ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ; ടീമിൽ തുടരും
Harmanpreet Kaur stepped down as India captain: കഴിഞ്ഞ ഏതാനും മാസങ്ങളിലെ ടീമിന്റെ പ്രകടനവും ഭാവിയിലേക്കുള്ള കർമ്മപദ്ധതിയും വിലയിരുത്തുന്നതിനായി ഗുവാഹത്തിയിൽ ചേർന്ന ബിസിസിഐ (BCCI) അവലോകന യോഗത്തിന് പിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. സോഷ്യൽ മീഡിയയിലൂടെ വൈകാരികമായ കുറിപ്പ് പങ്കുവച്ചുകൊണ്ട് ക്യാപ്റ്റൻ സ്ഥാനത്തുനിന്നുള്ള പടിയിറക്കം ഹർമൻപ്രീത് പ്രഖ്യാപിക്കുകയായിരുന്നു.

Harmanpreet Kaur Steps Down As Indian Women's Cricket Team Captain
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ. ഇന്ത്യയെ ഏകദിന ലോകകപ്പ് കിരീട നേട്ടത്തിലേക്കും ഏഷ്യൻ ഗെയിംസ് സ്വർണനേട്ടത്തിലേക്കും ഉൾപ്പെടെ നയിച്ചതിന് പിന്നാലെയാണ് ഹർമൻപ്രീത് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം രാജി വച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളിലെ ടീമിന്റെ പ്രകടനവും ഭാവിയിലേക്കുള്ള കർമ്മപദ്ധതിയും വിലയിരുത്തുന്നതിനായി ഗുവാഹത്തിയിൽ ചേർന്ന ബിസിസിഐ (BCCI) അവലോകന യോഗത്തിന് പിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. സോഷ്യൽ മീഡിയയിലൂടെ വൈകാരികമായ കുറിപ്പ് പങ്കുവച്ചുകൊണ്ട് ക്യാപ്റ്റൻ സ്ഥാനത്തുനിന്നുള്ള പടിയിറക്കം ഹർമൻപ്രീത് പ്രഖ്യാപിക്കുകയായിരുന്നു.
ഹർമൻപ്രീതിന് പകരം, ദീർഘകാലമായി വൈസ് ക്യാപ്റ്റനായിരുന്ന സ്മൃതി മന്ഥാന ഇനി ഇന്ത്യൻ ടീമിനെ നയിക്കും എന്നാണ് സൂചന. 2013 ലാണ് ഹർമൻപ്രീത് ഏകദിന ക്യാപ്റ്റനാകുന്നത്. 2016 ൽ ടി20യുടെ നായകസ്ഥാനവുമേറ്റെടുത്തു. 2022 ലാണ് എല്ലാ ഫോർമാറ്റിലും ടീമിനെ നയിച്ച് തുടങ്ങിയത്. ഹർമൻപ്രീതിന് കീഴിൽ ഇന്ത്യൻ ടീം സുപ്രധാനമായ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു.
Also Raed: വൃശ്ചികത്തിലെ അസ്തമയ സൂര്യന്റെ ഭംഗിയോടെ മെസി; അർജന്റീനയിൽ ഇന്ന് യുഗാന്ത്യം! ചിത്രങ്ങൾ
“ഇന്ന്, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഞാൻ പടിയിറങ്ങുന്നു. ഇതൊരു എളുപ്പമുള്ള തീരുമാനമല്ല. വർഷങ്ങളുടെ ഓർമ്മകളും വികാരങ്ങളും ത്യാഗങ്ങളും ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുന്ന നിമിഷങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ടീമിനും ഇന്ത്യൻ വനിതാ ക്രിക്കറ്റിനും വേണ്ടി ഞാൻ എന്റെ സർവ്വസ്വവും നൽകിയിട്ടുണ്ട് – എന്റെ രക്തവും വിയർപ്പും സമയവും, പലപ്പോഴും എന്റെ സ്വന്തം കളിയിലെ പ്രകടനവും വ്യക്തിപരമായ അഭിലാഷങ്ങളും പോലും ഇതിനായി മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്.”
“ഒരു ക്യാപ്റ്റൻ എന്ന നിലയിൽ എനിക്ക് പലപ്പോഴും കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നിട്ടുണ്ട്. എല്ലായ്പ്പോഴും എളുപ്പമല്ലാത്തതും, എല്ലാവർക്കും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയാത്തതും, ചിലപ്പോൾ വ്യക്തിപരമായ നഷ്ടങ്ങൾ വരുത്തിവെച്ചതുമായ തീരുമാനങ്ങൾ. എന്നാൽ ഞാൻ എടുത്ത ഓരോ തീരുമാനത്തിനും പിന്നിൽ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ – ഈ ടീമിനെ കൂടുതൽ മികച്ചതാക്കുക, ഒപ്പം മറ്റ് കളിക്കാർക്ക് വളരാനും സ്വയം വിശ്വസിക്കാനും അവരുടെ ഏറ്റവും മികച്ച രൂപത്തിലേക്ക് മാറാനുമുള്ള അവസരം നൽകുക.”
