CSK Head Coach: സഞ്ജുവിനെയും സംഘത്തിനെയും ഇനി സഹീര്‍ ഖാന്‍ കളി പഠിപ്പിക്കും; സിഎസ്‌കെയ്ക്ക് പുതിയ തലൈവര്‍
Chennai Super Kings Name Zaheer Khan as New Head Coach: ചെന്നൈ സൂപ്പർ കിങ്സ് പുതിയ ഹെഡ് കോച്ചായി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാനെ നിയമിച്ചു. സ്റ്റീഫൻ ഫ്ലെമിങ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സഹീറിനെ മുഖ്യപരിശീലകനായി നിയമിച്ചത്.

Zaheer Khan is the New Head Coach of Chennai Super Kings
ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) പുതിയ ഹെഡ് കോച്ചായി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാനെ നിയമിച്ചു. സ്റ്റീഫൻ ഫ്ലെമിങ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സഹീറിനെ മുഖ്യപരിശീലകനായി നിയമിച്ചത്. ഫ്രാഞ്ചൈസിയുടെ പരിശീലക സ്ഥാനത്തും മറ്റുമായി നീണ്ട 18 വർഷത്തെ ബന്ധം അവസാനിപ്പിച്ച ഫ്ലെമിങ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് അദ്ദേഹത്തെ ഇംഗ്ലണ്ട് പുരുഷ ടെസ്റ്റ് ടീമിന്റെ ഹെഡ് കോച്ചായി നിയമിച്ചത്. തുടര്‍ന്ന് പുതിയ ഹെഡ് കോച്ചിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സിഎസ്‌കെ. ആ ശ്രമമാണ് സഹീറില്‍ എത്തിനിന്നത്.
2017-ലാണ് സഹീര്‍ ഖാന്‍ ഐപിഎല്ലില്‍ നിന് വിരമിച്ചത്. 2016, 2017 വര്‍ഷങ്ങളില്‍ അദ്ദേഹം ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ (ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്) ക്യാപ്റ്റനായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സഞ്ജു സാംസണ്‍ അന്ന് സഹീറിന്റെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹിക്കു വേണ്ടി കളിച്ചിരുന്നു. 10 വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജുവും സഹീറും വീണ്ടും സിഎസ്‌കെയിലൂടെ ഐപിഎല്ലില്‍ ഒരുമിക്കുകയാണ്.
ഔദ്യോഗിക പ്രഖ്യാപനം:
Left Arm “Taking” Over! 💫🦁
Welcoming Zaheer Khan as the Head Coach of Chennai Super Kings!#WhistlePodu #Yellove 🦁💛
— Chennai Super Kings (@ChennaiIPL) September 21, 2026
വിവിധ ഫ്രാഞ്ചെസികളിലെ അനുഭവസമ്പത്ത്
ഐപിഎല്ലില്‍ ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. ഐപിഎൽ 2019-ന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന്റെ ‘ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസ്’ ആയി നിയമിക്കപ്പെട്ട അദ്ദേഹം, തുടർന്ന് അവരുടെ ഗ്ലോബല്‍ ഡെവലപ്‌മെന്റ് ഹെഡായും പ്രവർത്തിച്ചു. ഐപിഎൽ 2025-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായി ചുമതലയേറ്റ സഹീർ, അടുത്ത സീസണിന് മുന്നോടിയായി ആ സ്ഥാനമൊഴിയുകയായിരുന്നു.
“ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയിച്ച ടീമുകളിലൊന്നിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ട്. ഒരു ക്രിക്കറ്റർ എന്ന നിലയിൽ കളിക്കളത്തിൽ ഞാൻ സിഎസ്കെയെ നേരിട്ടിട്ടുണ്ടെന്നും ആ പോരാട്ടങ്ങൾ ഏറെ ആസ്വദിച്ചിട്ടുണ്ടെന്നും പറയാൻ ആഗ്രഹിക്കുന്നു. ചേപ്പാക്കിൽ ‘സൂപ്പർഫാൻസ്’ സൃഷ്ടിക്കുന്ന അന്തരീക്ഷം ഈ അനുഭവത്തെ കൂടുതൽ സവിശേഷമാക്കുന്നു. ഇത്രയും സമ്പന്നമായ ചരിത്രമുള്ള ഒരു ലെഗസി ഫ്രാഞ്ചൈസിയുടെ ഭാഗമാകാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്”, സഹീര്‍ പറഞ്ഞു.
ചെന്നൈ സൂപ്പർ കിങ്സിന്റെ ഹെഡ് കോച്ചായി സഹീര്‍ ഖാന്‍ എത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ടീം ഉടമ രൂപാ ഗുരുനാഥ് പറഞ്ഞു. അദ്ദേഹത്തിന്റെ പരിചയസമ്പത്തും, യുവപ്രതിഭകളെ വളര്‍ത്തിയെടുക്കാനുള്ള കഴിവും സിഎസ്‌കെയ്ക്ക് കരുത്താകുമെന്നും രൂപാ ഗുരുനാഥ് അഭിപ്രായപ്പെട്ടു. സഹീറിനെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് സിഎസ്കെ മാനേജിങ് ഡയറക്ടർ കെ.എസ്. വിശ്വനാഥൻ വ്യക്തമാക്കി.
English Summary
Zaheer Khan has been appointed as the new head coach of Chennai Super Kings for IPL 2027. He replaces Stephen Fleming, who left to become England’s men’s Test head coach after an 18-year stint. The former India fast bowler previously served as a mentor and cricket director for other IPL teams.