U19 Cricket World Cup: തകര്‍പ്പന്‍ സെഞ്ചുറി നേടിയ ശേഷം വൈഭവ് മടങ്ങി; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍
U19 Cricket World Cup India vs England Final: അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്‌കോര്‍. വൈഭവ് സൂര്യവംശിയുടെ സെഞ്ചുറി മികവില്‍ ഇന്ത്യ നേടിയത് 411 റണ്‍സ്.

Vaibhav Sooryavanshi
ഹരാരെ: വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ. നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സാണ് ഇന്ത്യ നേടിയത്. വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. താരം 80 പന്തില്‍ 175 റണ്‍സ് നേടി പുറത്തായി. 55 പന്തിലാണ് വൈഭവ് സെഞ്ചുറി തികച്ചത്. 15 വീതം സിക്‌സും ഫോറും അടങ്ങുന്നതായിരുന്നു വൈഭവിന്റെ പ്രകടനം. മാന്നി ലംഡ്‌സെന്റെ പന്തില്‍ തോമസ് റ്യൂവിന് ക്യാച്ച് നല്‍കിയാണ് വൈഭവ് പുറത്തായത്.
ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ ആയുഷ് മാത്രെ ഫൈനലില്‍ തിളങ്ങിയതും ഇന്ത്യയ്ക്ക് ആശ്വാസമായി. 51 പന്തില്‍ 53 റണ്‍സാണ് മാത്രെ നേടിയത്. മികച്ച ഫോമിലുള്ള മലയാളി താരം ആരോണ്‍ ജോര്‍ജിന് ഫൈനലില്‍ തിളങ്ങാനായില്ല. ആരോണ്‍ 11 പന്തില്‍ ഒമ്പത് റണ്‍സെടുത്ത് പുറത്തായി.
വൈഭവ് സെഞ്ചുറി നേടുന്നു
31 പന്തില്‍ 40 റണ്‍സെടുത്ത അഭിഗ്യാന്‍ അഭിഷേക് കുന്ദു, 36 പന്തില്‍ 32 റണ്‍സെടുത്ത വേദാന്ത് അല്‍പേഷ്‌കുമാര്‍ ത്രിവേദി, 36 പന്തില്‍ 30 റണ്‍സെടുത്ത വിഹാന്‍ മനോജ് മല്‍ഹോത്ര, പുറത്താകാതെ 20 പന്തില്‍ 37 റണ്‍സ് നേടിയ കനിഷ്‌ക് ചൗഹാന്‍ എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ആംബ്രിഷ് ആര്‍എസ്-24 പന്തില്‍ 18, ഖിലന്‍ പട്ടേല്‍-നാല് പന്തില്‍ മൂന്ന്, ഹെനില്‍ പട്ടേല്‍-ഏഴു പന്തില്‍ അഞ്ച് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ഇംഗ്ലണ്ടിനായി ജെയിംസ് മിന്റോ മൂന്ന് വിക്കറ്റ് വീഴ്ത്തി. സെബാസ്റ്റ്യന്‍ മോര്‍ഗന്‍, അലക്‌സ് ഗ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, മാനി ലംഡ്‌സെന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.