India vs South Africa: വാഷിംഗ്ടൺ സുന്ദറിന് സ്ഥാനക്കയറ്റം, ടീമിൽ മൂന്ന് വിക്കറ്റ് കീപ്പർമാർ: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയിറങ്ങുന്നത് ഇങ്ങനെ
India Playing XI vs South Africa: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഫീൽഡ് ചെയ്യുന്നു. ശ്രദ്ധേയമായ മാറ്റങ്ങളാണ് ടീമിലുള്ളത്.

ഇന്ത്യൻ ടീം
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിരവധി മാറ്റങ്ങൾ. പരിക്കേറ്റ ഋഷഭ് പന്ത് ടീമിലേക്ക് തിരികെയെത്തിയപ്പോൾ മൂന്നാം നമ്പറിൽ കളിച്ചിരുന്ന സായ് സുദർശന് സ്ഥാനം നഷ്ടമായി. ഇന്ത്യ എയ്ക്കെതിരായ തകർപ്പൻ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ധ്രുവ് ജുറേൽ ടീമിലെത്തി. ഇതോടെ മൂന്ന് വിക്കറ്റ് കീപ്പർമാരാണ് ഇന്ത്യൻ ടീമിലുള്ളത്.
സായ് സുദർശൻ്റെ സ്ഥാനത്ത് വാഷിംഗ്ടൺ സുന്ദറിനെയാണ് ബാറ്റിംഗ് ഓർഡറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആറ്, ഏഴ് നമ്പരുകളിൽ കളിച്ചിരുന്ന താരത്തിന് ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകിയെന്നാണ് സൂചന. കെഎൽ രാഹുലും യശസ്വി ജയ്സ്വാളും ഓപ്പൺ ചെയ്യുന്ന ബാറ്റിംഗ് ഓർഡറിൽ വാഷിംഗ്ടൺ സുന്ദർ മൂന്നാം നമ്പറിലാണ്. ശുഭ്മൻ ഗിൽ നാലാം നമ്പറിലാണ്. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ, അക്സർ പട്ടേൽ എന്നിങ്ങനെ എട്ടാം നമ്പർ വരെ നീളുന്ന ബാറ്റിംഗ് ഓപ്ഷനുകൾ ഇന്ത്യക്കുണ്ട്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് പേസർമാർ. കുൽദീപ് യാദവ് സ്പിന്നറായി ടീമിലുണ്ട്.
Also Read: Nitish Kumar Reddy: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ നിതീഷ് കുമാർ റെഡ്ഡി കളിക്കില്ല
ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ ബാറ്റിംഗ് തിരഞ്ഞെടുത്തു. ജസ്പ്രീത് ബുംറ ഒഴികെ മുഹമ്മദ് സിറാജും അക്സർ പട്ടേലും നിരാശപ്പെടുത്തുകയാണ്. സിറാജ് മൂന്ന് ഓവറിൽ 25 റൺസ് വഴങ്ങിയപ്പോൾ അക്സർ പട്ടേൽ തൻ്റെ ഒരു ഓവറിൽ വഴങ്ങിയത് 9 റൺസാണ്. എയ്ഡൻ മാർക്രം – റയാൻ റിക്കിൾട്ടൺ സഖ്യം അനായാസമാണ് ബാറ്റ് വീശുന്നത്. ആദ്യ വിക്കറ്റിൽ 50 റൺസാണ് ഇരുവരും ചേർന്ന ഇതുവരെ കൂട്ടിച്ചേർത്തത്. മാർക്രം 26 റൺസുമായും റിക്കിൾട്ടൺ 23 റൺസുമായും ക്രീസിൽ തുടരുകയാണ്. ഈഡൻ ഗാർഡൻസിൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ആദ്യ ഓവർ എറിഞ്ഞ അക്സർ പട്ടേലിന് കാര്യമായ നേട്ടം ലഭിച്ചില്ല.