India vs England: ബുംറ കളിച്ചില്ലെങ്കിലും സീനില്ല; മാഞ്ചസ്റ്ററില്‍ ബദല്‍ മാര്‍ഗം നിര്‍ദ്ദേശിച്ച് രഹാനെ
India vs England Fourth Test: വ്യാഴാഴ്ച ബെക്കൻഹാമിൽ നടന്ന നെറ്റ് സെഷനിൽ അർഷ്ദീപിന് പരിക്കേറ്റിരുന്നു. പന്ത് പിടിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റതെന്ന് ഇന്ത്യന്‍ ടീം സഹപരിശീലകന്‍ റയാൻ ടെൻ ഡോഷേറ്റ് പറഞ്ഞു

ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്
ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചാല്‍ മാഞ്ചസ്റ്റർ ടെസ്റ്റിനുള്ള ഇലവനിൽ അർഷ്ദീപ് സിംഗിനെ ഉൾപ്പെടുത്തണമെന്ന് അജിങ്ക്യ രഹാനെ. രാജ്യാന്തര ടെസ്റ്റ് മത്സരം ഇതുവരെ കളിച്ചിട്ടില്ലെങ്കിലും അര്‍ഷ്ദീപിന് ഇംഗ്ലണ്ടില്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കളിച്ച് പരിചയമുണ്ട്. 2023-ൽ കെന്റിനു വേണ്ടി കൗണ്ടി ക്രിക്കറ്റിൽ കളിച്ച അർഷ്ദീപ് 5 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. നാലാം ടെസ്റ്റിൽ ബുംറയ്ക്ക് വിശ്രമം നൽകിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് രഹാനെ ബദല്‍ മാര്‍ഗം നിര്‍ദ്ദേശിച്ചത്.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ അര്‍ഷ്ദീപ് പ്രയോജനപ്പെടുമെന്ന് രഹാനെ വിശ്വസിക്കുന്നു. ഓൾഡ് ട്രാഫോർഡില്‍ അര്‍ഷ്ദീപിന് മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും രഹാനെ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. സീമിനും സ്വിങ്ങിനും ഗുണകരമായ ഈ പിച്ച് എന്തുകൊണ്ടും അര്‍ഷ്ദീപിനെ പോലൊരു താരത്തിന് പ്രയോജനപ്പെടുത്താനാകുമെന്നാണ് രഹാനെയുടെ വിലയിരുത്തല്‍.
“ബുംറ കളിക്കുന്നില്ലെങ്കിൽ, അർഷ്ദീപാണ് പറ്റിയ ആൾ. ഇംഗ്ലണ്ടിൽ, പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യാൻ കഴിയുന്ന ഒരു ഇടംകൈയ്യൻ സീമർ ആവശ്യമാണ്. ബുംറ കളിച്ചില്ലെങ്കിൽ, അർഷ്ദീപ് അടുത്തത് കളിക്കണം,” രഹാനെ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
വ്യാഴാഴ്ച ബെക്കൻഹാമിൽ നടന്ന നെറ്റ് സെഷനിൽ അർഷ്ദീപിന് പരിക്കേറ്റിരുന്നു. പന്ത് പിടിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റതെന്ന് ഇന്ത്യന്‍ ടീം സഹപരിശീലകന്‍ റയാൻ ടെൻ ഡോഷേറ്റ് പറഞ്ഞു. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്ന സൂചനയാണ് ഡോഷെറ്റ് നല്‍കുന്നത്.
അതേസമയം, തകര്‍പ്പന്‍ ഫോമിലുള്ള ബുംറ കളിച്ചില്ലെങ്കില്‍ മാഞ്ചസ്റ്ററില്‍ അത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. രണ്ട് ടെസ്റ്റുകളിൽ നിന്ന് 12 വിക്കറ്റുകൾ വീഴ്ത്തി. അതിൽ രണ്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ ജോലിഭാരം നിയന്ത്രിക്കാന്‍ താരത്തെ മൂന്ന് മത്സരങ്ങളില്‍ മാത്രം കളിപ്പിച്ചാല്‍ മതിയെന്ന് ടീം മാനേജ്‌മെന്റ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഇന്ത്യ പരമ്പരയില്‍ 2-1ന് പിന്നിലായതിനാല്‍ ബുംറയ്ക്ക് വിശ്രമം നല്‍കാനുള്ള തീരുമാനത്തില്‍ നിന്നു മാനേജ്‌മെന്റ് പിന്മാറുമോയെന്നാണ് കണ്ടറിയേണ്ടത്.