Kerala Ranji Team: കേരള രഞ്ജി ടീം പ്രഖ്യാപിച്ചു: ക്യാപ്റ്റനായി സഞ്ജുവല്ല, സർപ്രൈസ് താരം ടീമിൽ
Sanju Samson In Kerala Ranji Team: രഞ്ജി ട്രോഫിയ്ക്കുള്ള 15 അംഗ ടീമിൽ സഞ്ജു സാംസൺ ഇടം പിടിച്ചു. എന്നാൽ, ക്യാപ്റ്റൻ മറ്റൊരാളാണ്.

കേരള ക്രിക്കറ്റ് ടീം
വരുന്ന സീസണിലെ കേരള രഞ്ജി ടീം പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീനാണ് നയിക്കുക. കഴിഞ്ഞ സീസണിലെ ക്യാപ്റ്റൻ സച്ചിൻ ബേബിയും ഇന്ത്യൻ താരം സഞ്ജു സാംസണും ടീമിലുണ്ട്. രണ്ട് അതിഥി താരങ്ങൾ ടീം വിട്ടതിന് പകരമായി മറ്റ് രണ്ട് പേരെ ഇക്കുറി ടീമിലെത്തിച്ചിട്ടുണ്ട്. ഇത്തരത്തിൽ ടീമിലെത്തിയ തമിഴ്നാട് താരം ബാബ അപരാജിത്താണ് വൈസ് ക്യാപ്റ്റൻ.
കഴിഞ്ഞ സീസൺ ദുലീപ് ട്രോഫിൽ സൗത്ത് സോണിൻ്റെ ക്യാപ്റ്റനായിരുന്നു അസ്ഹറുദ്ദീൻ. ഫൈനലിൽ സൗത്ത് സോൺ സെൻട്രൽ സോണിനോട് പരാജയപ്പെടുകയായിരുന്നു. രോഹൻ കുന്നുമ്മൽ, വത്സൽ ഗോവിന്ദ്, സൽമാൻ നിസാർ, നിധീഷ് എംഡി തുടങ്ങിയവരും കളിക്കും. ഈദൻ ആപ്പിൾ ടോം, അഹ്മദ് ഇമ്രാൻ, ഷോൺ റോജർ, അഭിഷേക് പി നായർ തുടങ്ങിയ യുവതാരങ്ങൾക്കും ഇടം ലഭിച്ചു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാന് അഹ്മദ് ഇമ്രാൻ. ലെഫ്റ്റ് ആം സ്പിൻ ഓൾറൗണ്ടർ അങ്കിത് ശർമ്മയാണ് ടീമിലെ രണ്ടാമത്തെ അതിഥി താരം. മധ്യപ്രദേശുകാരനായ അങ്കിത് ശർമ്മ കഴിഞ്ഞ ഏതാനും സീസണുകളായി പോണ്ടിച്ചേരി ടീമിലാണ് കളിച്ചിരുന്നത്. രാജസ്ഥാൻ റോയൽസ് അടക്കം വിവിധ ഐപിഎൽ ടീമുകൾക്കായും കളിച്ചിട്ടുണ്ട്.
Also Read: Sanju Samson: സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തുടരുമോ; ഐപിഎൽ ലേലത്തീയതി പുറത്ത്
മഹാരാഷ്ട്രയ്ക്കെതിരെ ഒക്ടോബർ 15നാണ് കേരളത്തിൻ്റെ രഞ്ജി ട്രോഫി ക്യാമ്പയിൻ ആരംഭിക്കുക. ഈ സീസണിൽ കേരളം വിട്ട ജലജ് സക്സേന ഇപ്പോൾ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്.
കേരള ടീം: മുഹമ്മദ് അസ്ഹറുദ്ദീൻ, ബാബ അപരാജിത്, സഞ്ജു സാംസൺ, രോഹൻ എസ് കുന്നുമ്മൽ, വത്സൽ ഗോവിന്ദ്, അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ്മ, നിധീഷ് എംഡി, ബേസിൽ എൻപി, ഈദൻ ആപ്പിൾ ടോം, അഹ്മദ് ഇമ്രാൻ, ഷോൺ റോജർ, അഭിഷേക് പി നായർ.