സൈകിയ പറഞ്ഞത്
“ഇതൊരു മികച്ച സീസണായിരുന്നു. ഈ ഐപിഎല്ലിൽ എല്ലാ ആരാധകർക്കും മനോഹരമായ നിമിഷങ്ങള്‍ ലഭിച്ചുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തുടർച്ചയായി രണ്ടുതവണ ടൂർണമെന്റ് ജയിച്ച ആർസിബിക്ക് എന്റെ അഭിനന്ദനങ്ങൾ. വൈഭവ് സൂര്യവംശി വളർന്നുവരുന്ന താരമാണ്. അദ്ദേഹത്തിന് മികച്ചൊരു ഭാവിയുണ്ട്. അദ്ദേഹത്തെ ക്രിക്കറ്റിന്റെ ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിക്കാൻ ബിസിസിഐ സാധ്യമായതെല്ലാം ചെയ്യും”.
നിരവധി നേട്ടങ്ങള്‍
നിരവധി നേട്ടങ്ങളാണ് ഈ സീസണില്‍ വൈഭവ് സ്വന്തമാക്കിയത്. ടൂർണമെന്റ് ചരിത്രത്തിൽ ഒരു സീസണിൽ അഞ്ച് പ്രധാന വ്യക്തിഗത അവാർഡുകൾ നേടുന്ന ആദ്യ താരമായും വൈഭവ് മാറി. എമേർജിംഗ് പ്ലെയർ ഓഫ് ദി സീസൺ, സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസൺ, സൂപ്പർ സിക്സസ് ഓഫ് ദി സീസൺ, ഓറഞ്ച് ക്യാപ്പ്, മോസ്റ്റ് വാല്യൂബിൾ പ്ലെയർ എന്നീ അവാർഡുകള്‍ സ്വന്തമാക്കി.
16 മത്സരങ്ങളില്‍ നിന്ന് 237.30 എന്ന അതിശയകരമായ സ്‌ട്രൈക്ക് റേറ്റിലാണ് വൈഭവ് 776 റണ്‍സ് അടിച്ചുകൂട്ടിയത്. 103 റണ്‍സാണ് ഈ സീസണിലെ വൈഭവിന്റെ ഉയര്‍ന്ന സ്‌കോര്‍. രണ്ട് മത്സരങ്ങളില്‍ സെഞ്ചുറിക്ക് അരികിലെത്തി. ആകെ ഒരു സെഞ്ചുറിയും, അഞ്ച് അര്‍ധ സെഞ്ചുറിയുമാണ് വൈഭവ് ഈ ഐപിഎല്‍ സീസണില്‍ സ്വന്തമാക്കിത്. 63 ഫോറുകളും, 72 സിക്‌സറുകളും അടിച്ചുകൂട്ടി.
ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന നേട്ടവും ഇനി വൈഭവിന് സ്വന്തം. വൈഭവ് സൂര്യവംശിയെ എത്രയും വേഗം സീനിയര്‍ ടീമില്‍ കളിപ്പിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ഏഷ്യന്‍ ഗെയിംസിനുള്ള 30 അംഗ സാധ്യതാപ്പട്ടികയില്‍ വൈഭവിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
English Summary
At just 15 years old, Rajasthan Royals opener Vaibhav Sooryavanshi became the youngest-ever Orange Cap winner in IPL history by scoring 776 runs. He shattered the previous record held by Sai Sudharsan and also won five major individual awards, including Most Valuable Player. Following his stellar performance, BCCI Joint Secretary Devajit Saikia praised Suryavanshi and promised full support to transition him to the highest level of cricket. Amid growing fan demands for his senior team debut, the young prodigy has already been included in India’s 30-member probables squad for the Asian Games.