India W vs South Africa W: അവസാന ഓവര്‍ വരെ ആവേശം; ഒടുവില്‍ ഇന്ത്യയ്ക്ക് തോല്‍വി
SA Women Defeat IND Women by 6 Wickets: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ആറു വിക്കറ്റിന് തോല്‍പിച്ചു. 159 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അവസാന ഓവറിലെ ആദ്യ പന്തില്‍ മറികടന്നു.

India W vs South Africa W
വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ആറു വിക്കറ്റിന് തോല്‍പിച്ചു. 159 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അവസാന ഓവറിലെ ആദ്യ പന്തില്‍ മറികടന്നു. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 158, ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ നാലു വിക്കറ്റിന് 161. പുറത്താകാതെ 45 പന്തില്‍ 81 റണ്‍സെടുത്ത മാരിസാൻ കാപ്പാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. ഏഴ് ഫോറും, നാല് സിക്‌സും അടങ്ങുന്നതായിരുന്നു കാപ്പിന്റെ പ്രകടനം. രണ്ട് വിക്കറ്റ് വീഴ്ത്തിയ കാപ്പ് ഓള്‍ റൗണ്ട് മികവ് പുറത്തെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായ നാലു വിക്കറ്റുകളും ശ്രീ ചരണിയാണ് സ്വന്തമാക്കിയത്. മറ്റ് ബൗളര്‍മാര്‍ നിരാശപ്പെടുത്തി. ചേസിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍മാരായ ലോറ വോൾവാർഡും, ടാസ്മിൻ ബ്രിട്ട്‌സും മികച്ച തുടക്കമാണ് നല്‍കിയത്. ലോറ വോള്‍വാര്‍ഡ് 21 പന്തില്‍ 20 റണ്‍സെടുത്തും, ടാസ്മിന്‍ ബ്രിട്ട്‌സ് 36 പന്തില്‍ 40 റണ്‍സുമായും പുറത്തായി.
വണ്‍ ഡൗണായെത്തിയ ആനെറി ഡെർക്‌സെന് രണ്ടു പന്തുകള്‍ നേരിടാനെ സാധിച്ചുള്ളൂ. താരത്തെ ശ്രീചരണി പൂജ്യത്തിന് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ഏഴ് പന്തില്‍ അഞ്ച് റണ്‍സെടുത്ത നദീൻ ഡി ക്ലെർക്കിനെയും ശ്രീ ചരണി പുറത്താക്കിയതോടെ ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷകള്‍ ഉണര്‍ന്നു. എന്നാല്‍ ക്ലോ ട്രിയോണൊപ്പം (പുറത്താകാതെ നാലു പന്തില്‍ 10 റണ്‍സ്) ചേര്‍ന്ന് കാപ്പ് പ്രോട്ടീസിന് വിജയം സമ്മാനിച്ചു.
ഷഫാലി ടോപ് സ്‌കോറര്‍
ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും, ഷഫാലി വര്‍മ്മയും തരക്കേടില്ലാത്ത തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ മൂന്നോവറില്‍ ഇരുവരും ഇന്ത്യയ്ക്ക് 30 റണ്‍സ് സമ്മാനിച്ചു. 12 പന്തില്‍ 17 റണ്‍സെടുത്ത സ്മൃതിയെ പുറത്താക്കി മാരിസാൻ കാപ്പാണ് കൂട്ടുക്കെട്ട് പൊളിച്ചത്. മികച്ച ഫോമിലായിരുന്ന ഷഫാലിയെ ഇന്ത്യയുടെ സ്‌കോര്‍ 50 പിന്നിട്ടതിന് തൊട്ടുപിന്നാലെ ഷബ്നിം ഇസ്മായിൽ പുറത്താക്കി. 15 പന്തില്‍ 31 റണ്‍സ് നേടിയ ഷഫാലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
മോശം ഫോമിലായ യാസ്തിക ഭാട്ടിയക്കും, ജെമീമ റോഡ്രിഗസിനും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും തിളങ്ങാനായില്ല. 13 പന്തില്‍ 15 റണ്‍സെടുത്ത് യാസ്തിക പുറത്തായി. 14 പന്തില്‍ 12 റണ്‍സായിരുന്നു ജെമീമയുടെ സംഭാവന.
തുടര്‍ന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും, ദീപ്തി ശര്‍മയും നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ദീപ്തി 21 പന്തില്‍ 29 റണ്‍സെടുത്തു. 22 പന്തില്‍ 24 റണ്‍സായിരുന്നു ഹര്‍മന്‍പ്രീതിന്റെ സംഭാവന. മധ്യനിരയില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന റിച്ച ഘോഷ് 14 പന്തില്‍ 15 റണ്‍സുമായി മടങ്ങി. അരുന്ധതി റെഡ്ഡി ഏഴു പന്തില്‍ ആറു റണ്‍സുമായും, പ്രേമ റാവത്ത് രണ്ട് പന്തില്‍ മൂന്ന് റണ്‍സുമായും പുറത്താകാതെ നിന്നു.
മാരിസാൻ കാപ്പിനെ കൂടാതെ ഷബ്നിം ഇസ്മായിയിലും രണ്ട് വിക്കറ്റ് നേടി. നോങ്കുലുലെക്കോ മ്ലാബ, അയബോംഗ ഖാക്ക, നദീൻ ഡി ക്ലെർക്ക് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. 25-ന് ബംഗ്ലാദേശിനെതിരെയാണ് അടുത്ത മത്സരം.
English Summary
South Africa defeated India by 6 wickets in the Women’s T20 World Cup, marking India’s first loss. Chasing India’s target of 158 runs, South Africa reached 161 for 4 in 19.1 overs. Marizanne Kapp starred for South Africa with an unbeaten 81 runs and two wickets. Shafali Verma was India’s top scorer with 31 runs, while Sree Charani took all 4 South African wickets.