IND vs NZ 1st ODI Highlights : കിവികളെ വിറപ്പിച്ച യുവ പേസ് നിര, ചരിത്രം കുറിച്ച് വിരാട് കോലി; ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ജയം
India vs New Zealand 1st ODI Highlights : മത്സരത്തിനിടെ മഴ വില്ലാനായി എത്തിയെങ്കിലും ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി. പത്ത് ഓവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത അഷുൽ കാംബോജാണ് മത്സരത്തിലെ താരം

Virat Kohli India Vs New Zealand 1st Odi
അക്ക്ലൻഡ് : ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ജയം. രസംകൊല്ലിയായി മഴ എത്തിയ മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് വിക്കറ്റിനായിരുന്നു സന്ദർശകരായ ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 40.2 ഓവറിൽ 185 റൺസിന് പുറത്താകുകയായിരുന്നു. ഇന്ത്യയുടെ യുവ പേസ് നിരയുടെ മുന്നിൽ ആതിഥേയർ പതറി പോകുകയായിരുന്നു. മഴമൂലം മത്സരം 32 ഓവറായി ചുരുക്കിയെങ്കിലും 22.4 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടെത്തി. വിരാട് കോലിയുടെ അർധ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് വിജയലക്ഷ്യം കണ്ടെത്താനായത്.
ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ ഇന്ത്യൻ ബോളിങ് ആക്രമണത്തിന് മുന്നിൽ അടിപതറുകയായിരുന്നു. അഞ്ചാം ഓവറിൽ പരിചയ സമ്പന്നനായ അർഷ്ദീപ് സിങ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടതിന് പിന്നാലെ കിവീസ് ബാറ്റർമാർ ഓരോരുത്തരായി ഇടവേളകളിൽ പവലിയനിലേക്ക് മടങ്ങി. യുവ പേസർ അൻഷുൽ കംബോജിൻ്റെ ഉയർത്തിയ സമ്മർദ്ദത്തിൽ നിന്നും ന്യൂസിലാൻഡ് താരങ്ങക്ക് കരകയറാനും സാധിച്ചില്ല. മത്സരത്തിലെ താരമായ കാംബോജ് പത്ത് ഓവറിൽ ആകെ വിട്ട് നൽകിയത് 22 റൺസ് മാത്രമാണ്, രണ്ട് വിക്കറ്റും കാംബോജ് സ്വന്തമാക്കുകയും ചെയ്തു. കാംബോജിന് പുറമെ അർഷ്ദീപ് നാലും ഗുർനൂർ ബ്രാർ മൂന്നും അക്സർ പട്ടേൽ ഒന്നും വീതം വിക്കറ്റുകൾ വീഴ്ത്തി.
ALSO READ : Sanju Samson: ഫോം വീണ്ടെടുക്കാന് സഞ്ജു സാംസണ്; കേരളത്തിനായി കളിച്ചേക്കും
186 റൺസ് വിജയലക്ഷ്യം അനയാസം മറികടക്കാമെന്ന് കരുതിയ ഇന്ത്യക്ക് ആദ്യമൊന്ന് പിഴച്ചു. റൺസൊന്നും എടുക്കാതെ വെറ്ററൻ താരം രോഹിത് ശർമയ്ക്ക് ക്രീസ് വിടേണ്ടി വന്നു. ശേഷം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും വിരാട് കോലിയും ചേർന്നാണ് ഇന്ത്യൻ സ്കോർ ബോർഡിന് അടിസ്ഥാനം ഒരുക്കിയത്. ഇടയ്ക്ക് രണ്ട് തവണ മഴ കളി തടസപ്പെടുത്തുകയും മത്സരത്തിലെ ഓവർ ഡിഎൽസ് നിയമപ്രകാരം 32 ആയി ചുരുക്കുകയും വിജയലക്ഷ്യം 143 ആക്കുകയും ചെയ്തു. രോഹിത്തിന് വിക്കറ്റ് പോയതിൻ്റെ സമ്മർദ്ദത്തിൽ വീഴാൻ വിരാട് കോലി തയ്യാറായിരുന്നില്ല. അതിവേഗത്തിൽ തന്നെ കോലി തൻ്റെ 80-ാം അർധ ശതകവും സ്വന്തമാക്കി. ക്യാപ്റ്റനൊപ്പം ചേർന്ന് കോലി 113 റൺസിൻ്റെ കൂട്ടുകെട്ടാണ് ഒരുക്കിയത്.
ടീം അനയാസം വിജയത്തിലേക്കെത്തുമെന്ന് കരുതിയപ്പോഴാണ് ഗില്ലിൻ്റെയും കോലിയുടെയും വിക്കറ്റ് വീഴ്ച. എന്നിരുന്നാലും വിജയലക്ഷ്യം തൊട്ടരികിൽ ഉള്ളതിനാൽ ഇന്ത്യൻ ബാറ്റിങ് നിര പതറിയില്ല. പക്ഷേ ഇതിനിടെ അക്സർ പട്ടേലിൻ്റെയും ശ്രയസ് അയ്യരുടെയും വിക്കറ്റുകൾ വീഴ്ത്തി കിവീസ് സമ്മർദ്ദത്തിന് ശ്രമിച്ചെങ്കിലും അതിൽ വീഴാതെ ഇന്ത്യ വിജയലക്ഷ്യത്തിലേക്കെത്തി. ന്യൂസിലാൻഡിന് വേണ്ടി ജേക്കബ് ഡഫി മൂന്നും കൈയിൽ ജെയ്മിസണും നാഥാൻ സ്മിത്തും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 0-1ത്തിന് മുന്നിലെത്തി. നവംബർ ഏഴാം തീയതി ശനിയാഴ്ച വെല്ലിങ്ടണിൽ വെച്ചാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം.