Sanju Samson: ടി20 ടീമിൽ സഞ്ജു സാംസണും ഇടം; ശുഭ്മൻ ഗില്ലും പരമ്പരയിൽ കളിക്കും
India vs South Africa T20 Team: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ടീമിൽ സഞ്ജു സാംസണും ശുഭ്മൻ ഗില്ലും കളിക്കും. ഗിൽ വൈസ് ക്യാപ്റ്റനായി ടീമിൽ തിരികെയെത്തി.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ടീം പ്രഖ്യാപിച്ച് ബിസിസിഐ. 15 അംഗ ടീമിനെ സൂര്യകുമാർ യാദവാണ് നയിക്കുക. പരിക്കേറ്റ് പുറത്തായിരുന്ന ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി ടീമിലുണ്ട്. മലയാളി താരം സഞ്ജു സാംസൺ വീണ്ടും ടീമിൽ ഇടം പിടിച്ചു എന്നതാണ് ശ്രദ്ധേയം. ധ്രുവ് ജുറേലിന് പകരമാണ് സഞ്ജു ടീമിലെത്തിയത്.
ശുഭ്മൻ ഗിൽ എല്ലാ മത്സരങ്ങളും കളിച്ചേക്കില്ലെന്നാണ് സൂചന. താരത്തിൻ്റെ ഫിറ്റ്നസ് അനുസരിച്ചാവും ഫൈനൽ ഇലവനിൽ ഉൾപ്പെടുക എന്ന് ബിസിസിഐ തന്നെ അറിയിക്കുന്നു. ഈ മാസം 9ന് വിശാഖപട്ടണത്തുവച്ച് നടക്കുന്ന ആദ്യ മത്സരത്തിൽ ഗിൽ കളിച്ചേക്കില്ല. 11 മുതലുള്ള അടുത്ത മത്സരങ്ങളിൽ താരം ടീമിൽ ഉൾപ്പെടുമെന്നും സൂചനയുണ്ട്. ഓപ്പണിങ് പൊസിഷനിലേക്ക് സഞ്ജു സാംസൺ മാത്രമാണ് ബാക്കപ്പ് ഓപ്ഷൻ. അതുകൊണ്ട് തന്നെ ഗിൽ ആദ്യ കളി കളിച്ചില്ലെങ്കിൽ ആ കളി സഞ്ജു അഭിഷേക് ശർമ്മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും. രണ്ടാം മത്സരം മുതൽ താരം ടീമിൽ ഉൾപ്പെടുമോ എന്ന് കണ്ടറിയേണ്ടിവരും.
Also Read: India vs South Africa: ഋതുരാജിനും കോലിയ്ക്കും സെഞ്ചുറി; ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ
ഹാർദിക് പാണ്ഡ്യ ടീമിൽ തിരികെയെത്തി. പരിക്കേറ്റ് പുറത്തായിരുന്ന ഹാർദിക് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെയെത്തിയിരുന്നു. ഇതോടെ താരം ടി20 ടീമിലും തിരികെയെത്തി. വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, ജസ്പ്രീത് ബുംറ, ജിതേഷ് ശർമ്മ, അക്സർ പട്ടേൽ, ശിവം ദുബെ തുടങ്ങിയവരും ടീമിലുണ്ട്. റിങ്കു സിംഗിന് ഇടം ലഭിച്ചില്ല. യശസ്വി ജയ്സ്വാളിനെയും പരിഗണിച്ചില്ല.
ഇന്ത്യൻ ടീം:
സൂര്യകുമാർ യാദവ്, ശുഭ്മൻ ഗിൽ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ്മ, സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിംഗ്ടൺ സുന്ദർ.