T20 Champions League: ചാമ്പ്യന്‍സ് ലീഗ് റിട്ടേണ്‍സ്; മണ്‍മറഞ്ഞുപോയ ടൂര്‍ണമെന്റിനെ തിരികെയെത്തിക്കാന്‍ ഐസിസി
T20 Champions League set to return: ഏറ്റവും ഒടുവില്‍ നടന്ന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു ജേതാക്കള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റണ്ണേഴ്‌സ് അപ്പുകളായി. ഐപിഎൽ, ബിബിഎൽ, പിഎസ്എൽ, എസ്എ20, ദി ഹണ്ട്രഡ് ഉള്‍പ്പെടെയുള്ള വിവിധ ടൂര്‍ണമെന്റുകളിലെ ടീമുകള്‍ 2026ല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റുമുട്ടിയേക്കും

ഐപിഎല്‍ കിരീടവുമായി ആര്‍സിബി താരങ്ങള്‍
ടി20 ചാമ്പ്യന്‍സ് ലീഗ് പുനഃരാരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സിഡ്‌നി മോർണിംഗ് ഹെറാൾഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടൂര്‍ണമെന്റ് തിരിച്ചെത്തിക്കാന്‍ ഐസിസി അനുമതി നല്‍കിയതായാണ് വിവരം. അടുത്ത വർഷം സെപ്റ്റംബറില്‍ ടൂര്‍ണമെന്റ് പുനഃരാരംഭിക്കാനാണ് നീക്കം. സിംഗപ്പൂരിൽ നടന്ന ഐസിസിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തത്. ടൂര്‍ണമെന്റ് വീണ്ടും തുടങ്ങുന്നതിന് യോഗത്തില്‍ കൗണ്‍സില്‍ പിന്തുണ നല്‍കുകയായിരുന്നു.
2008ലാണ് ചാമ്പ്യന്‍സ് ലീഗ് ആരംഭിക്കാന്‍ തീരുമാനമായത്. എന്നാല്‍ 2014ല്‍ പൂട്ടിക്കെട്ടി. സ്‌പോണ്‍സര്‍ഷിപ്പ് വിഷയങ്ങളും, കാണികളുടെ എണ്ണം കുറഞ്ഞതുമടക്കമുള്ള വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്ന് ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്.
ഐപിഎല്ലില്‍ നിന്നും, വിവിധ രാജ്യങ്ങളിലെ സമാന ടൂര്‍ണമെന്റുകളില്‍ നിന്നും ടീമുകള്‍ ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുത്തിരുന്നു. കൂടുതല്‍ തവണയും ജേതാക്കളായത് ഐപിഎല്‍ ടീമുകളാണ്. ഏറ്റവും ഒടുവില്‍ നടന്ന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു ജേതാക്കള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റണ്ണേഴ്‌സ് അപ്പുകളായി. ഐപിഎൽ, ബിബിഎൽ, പിഎസ്എൽ, എസ്എ20, ദി ഹണ്ട്രഡ് ഉള്‍പ്പെടെയുള്ള വിവിധ ടൂര്‍ണമെന്റുകളിലെ ടീമുകള്‍ 2026ല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റുമുട്ടിയേക്കും.
താരങ്ങള്‍ കുഴങ്ങും?
ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. അതുകൊണ്ട് അവര്‍ക്ക് ചാമ്പ്യന്‍സ് ലീഗില്‍ ടീം തിരഞ്ഞെടുക്കുന്നതില്‍ മറ്റ് പ്രശ്‌നങ്ങളില്ല. എന്നാല്‍ വിദേശ താരങ്ങള്‍ വിവിധ ടീമുകളുടെ ഭാഗമാണ്.
ഉദാഹരണത്തിന് ഓസീസ് താരം, മിച്ചല്‍ മാര്‍ഷ് ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെയും, ബിഗ് ബാഷില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സിന്റെയും താരമാണ്. ഈ രണ്ടും ടീമുകളും ചാമ്പ്യന്‍സ് ലീഗില്‍ കളിച്ചാല്‍ മാര്‍ഷ് ഏത് ടീമില്‍ കളിക്കേണ്ടി വരുമെന്നതിലാണ് ആശയക്കുഴപ്പം. ഇത് ഒരു ഉദാഹരണം മാത്രം. സമാന സാഹചര്യമുള്ള നിരവധി താരങ്ങളുണ്ട്. ഇക്കാര്യങ്ങളില്‍ പരിഹാരമുണ്ടാക്കുകയാണ് പ്രധാന വെല്ലുവിളി.