“ഞാൻ എല്ലാം കണ്ടിട്ടുണ്ട്. ഏറ്റവും മോശമായ നിമിഷങ്ങൾ, ഹൃദയഭേദകമായ അനുഭവങ്ങൾ, വിമർശനങ്ങൾ, സംശയങ്ങൾ, കാര്യങ്ങളൊന്നും നമുക്ക് അനുകൂലമല്ലാത്ത ദിവസങ്ങൾ എന്നിവയെല്ലാം ഞാൻ കണ്ടു. ഒപ്പം ഏറ്റവും മികച്ച നിമിഷങ്ങളും ഞാൻ അനുഭവിച്ചിട്ടുണ്ട് – വിജയങ്ങൾ, ആഘോഷങ്ങൾ, രാജ്യത്തെ പ്രതിനിധീകരിക്കുന്നതിലെ അഭിമാനം, ഒപ്പം നടത്തിയ എല്ലാ ത്യാഗങ്ങളും അർത്ഥവത്താണെന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ.”
“വികാരനിർഭരമായ മനസ്സോടെയാണ് ഞാൻ ഇന്ന് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്, എന്നാൽ ഒപ്പം മനസ്സമാധാനവുമുണ്ട്. കാരണം, എന്റെ ടീം ഇപ്പോൾ സുരക്ഷിതമായ ഒരു അവസ്ഥയിലാണെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്”. പ്രതിഭയും വ്യക്തിത്വവും ആത്മവിശ്വാസവുമുള്ള ഒരു ടീം; അവരുടെ ഭാവി കാണാനും അതിൽ ഭാഗമാകാനും ഞാൻ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നു”.
”എന്റെ കടമ ഞാൻ നിറവേറ്റിയെന്ന് എനിക്ക് തോന്നുന്നു. ഈ ടീമിനായി എനിക്കാവുന്നതെല്ലാം ഞാൻ നൽകി. അഭിമാനത്തോടെയാണ് ഞാൻ ആ ഉത്തരവാദിത്തം വഹിച്ചത്; ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ നയിക്കാൻ ലഭിച്ച ആ ഭാഗ്യത്തിന് ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും”. ഇനി ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക് കടക്കേണ്ട സമയമായിരിക്കുന്നു. ക്യാപ്റ്റൻ സ്ഥാനം ഇന്ന് അവസാനിച്ചേക്കാം, എന്നാൽ ഇന്ത്യൻ ക്രിക്കറ്റിനോടുള്ള എന്റെ സ്നേഹം ഒരിക്കലും അവസാനിക്കില്ല”.
”ഉയർച്ചയിലും താഴ്ചയിലും എനിക്കൊപ്പം നിന്ന ഓരോ സഹതാരത്തിനും പരിശീലകനും സപ്പോർട്ട് സ്റ്റാഫിനും മാനേജ്‌മെന്റിനും ബിസിസിഐയ്ക്കും കുടുംബാംഗങ്ങൾക്കും ഓരോ ആരാധകനും നന്ദി പറയുന്നു. വിയർപ്പും രക്തവും ത്യാഗവും അഭിമാനവും – എല്ലാം ഞാൻ ഇതിനായി നൽകി. ഇനി, കളിയോടുള്ള സ്നേഹത്തിനായി മാത്രം കളിക്കാൻ ഞാൻ തയ്യാറാണ്. ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നു, പക്ഷേ യാത്ര തുടരുന്നു,” എന്ന് ഹർമൻപ്രീത് വിടവാങ്ങൽ അറിയിച്ചുകൊണ്ട് കുറിച്ചു.
സമീപകാലത്തായി ഹർമൻപ്രീതിനെതിരേ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വർഷം ടി20 ലോകകപ്പ് സെമിഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ ഇന്ത്യ പരാജയപ്പെട്ടതും, ടി20 ഫോർമാറ്റിലുൾപ്പെടെ ബാറ്റിംഗിലെ മോശം പ്രകടനവും കാരണം ഹർമൻപ്രീത് സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമാകാൻ സാഹചര്യമൊരുക്കി. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജി. ക്യാപ്റ്റൻ സ്ഥാനം എന്ന ഭാരം ഒഴിവാക്കി തന്റെ ബാറ്റിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പുതിയ തീരുമാനം ഹർമൻപ്രീതിനെ സഹായിക്കും എന്ന് കരുതപ്പെടുന്നു.
English Summary
Harmanpreet Kaur has stepped down as the captain of the Indian women’s cricket team. She has resigned from the captaincy across all formats of the game after leading India to victories including the ODI World Cup title and the Asian Games gold medal.