Bejoy Nambiar: ‘മലയാളത്തിൽ സിനിമ ചെയ്യാത്തത് അത് കാരണം, ദുൽഖറാണ് പറഞ്ഞത് തമിഴിലും ചെയ്യാമെന്ന്’
Bejoy Nambiar talk about Solo Movie: സോളോയുടെ പരാജയം തന്നെ വേദനിപ്പിച്ചു. ഇന്നത്തെ പോലെ സോഷ്യൽ മീഡിയ അന്ന സജീവമായിരുന്നില്ലെന്നും അതുകൊണ്ട് സിനിമയിറങ്ങും മുമ്പ് പ്രേക്ഷകരുമായി കൃത്യമായി സംവദിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുൽഖർ സൽമാനെ നായകനായി 2017ൽ റിലീസ് ചെയ്ത ചിത്രമാണ് സോളോ. ബിജോയ് നമ്പ്യാർ ആണ് ആന്തോളജി സ്വഭാവത്തിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത്. സിനിമാസ്വാദകരിൽ നിന്ന് ഭേദപ്പെട്ട അഭിപ്രായങ്ങൾ ലഭിച്ചെങ്കിലും ബോക്സോഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെ കുറിച്ച് സംസാരിക്കുകയാണ് ബിജോയ് നമ്പ്യാർ.
സോളോയുടെ പരാജയം തന്നെ വേദനിപ്പിച്ചെന്നും അതുകൊണ്ടാണ് പിന്നീട് ഒരു മലയാള സിനിമ ചെയ്യാത്തതെന്നും ബിജോയ് നമ്പ്യാർ പറഞ്ഞു. കൂടാതെ, ഇന്നത്തെ പോലെ സോഷ്യൽ മീഡിയ അന്ന സജീവമായിരുന്നില്ലെന്നും അതുകൊണ്ട് സിനിമയിറങ്ങും മുമ്പ് പ്രേക്ഷകരുമായി കൃത്യമായി സംവദിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബിജോയ് നമ്പ്യാർ.
‘ദുല്‍ഖറിനെ കണ്ടപ്പോള്‍ എന്റെ പക്കല്‍ മൂന്ന് കഥകളേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന് സോളോ ഇഷ്ടപ്പെട്ടു. അദ്ദേഹമാണ് തമിഴിലും മലയാളത്തിലും ചെയ്യാമെന്ന് നിര്‍ദ്ദേശിക്കുന്നത്. ഞാനും അതിനോട് യോജിച്ചു. അന്ന് ഇന്നത്തേത് പോലെ സോഷ്യൽ മീഡിയ സജീവമല്ലായിരുന്നു. അതിനാല്‍ സിനിമയിറങ്ങും മുമ്പ് പ്രേക്ഷകരുമായി കൃത്യമായി സംവാദിക്കാൻ സാധിച്ചില്ല. നാല് കഥയാണെന്നും, ദുല്‍ഖര്‍ നാല് വേറെ വേറെ കഥാപാത്രങ്ങളായാണ് വരുന്നത് എന്നൊന്നും കമ്യൂണിക്കേറ്റ് ചെയ്യാൻ കഴിഞ്ഞില്ല.
എന്താണ് വരുന്നതെന്ന് അവര്‍ക്ക് മനസിലായിരുന്നില്ല. ദുല്‍ഖറിന്റെ മാസ് സിനിമയാകുമെന്നാണ് പ്രേക്ഷകർ കരുതിയത്. മ്യൂസിക് നല്ല ശ്രദ്ധ നേടിയിരുന്നു. നല്ല പ്രതീക്ഷയായിരുന്നു. എന്നാൽ അത് ബോക്‌സ് ഓഫീസ് വിജയമായി മാറിയില്ല. അത് ഞങ്ങളെ നിരാശപ്പെടുത്തിയിരുന്നു. ഇന്ന് ആളുകള്‍ ഒരുപാട് സ്‌നേഹത്തോടെയാണ് ആ സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. പക്ഷേ അന്ന് അത് ഹൃദയഭേദകമായിരുന്നു’ എന്ന് ബിജോയ് നമ്പ്യാർ പറഞ്ഞു.