Sanju Samson: ‘കണക്കുകൾ മുഴുവൻ കഥയും നിങ്ങളോട് പറയണമെന്നില്ല’; രാജ്യാന്തര ക്രിക്കറ്റില്‍ 10 വര്‍ഷം തികച്ചതിനെക്കുറിച്ച് സഞ്ജു
Sanju Samson on completing 10 years in international cricket: 2015 സെപ്തംബര്‍ 19ന് സിംബാബ്‌വെയ്‌ക്കെതിരെ നടന്ന ടി20 മത്സരത്തിലാണ് സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. പരിക്കേറ്റ അമ്പാട്ടി റായിഡുവിനാണ് പകരമാണ് അന്ന് താരം ടീമിലെത്തിയത്
രാജ്യാന്തര ക്രിക്കറ്റില്‍ 10 വര്‍ഷം തികച്ചതിനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജു അരങ്ങേറ്റം കുറിച്ചതിന്റെ പത്താം വാര്‍ഷികമായിരുന്നു ഇന്നലെ (ജൂലൈ 19). ‘അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10 വർഷങ്ങൾ തികയുന്നു. കണക്കുകൾ മുഴുവൻ കഥയും നിങ്ങളോട് പറയണമെന്നില്ല. ഈ അനുഗ്രഹീത യാത്രയ്ക്ക് തികച്ചും നന്ദി. അതിലെ ഓരോ ഭാഗവും ഇഷ്ടപ്പെടുന്നു’-സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ടി20 ലോകകപ്പ് കിരീടം പിടിച്ചുള്ള ചിത്രവും, സെഞ്ചുറി നേടിയപ്പോഴുള്ള ആഘോഷപ്രകടനങ്ങളുടെ ഫോട്ടോകളും ഉള്‍പ്പെടുത്തിയാണ് സഞ്ജു കുറിപ്പ് പങ്കുവച്ചത്. ടി20യിലെ അരങ്ങേറ്റ മത്സരത്തില്‍ മുരളി വിജയിയായിരുന്നു സഞ്ജുവിന് ക്യാപ് കൈമാറിയത്. ഈ ദൃശ്യം സഞ്ജു ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും പങ്കുവച്ചു.




View this post on Instagram
2015 സെപ്തംബര്‍ 19ന് ഹരാരെയില്‍ സിംബാബ്‌വെയ്‌ക്കെതിരെ നടന്ന ടി20 മത്സരത്തിലാണ് സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. പരിക്കേറ്റ അമ്പാട്ടി റായിഡുവിനാണ് പകരമാണ് അന്ന് താരം ടീമിലെത്തിയത്. 2014ല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
എന്നാല്‍ ആദ്യ മത്സരത്തില്‍ താരത്തിന് തിളങ്ങാനായില്ല. 19 റണ്‍സ് മാത്രമാണ് നേടാനായത്. തുടര്‍ന്ന് കയറ്റിറങ്ങള്‍ നിറഞ്ഞതായിരുന്നു സഞ്ജുവിന്റെ രാജ്യാന്തര കരിയര്‍. പലതവണ ടീമില്‍ നിന്നു തഴഞ്ഞു. പതിനഞ്ചംഗ ടീമിലെത്തിയിട്ടും പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കാനും താരം ഏറെ കാത്തിരുന്നു. കിട്ടുന്ന അവസരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിന് സാധിച്ചിരുന്നില്ല.
ഒടുവില്‍ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിയെങ്കിലും അവിടെയും കളിക്കാന്‍ അവസരം ലഭിച്ചില്ല. പിന്നീട് ബംഗ്ലാദേശിനെതിരെ നടന്ന ടി20 പരമ്പരയില്‍ സെഞ്ചുറി നേടിയതോടെയാണ് താരം ടീമിലെ സ്ഥാനം അരക്കിട്ടുറപ്പിച്ചത്. 2021 ജൂലൈ 23നായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. ഏകദിനത്തില്‍ കിട്ടിയ അവസരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിട്ടും ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെയുള്ള പരമ്പരകളില്‍ താരത്തിന് ടീമിലിടം നേടാനായില്ല.