IND vs PAK Women’s T20 World Cup 2026: അങ്കം കുറിക്കാൻ ഇന്ത്യയും പാകിസ്താനും; മഹാപോരാട്ടത്തിന് എഡ്ജ്ബാസ്റ്റൺ ഒരുങ്ങി!
ICC Women’s T20 World Cup 2026: വനിതാ ടി20 ലോകകപ്പിലെ ഹൈ വോള്‍ട്ട് പോരാട്ടത്തിന് എഡ്ജ്ബാസ്റ്റണ്‍ ഒരുങ്ങി. വൈകിട്ട് 7.30-നാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ആരംഭിക്കുന്നത്. പാകിസ്ഥാനെതിരെ അനായാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അട്ടിമറി ജയത്തിനാകും പാക് പടയുടെ ശ്രമം.
വനിതാ ടി20 ലോകകപ്പിലെ ഹൈ വോള്‍ട്ട് പോരാട്ടത്തിന് എഡ്ജ്ബാസ്റ്റണ്‍ ഒരുങ്ങി. വൈകിട്ട് 7.30-നാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ആരംഭിക്കുന്നത്. ഏഴു മണിക്കാണ് ടോസ്. പാകിസ്ഥാനെതിരെ അനായാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അട്ടിമറി ജയത്തിനാകും പാക് പടയുടെ ശ്രമം. മത്സരത്തിന്റെ ഏത് തലം പരിഗണിച്ചാലും പാകിസ്ഥാനെക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. എങ്കിലും റാങ്കിംഗിനും നിലവിലെ ഫോമിനും അപ്പുറം കളിക്കളത്തിലെ സമ്മർദ്ദവും വികാരങ്ങളുമാണ് ഇത്തരം മത്സരങ്ങളുടെ ഗതി നിർണ്ണയിക്കാറുള്ളത്.
ഏകദിന ലോകകപ്പ് നേടിയതിന്റെ ആത്മവിശ്വാസത്തിലിറങ്ങുന്ന ഇന്ത്യന്‍ വനിതാ ടീം, ഇത്തവണ കന്നി ടി20 ലോകകപ്പ് ആണ് ലക്ഷ്യമിടുന്നത്. പരിചയസമ്പന്നരുടെ നിരയാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ കരുത്ത്. സ്മൃതി മന്ദാന, ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് തുടങ്ങിയ താരങ്ങളാണ് ഇന്ത്യയുടെ കരുത്ത്.
ഫാത്തിമ സന നയിക്കുന്ന പാകിസ്താൻ യുവനിരയുമായാണ് ലോകകപ്പിന് എത്തിയത്. അന്താരാഷ്ട്ര ടി20 മത്സരങ്ങളിലെ നേർക്കുനേർ കണക്കുകളിൽ ഇന്ത്യക്ക് വ്യക്തമായ മേധാവിത്വമുണ്ട്. ഇതിന് മുമ്പ് 16 തവണ ടി20യില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പതിമൂന്നിലും ഇന്ത്യ ജയിച്ചു.
ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയെ പാകിസ്താൻ ബൗളർമാർ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചായിരിക്കും മത്സരഫലം. സ്മൃതി മന്ദാനയും, ഷെഫാലി വര്‍മയും ഫോം കണ്ടെത്തിയാല്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം സാധ്യമാകും. വമ്പനടികള്‍ക്ക് പേരുകേട്ട റിച്ച ഘോഷിന്റെ പ്രകടനവും നിര്‍ണായകമാകും. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് റിച്ച പുറത്തെടുത്തത്. മധ്യനിരയില്‍ ജെമിമ റോഡ്രിഗസും, ഹര്‍മന്‍പ്രീതും കളി നിയന്ത്രിക്കും.
രേണുക സിംഗിന്റെ സ്വിംഗ് ബൗളിംഗും ദീപ്തി ശർമ്മയുടെ ഓള്‍റൗണ്ട് മികവും മത്സരത്തിൽ ഇന്ത്യക്ക് ഏറെ നിർണായകമാകും. മത്സരത്തിൽ ഇന്ത്യക്കാണ് കൂടുതൽ ജയസാധ്യത കൽപ്പിക്കപ്പെടുന്നത്. സ്റ്റാർ സ്പോർട്സ് ചാനലുകളിലൂടെ മത്സരം തത്സമയം കാണാം. ജിയോ ഹോട്ട്സ്റ്റാർ ആപ്പിലൂടെയും ലൈവ് സ്ട്രീമിംഗ് ലഭ്യമായിരിക്കും.
പിച്ച് റിപ്പോർട്ട്:
എഡ്ജ്ബാസ്റ്റണിലെ പിച്ച് തുടക്കത്തിൽ ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമാകാൻ സാധ്യതയുണ്ട്. എന്നാൽ കളി പുരോഗമിക്കുന്നതോടെ ഇത് ബാറ്റിംഗിന് അനുകൂലമാകും. ശ്രീലങ്കയ്‌ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ മത്സരത്തിൽ ഇത് വ്യക്തമായതാണ്. ഇവിടെ നടന്ന 19 വനിതാ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 10 തവണയും ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചത്. രണ്ടാമത് ബാറ്റ് ചെയ്ത ടീമുകൾ ഒമ്പത് തവണ വിജയിച്ചു.
ഇരുടീമുകളുടെയും സ്ക്വാഡ്:
ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ഭാരതി ഫുൽമാലി, ദീപ്തി ശർമ്മ, റിച്ച ഘോഷ്, ശ്രീ ചരണി, യാസ്തിക ഭാട്ടിയ, നന്ദിനി ശർമ്മ, അരുന്ധതി റെഡ്ഡി, രേണുക സിംഗ്, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടീൽ, രാധാ യാദവ്.
പാകിസ്താൻ: ഫാത്തിമ സന (ക്യാപ്റ്റൻ), ഗുൽ ഫിറോസ, ആയിഷ സഫർ, ഇറം ജാവേദ്, ഐമാൻ ഫാത്തിമ, ആലിയ റിയാസ്, നതാലിയ പർവൈസ്, സൈറ ജബീൻ, മുനീബ അലി, തുബ ഹസൻ, റമീൻ ഷമീം, സാദിയ ഇഖ്ബാൽ, നഷ്ര സന്ധു, ഡയാന ബെയ്ഗ്, തസ്മിയ റുബാബ്.
English Summary
India and Pakistan face each other today in the 2026 Women’s T20 World Cup at Edgbaston. India enters the tournament as favorites under the leadership of Harmanpreet Kaur. Pakistan relies on a youthful squad led by captain Fatima Sana to create an upset. The match starts at 7:00 PM IST and will stream live on JioHotstar.