India vs West Indies: 150 കടന്നിട്ടും ഇളകാതെ ജയ്സ്വാൾ; ഫിഫ്റ്റിയടിച്ച് സായ് സുദർശൻ: ആദ്യ ദിനം 300 കടന്ന് ഇന്ത്യ
India vs West Indies Day 1: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 318 റൺസ് നേടിയിട്ടുണ്ട്.

ഇന്ത്യ - വെസ്റ്റ് ഇൻഡീസ്
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ഒന്നാം ദിനം ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 318 റൺസെന്ന നിലയിലാണ്. 173 റൺസ് നേടിയ യശസ്വി ജയ്സ്വാൾ ക്രീസിൽ തുടരുകയാണ്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (20) ക്രീസിലുണ്ട്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് നല്ല തുടക്കം ലഭിച്ചു. കെഎൽ രാഹുലും യശസ്വി ജയ്സ്വാളും ചേർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 58 റൺസാണ് പടുത്തുയർത്തിയത്. 38 റൺസ് നേടിയ രാഹുൽ, ജോമൽ വരിക്കൻ്റെ ആദ്യ ഇരയായി മടങ്ങിയതോടെ സായ് സുദർശൻ ക്രീസിലെത്തി. ഇതോടെ ഇന്ത്യ കളിയിൽ പിടിമുറുക്കി. വിൻഡീസ് ബൗളർമാർക്ക് ഒരു അവസരവും നൽകാതെ കുതിച്ച സംഘം അനായാസമാണ് സ്കോർ ചെയ്തത്. ഇതിനിടെ ജയ്സ്വാൾ ഫിഫ്റ്റി കടന്ന് സെഞ്ചുറി തികച്ചു. സായ് സുദർശൻ ഫിഫ്റ്റിയും കണ്ടെത്തി. ടെസ്റ്റ് കരിയറിലെ തൻ്റെ ഏഴാം സെഞ്ചുറി കണ്ടെത്തിയ ജയ്സ്വാളും സുദർശനും ചേർന്ന് രണ്ടാം വിക്കറ്റിൽ 193 റൺസിൻ്റെ വമ്പൻ കൂട്ടുകെട്ടിലാണ് പങ്കാളികളായത്. 87 റൺസ് നേടിയ സുദർശൻ വരിക്കന് മുന്നിൽ വീണു.
Also Read: India vs West Indies: വിൻഡീസിനെതിരെ സെഞ്ചുറിത്തിളക്കത്തിൽ ജയ്സ്വാൾ; ഇന്ത്യ ശക്തമായ നിലയിൽ
ഇതിനിടെ 150ഉം കടന്ന് മുന്നേറിയ ജയ്സ്വാളിനൊപ്പം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഒത്തുചേർന്നു. വളരെ അനായാസമായി ഇരുവരും ചേർന്ന് അപരാജിതമായ 67 റൺസാണ് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ജയ്സ്വാൾ ആക്രമിച്ച് കളിച്ചപ്പോൾ ഗിൽ സാവധാനമാണ് ബാറ്റ് വീശുന്നത്.
നാളെ രണ്ടാം സെഷനിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് വിൻഡീസിനെ ബാറ്റിംഗിന് ക്ഷണിക്കുകയാവും ഇന്ത്യയുടെ തന്ത്രം. ആദ്യ കളി ഇന്നിംഗ്സ് വിജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തിലും അത് തന്നെയാവും ലക്ഷ്യം വെക്കുക.