IND W vs SL W: ചൊറിയാന്‍ വന്നവരെ മാന്തിവിട്ട് സൂര്യവംശി; ഇന്ത്യ എയ്ക്ക് കിരീടം
India A vs Sri Lanka A Match Result: ത്രിരാഷ്ട്ര സീരിസ് ഫൈനലില്‍ ശ്രീലങ്ക എയെ 66 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ എ കിരീടം സ്വന്തമാക്കി. ഇന്ത്യ എ ഒമ്പത് വിക്കറ്റിന് 377 റണ്‍സാണ് അടിച്ചുകൂട്ടിയത്. ശ്രീലങ്ക എയുടെ പോരാട്ടം 311 റണ്‍സിന് അവസാനിച്ചു.

India A beat Sri Lanka A
ദാംബുല്ല: ത്രിരാഷ്ട്ര സീരിസ് ഫൈനലില്‍ ശ്രീലങ്ക എയെ 66 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ എ കിരീടം സ്വന്തമാക്കി. 15-കാരന്‍ വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനത്തിന്റെ മികവില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 377 റണ്‍സാണ് അടിച്ചുകൂട്ടിയത്. ശ്രീലങ്ക എയുടെ പോരാട്ടം 47.1 ഓവറില്‍ 311 റണ്‍സിന് അവസാനിച്ചു. 29 പന്തില്‍ 94 റണ്‍സെടുത്ത ഓപ്പണര്‍ വൈഭവിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. ഓപ്പണിങ് വിക്കറ്റില്‍ വൈഭവും, പ്രിയാന്‍ഷ് ആര്യയും (29 പന്തില്‍ 39) 8.5 ഓവറില്‍ ഇന്ത്യയ്ക്ക് 132 റണ്‍സാണ് സമ്മാനിച്ചത്.
ആദ്യം വൈഭവാണ് പുറത്തായത്. തൊട്ടുപിന്നാലെ പ്രിയാന്‍ഷും മടങ്ങി. ഇരുവരും മടങ്ങിയതിന് ശേഷം ഇന്ത്യ എയുടെ സ്‌കോറിങിന്റെ വേഗത കുറഞ്ഞു. വണ്‍ ഡൗണായെത്തിയ റുതുരാജ് ഗെയ്ക്‌വാദ് 51 പന്തില്‍ 40 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയെങ്കിലും മന്ദഗതിയിലായിരുന്നു ക്യാപ്റ്റന്‍ തിലക് വര്‍മയുടെ ബാറ്റിങ്. 90 പന്തുകള്‍ നേരിട്ട തിലക് 67 റണ്‍സാണ് നേടിയത്.
വൈഭവിന്റെ പ്രകടനം ഇന്ത്യ എയെ വന്‍ സ്‌കോറിലെത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും, മറ്റ് ബാറ്റര്‍മാര്‍ക്ക് മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കാത്തത് തിരിച്ചടിയായി. ഒമ്പതാമനായി ക്രീസിലെത്തിയ അനുകുല്‍ റോയിയാണ് മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റേന്തിയ മറ്റൊരു താരം. 15 പന്തുകള്‍ നേരിട്ട അനുകുല്‍ പുറത്താകാതെ 39 റണ്‍സെടുത്തു
കുമാര്‍ കുശാഗ്ര-39 പന്തില്‍ 36, സൂര്യാന്‍ഷ് ഷെഡ്‌ഗെ-ആറു പന്തില്‍ രണ്ട്, നിഷാന്ത് സിന്ധു-18 പന്തില്‍ 16, വിപ്രജ് നിഗം-20 പന്തില്‍ 27, യാഷ് താക്കൂര്‍-മൂന്ന് പന്തില്‍ രണ്ട് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ഇന്ത്യ എ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
പോരാടി ശ്രീലങ്ക എ
അര്‍ധ സെഞ്ചുറി നേടിയ വനുജ സഹനും (69 പന്തില്‍ 62), സദീര സമരവിക്രമയും (44 പന്തില്‍ 52) പോരാടിയെങ്കിലും ശ്രീലങ്ക എയെ വിജയത്തിലെത്തിക്കാനായില്ല. തകര്‍ച്ചയോടെയായിരുന്നു ശ്രീലങ്ക എയുടെ തുടക്കം. മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് പന്തില്‍ മൂന്ന് റണ്‍സെടുത്ത ആവിഷ്‌ക ഫെര്‍ണാണ്ടോയെ യാഷ് താക്കൂറാണ് പുറത്താക്കിയത്.
മറ്റൊരു ഓപ്പണറായ നിരോഷന്‍ ഡിക്ക്വെല്ലയെയും (17 പന്തില്‍ 25), വണ്‍ ഡൗണായെത്തിയ നുവനിന്ദു ഫെര്‍ണാണ്ടോയെയും (21 പന്തില്‍ 21) പുറത്താക്കിയതും യാഷ് താക്കൂറായിരുന്നു. 40 പന്തില്‍ 38 റണ്‍സെടുത്ത ശ്രീലങ്ക എയുടെ ക്യാപ്റ്റന്‍ സഹന്‍ അരച്ചിഗെയെ, ഇന്ത്യ എയുടെ നായകന്‍ തിലക് വര്‍മ പുറത്താക്കി.
10 പന്തില്‍ 19 റണ്‍സെടുത്ത രവിന്ദു ഫെര്‍ണാണ്ടോ, വനുജ സഹാന്‍, 33 പന്തില്‍ 21 റണ്‍സെടുത്ത മുഹമ്മദ് ഷിറാസ് എന്നിവരെ വിപ്രജ് നിഗം മടക്കി അയച്ചു. 34 പന്തില്‍ 39 റണ്‍സെടുത്ത വിജയകാന്ത് വിയാസ്‌കാന്തിനെയും, 11 പന്തില്‍ 15 റണ്‍സെടുത്ത ദുലജ് സമുധിതയെയും അനുകുല്‍ റോയ് വീഴ്ത്തി. മൂന്ന് പന്തുകള്‍ നേരിട്ട കഗാഥസ് മാതുലന്‍ റണ്‍സൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ യാഷ് താക്കൂറും, വിപ്രജ് നിഗവും ഇന്ത്യ എയ്ക്കായി ബൗളിങില്‍ തിളങ്ങി. അനുകുല്‍ റോയ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. അശോക് ശര്‍മ്മയും, തിലക് വര്‍മയും ഓരോ വിക്കറ്റ് പങ്കിട്ടു.
English Summary
India A won the Tri-Series title by defeating Sri Lanka A by 66 runs in Dambulla. Vaibhav Sooryavanshi starred for India, smashing a rapid 94 runs off just 29 balls. India A posted a massive 377/9 in 50 overs, aided by captain Tilak Varma’s steady 67. Sri Lanka A was bowled out for 311, with Yash Thakur and Vipraj Nigam taking three wickets each.