AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IND vs ZIM: ക്യാപ്റ്റനായതിന് ശേഷം ശ്രേയസിന് ആദ്യ ജയം; സിംബാബ്‌വെയെ തുരത്തി ഇന്ത്യ

India Defeats Zimbabwe in 1st T20I : സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ഹരാരെയില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തുരത്തിയത്. 126 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 40 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു.

IND vs ZIM: ക്യാപ്റ്റനായതിന് ശേഷം ശ്രേയസിന് ആദ്യ ജയം; സിംബാബ്‌വെയെ തുരത്തി ഇന്ത്യ
India vs ZimbabweImage Credit source: Indian Cricket Team Facebook
Jayadevan AM
Jayadevan AM | Updated On: 23 Jul 2026 | 08:45 PM

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ഹരാരെയില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തുരത്തിയത്. 126 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 40 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ഏഴു വിക്കറ്റിന് 125 റണ്‍സെടുത്തു. 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ജയിച്ചു. അര്‍ധ സെഞ്ചുറി നേടിയ വൈഭവ് സൂര്യവംശിയുടെ ബാറ്റിങാണ് ജയം അനായാസമാക്കിയത്. വൈഭവ് 19 പന്തില്‍ 50 നേടി.

വൈഭവ് സൂര്യവംശി തുടക്കം മുതല്‍ തകര്‍ത്തടിച്ചെങ്കിലും, സഹ ഓപ്പണര്‍ അഭിഷേക് ശര്‍മ പെട്ടെന്ന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എട്ട് പന്തില്‍ ഒരു റണ്‍സെടുത്ത അഭിഷേക് ബ്ലെസിങ് മുസറബാനിയുടെ പന്തില്‍ ബ്രാഡ് ഇവാന്‍സിന് ക്യാച്ച് നല്‍കി മടങ്ങി.

രണ്ടാം വിക്കറ്റില്‍ വൈഭവ്-ഇഷാന്‍ കിഷന്‍ സഖ്യം സിംബാബ്‌വെ ബൗളര്‍മാര്‍ക്ക് ഒരു പഴുതും നല്‍കാതെ ചേസിങ് മുന്നോട്ടുകൊണ്ടുപോയി. ഇതിനിടെ വൈഭവ് അര്‍ധ സെഞ്ചുറി തികച്ചു. 18 പന്തില്‍ 50 നേടിയ വൈഭവ്, രാജ്യാന്തര ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി. നാലു വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു വൈഭവിന്റെ പ്രകടനം. അര്‍ധ സെഞ്ചുറി നേടിയ ശേഷം തൊട്ടടുത്ത പന്തില്‍ വൈഭവ് പുറത്തായി.

24 പന്തില്‍ 35 റണ്‍സെടുത്ത ഇഷാന്‍ കിഷനെ വീഴ്ത്തി മുസറബാനി തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. 24 പന്തില്‍ 28 റണ്‍സുമായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും, അഞ്ച് പന്തില്‍ ആറു റണ്‍സുമായി ഉപനായകന്‍ തിലക് വര്‍മ്മയും പുറത്താകാതെ നിന്നു.

Also Read: Vaibhav Sooryavanshi: ഹരാരെയില്‍ ചരിത്രനിമിഷം! വരവറിയിച്ച് വൈഭവ്, കന്നി അര്‍ധ സെഞ്ചുറി

തകര്‍ന്നടിഞ്ഞ് സിംബാബ്‌വെ

രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മയങ്ക് യാദവും, പ്രിന്‍സ് യാദവും ഇന്ത്യയ്ക്കായി ബൗളിങില്‍ തിളങ്ങി. ശിവം ദുബെയും, രവി ബിഷ്‌ണോയിയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 34 പന്തില്‍ 39 റണ്‍സെടുത്ത വെസ്ലി മധേവേരെയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍.

തകര്‍ച്ചയോടെയായിരുന്നു സിംബാബ്‌വെയുടെ തുടക്കം. ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റിനെ മയങ്ക് യാദവ് ഗോള്‍ഡന്‍ ഡക്കാക്കി. സഹ ഓപ്പണര്‍ ബെന്‍ കറന്‍ എട്ട് പന്തില്‍ 10 റണ്‍സെടുത്ത് മടങ്ങി. പ്രിന്‍സ് യാദവിനായിരുന്നു വിക്കറ്റ്. 14 പന്തില്‍ ആറു റണ്‍സെടുത്ത്‌ ഡിയോൺ മിയേഴ്‌സും, ഏഴു പന്തില്‍ നാലു റണ്‍സെടുത്ത ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും മടങ്ങിയതോടെ സിംബാബ്‌വെയുടെ ടോപ് ഓര്‍ഡര്‍ പൂര്‍ണമായി തകര്‍ന്നു.

മധേവേരെയ്‌ക്കൊപ്പം (35 പന്തില്‍ 26), റയാൻ ബർൾ തടിവനശെ മറുമണി (പുറത്താകാതെ 20 പന്തില്‍ 27), എന്നിവര്‍ പുറത്തെടുത്ത തരക്കേടില്ലാത്ത പ്രകടനമാണ് ആതിഥേയരുടെ സ്‌കോര്‍ 100 കടത്തിയത്. ബ്രാഡ് ഇവാന്‍സ് ഗോള്‍ഡന്‍ ഡക്കായി പുറത്തായി. ഒരു പന്തില്‍ ഒരു റണ്‍സുമായി ന്യൂമാൻ ന്യാംഹുര മറുമണിയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.

ശ്രേയസിന് ആദ്യ ജയം

ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായതിനു ശേഷം ടി20യില്‍ ഇന്ത്യ നേടുന്ന ആദ്യ ജയമാണിത്. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ടി20 പരമ്പരകളില്‍ ഒരെണ്ണത്തില്‍ പോലും ജയിക്കാന്‍ സാധിച്ചിരുന്നില്ല.

English Summary

India defeated Zimbabwe by seven wickets in the first T20 match at Harare. Vaibhav Sooryavanshi made a record-breaking half-century off just 18 balls to power the chase. India successfully tracked down the target of 126 runs in just 13.2 overs. This match marks Shreyas Iyer’s first victory as India’s T20 captain.

Follow Us