India vs England: പരിക്കുകള്‍ വരിഞ്ഞുമുറുക്കിയത് പ്രതിസന്ധി; മാഞ്ചസ്റ്റില്‍ പ്ലേയിങ് ഇലവന്‍ പൊളിച്ചെഴുതാന്‍ ഇന്ത്യ
India vs England fourth test preview in Malayalam: ആദ്യ മൂന്ന് ടെസ്റ്റിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്ത കരുണ്‍ നായര്‍ക്ക് മാഞ്ചസ്റ്ററില്‍ അവസരം ലഭിക്കുമോയെന്നതിലാണ് ആകാംക്ഷ. താരത്തിന് ഒരു അവസരം കൂടി ലഭിച്ചേക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം നാളെ മാഞ്ചസ്റ്ററില്‍ ആരംഭിക്കും. പരമ്പരയില്‍ 2-1ന് പിന്നിലുള്ള ഇന്ത്യയ്ക്ക് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരം ഏറെ നിര്‍ണായകമാണ്. നാലാം ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പരയില്‍ ഒപ്പമെത്താനാകും. നാലാം ടെസ്റ്റില്‍ വിജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം. മത്സരം സമനിലയിലായാല്‍ അഞ്ചാം മത്സരം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാകും. പരിക്കുകളാണ് ഇന്ത്യന്‍ ക്യാമ്പിനെ വലയ്ക്കുന്നത്. നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, ആകാശ് ദീപ്, ഋഷഭ് പന്ത് എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്.
നിതീഷും, അര്‍ഷ്ദീപും നാലാം മത്സരം കളിക്കില്ലെന്ന് വ്യക്തമാണ്. ആകാശ് ദീപിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. പരിക്കിന്റെ പിടിയിലുള്ള ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് സ്‌പെഷ്യലിസ്റ്റ് ബാറ്ററായാകും കളിക്കുന്നത്. ധ്രുവ് ജൂറല്‍ വിക്കറ്റ് കീപ്പറാകും.
മാഞ്ചസ്റ്ററില്‍ ജസ്പ്രീത് ബുംറ കളിക്കുമോയെന്ന് വ്യക്തമല്ല. താരത്തിന് വിശ്രമം നല്‍കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും കൂടുതല്‍ ബൗളര്‍മാര്‍ പരിക്കിന്റെ പിടിയിലായതോടെ മാനേജ്‌മെന്റ് പുനര്‍വിചിന്തനം നടത്താനാണ് സാധ്യത.




താരങ്ങളുടെ പരിക്കിന്റെ പശ്ചാത്തലത്തില്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റിന് തൊട്ടുമുമ്പ് ടീമിലിടം നേടിയ അന്‍ഷുല്‍ കാംബോജ് അന്തിമ ഇലവനില്‍ ഇടം നേടാനാണ് സാധ്യത. ആദ്യ മൂന്ന് ടെസ്റ്റിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്ത കരുണ്‍ നായര്‍ക്ക് മാഞ്ചസ്റ്ററില്‍ അവസരം ലഭിക്കുമോയെന്നതിലാണ് ആകാംക്ഷ. താരത്തിന് ഒരു അവസരം കൂടി ലഭിച്ചേക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കരുണ്‍ കളിച്ചില്ലെങ്കില്‍ സായ് സുദര്‍ശന്‍ ഇടം നേടിയേക്കും.
ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, കരുണ്‍ നായര്‍/സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, ധ്രുവ് ജൂറല്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ/കുൽദീപ് യാദവ്/ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, അൻഷുൽ കാംബോജ്.
ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവന്‍ നേരത്തെ പുറത്തുവിട്ടിരുന്നു. പരിക്കേറ്റ ഷോയിബ് ബഷീറിന് പകരം ലിയം ഡോംസണ്‍ അന്തിമ ഇലവനിലെത്തി. ഇംഗ്ലണ്ട് ഇലവൻ: സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്, ജാമി സ്മിത്ത്, ലിയാം ഡോസൺ, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ.