India vs England: മക്കല്ലം ചവിട്ടിനിന്ന പിച്ചിൽ ഗംഭീറിനോട് മാറിനിൽക്കാൻ ആവശ്യം; ക്യുറേറ്ററുമായി കോർത്ത് ഇന്ത്യൻ പരിശീലകൻ
Gautam Gambhir Argue With Lee Fortis: ഓവൽ പിച്ച് ക്യുറേറ്റർ ലീ ഫോർട്ടിസും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ വാക്കുതർക്കം. പിച്ച് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കം വിവാദത്തിലായിരിക്കുകയാണ്.
ഓവൽ ടെസ്റ്റ് ആരംഭിക്കുന്നതിന് മുൻപ് തന്നെ വിവാദം. പിച് ക്യുറേറ്ററും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും തമ്മിലുള്ള തർക്കമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇംഗ്ലണ്ട് പരിശീലകൻ ബ്രണ്ടൻ മക്കല്ലം ചവിട്ടിനിന്ന പിച്ചിൽനിന്ന് എട്ടടി മാറിനിൽക്കാൻ ക്യുറേറ്റർ ഗംഭീറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് തർക്കത്തിന് കാരണം. ഇരുവരും തമ്മിലുള്ള തർക്കത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
മുൻപും ധാർഷ്ട്യത്തിൻ്റെ പേരിൽ കുപ്രസിദ്ധനായ ഓവൽ പിച്ച് ക്യുറേറ്റർ ലീ ഫോർട്ടിസാണ് വിവാദത്തിൽ പെട്ടത്. ഇന്ത്യൻ ടീം പരിശീലനത്തിനായി എത്തിയപ്പോൾ പിച്ചിൽ നിന്ന് രണ്ടര മീറ്റർ മാറിനിന്നേ പരിശോധന നടത്താവൂ എന്ന് ഫോർട്ടിസ് ഇന്ത്യയുടെ സപ്പോർട്ട് സ്റ്റാഫിന് നിർദ്ദേശം നൽകിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. 2023 ആഷസ് പരമ്പരയിലെ മത്സരത്തിന് മുൻപ് ഇംഗ്ലണ്ട് പരിശീലകൻ ബ്രണ്ടൻ മക്കല്ലവുമായി ഫോർട്ടിസ് സംസാരിച്ചത് പിച്ചിൽ നിന്നുകൊണ്ടായിരുന്നു. എന്നാൽ, ഗംഭീറിനോട് മാറിനിൽക്കണമെന്നാവശ്യപ്പെട്ട ക്യുറേറ്റർ പിന്നീട് ഐസ് ബോക്സ് എടുക്കാൻ പിച്ചിൽ കയറിയ സപ്പോർട്ട് സ്റ്റാഫിൽ ഒരാളോട് ദേഷ്യപ്പെട്ടു എന്നും റിപ്പോർട്ടുകളുണ്ട്. ഇതാണ് ഗംഭീറിനെ ചൊടിപ്പിച്ചത്.




വൈറൽ വിഡിയോ
“You’re just a groundsman nothing beyond that”
Gautam Gambhir has well and truly lost his head. 🥴#ENGvIND pic.twitter.com/qZBh2c1sSa
— England’s Barmy Army 🏴🎺 (@TheBarmyArmy) July 29, 2025
“താൻ നിർത്തിക്കോ. ഞങ്ങൾ എന്തുചെയ്യണമെന്ന് പറയണ്ട. ഞങ്ങളോട് പറയാൻ തനിക്കൊരു അവകാശവുമില്ല. വെറുമൊരു ഗ്രൗണ്ട്സ്മാൻ മാത്രമാണ് താൻ. അവിടെ നിന്നാമതി. ഒരു ഗ്രൗണ്ട്സ്മാൻ എന്നതിനപ്പുറം താൻ ആരുമല്ല” എന്ന് ഗംഭീർ പറയുമ്പോൾ “ഇത് ഞാൻ റിപ്പോർട്ട് ചെയ്യും” ഫോർട്ടിസ് തിരികെ പറയുന്നു. വർഷങ്ങളായി ഓവലിലെ പിച്ച് ക്യുറേറ്ററായ ഫോർട്ടിസിന് ഇസിബി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
പിച്ച് പരിശോധനയ്ക്കായി തങ്ങൾ അവിടെ എത്തിയപ്പോൾ 2.5 മീറ്റർ മാറിനിൽക്കണമെന്ന് ഒരാൾ ആവശ്യപ്പെട്ടു എന്ന് ഇന്ത്യയുടെ ബാറ്റിംഗ് പരിശീകൻ സിദ്ധാൻഷു കോട്ടക് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾ സ്പൈക്സ് അണിഞ്ഞിരുന്നില്ല. കളി തുടങ്ങാൻ ഇനിയും രണ്ട് ദിവസം കൂടിയുണ്ട്. ഇങ്ങനെയൊരു കാര്യം ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 31നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. നിലവിൽ 2-1ന് ഇംഗ്ലണ്ട് പരമ്പരയിൽ മുന്നിലാണ്.