India vs England: പിച്ചിൽ നിന്ന് മാറിനിൽക്കാൻ വീണ്ടും ക്യുറേറ്ററുടെ ആവശ്യം; ഇത്തവണ അനുസരിച്ച് ഗംഭീർ
Oval Pitch Curator Lee Fortis vs Gautam Gambhir: പിച്ചിൽ നിന്ന് മാറിനിൽക്കാനുള്ള ആവശ്യവുമായി ഓവൽ ക്യുറേറ്റർ വീണ്ടും. ഗൗതം ഗംഭീറും ശുഭ്മൻ ഗില്ലും അടങ്ങുന്ന സംഘത്തോടാണ് ആവശ്യം.

ലീ ഫോർട്ടിസ്, ഗൗതം ഗംഭീർ
പിച്ചിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ട ഓവൽ ക്യുറേറ്റർ ലീ ഫോർട്ടിസുമായി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ തർക്കിച്ചത് ചർച്ചയായിരുന്നു. ഫോർട്ടിസിൻ്റെ പെരുമാറ്റം വ്യാപകമായി വിമർശിക്കപ്പെടുകയും ചെയ്തു. വിവാദങ്ങൾക്കിടെ വീണ്ടും ഫോർട്ടിസ് ഇന്ത്യൻ സംഘത്തോട് പിച്ചിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. ഇതിൻ്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പിച്ചിൻ്റെ ഒരു വശത്തോട് ചേർന്നാണ് പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ഉൾപ്പെടെയുള്ള ഇന്ത്യൻ സംഘം സംസാരിച്ചുകൊണ്ട് നിന്നത്. ഈ സമയത്ത് അടുത്തേക്ക് വന്ന ഫോർട്ടിസ് പിച്ചിൽ നിന്ന് മാറിനിൽക്കാൻ ഇവരോട് ആവശ്യപ്പെട്ടു. ഫോർട്ടിസ് സംസാരിച്ചുകൊണ്ടിരുന്നെങ്കിലും അദ്ദേഹത്തെ നോക്കാൻ പോലും ഗംഭീർ തയ്യാറായില്ല. എങ്കിലും ക്യുറേറ്ററുടെ ആവശ്യം മാനിച്ച് സംഘം പിച്ചിൻ്റെ ഒരു എൻഡിലേക്ക് മാറിനിന്നു.
വൈറൽ വിഡിയോ കാണാം
When Lee Fortis met Gautam Gambhir again…#ENGvsIND pic.twitter.com/rw9JLgqD8N
— Sandipan Banerjee (@im_sandipan) July 30, 2025
ഇന്ത്യൻ ടീം പരിശീലനത്തിനായി എത്തിയപ്പോഴായിരുന്നു നേരത്തെ ഫോർട്ടിസിൻ്റെ ഇടപെടൽ. പിച്ചിൽ നിന്ന് രണ്ടര മീറ്റർ മാറിനിന്നേ പരിശോധന നടത്താവൂ എന്ന് ഫോർട്ടിസ് ഇന്ത്യയുടെ സപ്പോർട്ട് സ്റ്റാഫിന് നിർദ്ദേശം നൽകിയത് പ്രശ്നങ്ങൾക്ക് തുടക്കമിട്ടു. ഗംഭീറിനോട് പിച്ചിൽ നിന്ന് മാറിനിൽക്കണമെന്നാവശ്യപ്പെട്ട ക്യുറേറ്റർ പിന്നീട് ഐസ് ബോക്സ് എടുക്കാൻ പിച്ചിൽ കയറിയ സപ്പോർട്ട് സ്റ്റാഫിൽ ഒരാളോട് ദേഷ്യപ്പെട്ടു. ഇത് ഗംഭീറിനെ ചൊടിപ്പിക്കുകയായിരുന്നു.
താങ്കൾ ഒരു ഗ്രൗണ്ട്സ്റ്റാഫ് മാത്രമാണെന്ന് ഗംഭീർ ഫോർട്ടിസിനോട് പറഞ്ഞിരുന്നു. തങ്ങൾ എന്തുചെയ്യണമെന്ന് താൻ പറയണ്ട. പറയാൻ തനിക്കൊരു അവകാശവുമില്ല. ഒരു ഗ്രൗണ്ട്സ്മാൻ എന്നതിനപ്പുറം താൻ ആരുമല്ല എന്നും ഗംഭീർ ഫോർട്ടിസിനോട് പറഞ്ഞു. ഇത് താൻ റിപ്പോർട്ട് ചെയ്യും എന്നായിരുന്നു ഫോർട്ടിസിൻ്റെ മറുപടി.
ഈ മാസം 31നാണ് പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുക. നാല് മത്സരങ്ങൾ അവസാനിച്ചപ്പോൾ 2-1ന് ഇംഗ്ലണ്ട് പരമ്പരയിൽ മുന്നിലാണ്.