India vs South Africa: ഋതുരാജിനും കോലിയ്ക്കും സെഞ്ചുറി; ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ
India Score vs South Africa: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. വിരാട് കോലിയുടെയും ഋതുരാജ് ഗെയ്ക്വാദിൻ്റെയും സെഞ്ചുറികളാണ് ഇന്ത്യയെ തുണച്ചത്.

വിരാട് കോലി, ഋതുരാജ് ഗെയ്ക്വാദ്
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 358 റൺസാണ് നേടിയത്. ഇന്ത്യക്കായി ഋതുരാജ് ഗെയ്ക്വാദും വിരാട് കോലിയും സെഞ്ചുറിയടിച്ചു. ടി20 ശൈലിയിലാണ് ഇരുവരും ബാറ്റ് വീശിയത്. ഗെയ്ക്വാദ് കൂടുതൽ ആക്രമിച്ചുകളിക്കുമ്പോൾ കോലിയും മോശമാക്കിയില്ല. ഋതുരാജിൻ്റെ ആദ്യ ഏകദിന സെഞ്ചുറിയാണ് ഇത്. കോലിയുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയും ഇന്ന് കണ്ടു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 62 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. രോഹിത് ശർമ്മയെ (14) നാന്ദ്രെ ബർഗറും യശസ്വി ജയ്സ്വാളിനെ (22) മാർക്കോ യാൻസനുമാണ് വീഴ്ത്തിയത്. സിക്സറോടെ ഇന്നിംഗ്സ് തുറന്ന കോലി കഴിഞ്ഞ കളിയിലെ ഫോം തുടർന്നു. ഗെയ്ക്വാദ് ആവട്ടെ, ആദ്യ പന്തിൽ ഒരു എഡ്ജിൽ നിന്ന് അതിജീവിച്ചാണ് ഇന്നിംഗ്സ് ആരംഭിച്ചത്. പതിയെ ഇരുവരും ആക്രമണമാരംഭിച്ചു.
Also Read: India vs South Africa: പരിക്ക് ഭേദമായി; ശുഭ്മൻ ഗിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ടീമിൽ കളിക്കും
ദക്ഷിണാഫ്രിക്കൻ ബൗളർമാരെ കടന്നാക്രമിച്ച സഖ്യം മൂന്നാം വിക്കറ്റിൽ 195 റൺസിൻ്റെ കൂറ്റൻ കൂട്ടുകെട്ടിലാണ് പങ്കാളികളായത്. 83 പന്തിൽ 105 റൺസ് നേടിയ ഋതുരാജിനെ വീഴ്ത്തി മാർക്കോ യാൻസൺ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 90 പന്തിൽ കോലി സെഞ്ചുറിയിലെത്തി. സെഞ്ചുറിയ്ക്ക് പിന്നാലെ താരവും പുറത്തായി. 93 പന്തിൽ 102 റൺസ് നേടിയ കോലിയെ ലുങ്കി എങ്കിഡി വീഴ്ത്തുകയായിരുന്നു.
കഴിഞ്ഞ കളിയ്ക്ക് വിപരീതമായി ഇന്ന് കെഎൽ രാഹുൽ അഞ്ചാം നമ്പറിലിറങ്ങി. ആറാം നമ്പറിൽ വാഷിംഗ്ടൺ സുന്ദറാണ് ക്രീസിലെത്തിയത്. എന്നാൽ, വാഷിംഗ്ടൺ സുന്ദർ ഒരു റൺ എടുത്ത് മടങ്ങി. കോലി പുറത്തായതോടെ കെഎൽ രാഹുൽ സ്കോറിങ് ചുമതല ഏറ്റെടുത്തെങ്കിലും മറുവശത്ത് ജഡേജ സാവധാനത്തിലാണ് കളിച്ചത്. ഇത് ഇന്ത്യൻ സ്കോറിനെ ബാധിച്ചു. 33 പന്തിൽ രാഹുൽ ഫിഫ്റ്റി തികച്ചു. അവസാന ഓവറുകൾ തകർത്തെറിഞ്ഞ ദക്ഷിണാഫ്രിക്ക ഇന്ത്യയെ പിടിച്ചുനിർത്തുകയായിരുന്നു. രാഹുലും (43 പന്തിൽ 66) ജഡേജയും (27 പന്തിൽ 24) നോട്ടൗട്ടാണ്.