Vaibhav Sooryavanshi: ആ 15-കാരനെ എല്ലാവരും പേടിക്കുന്നു; ജാമിസന്റെ ആഹ്ലാദപ്രകടനത്തില്‍ എല്ലാം വ്യക്തം
Kyle Jamieson gives fiery send-off to Vaibhav Sooryavanshi: വൈഭവ് സൂര്യവംശിയുടെ വിക്കറ്റ് വീഴ്ത്തിയ ശേഷം കൈല്‍ ജാമിസണ്‍ നടത്തിയ ആഹ്ലാദപ്രകടനം ചര്‍ച്ചയാകുന്നു. പരുഷമായാണ് ജാമിസണ്‍ പെരുമാറിയത്. 15 വയസ് മാത്രം പ്രായമുള്ള സൂര്യവംശിയോട് ജാമിസന്‍ ഇങ്ങനെ പെരുമാറിയതില്‍ വിമര്‍ശനമുയരുന്നുണ്ട്.

വൈഭവ് സൂര്യവംശിയും കൈൽ ജാമിസണും
ജയ്പുര്‍, 2-5-2026: വിക്കറ്റ് ലഭിക്കുന്ന ഒരു ബൗളറുടെ മുഖത്ത് എഴുതിവെച്ചിട്ടുണ്ടാകും, ഔട്ടായത് എത്രത്തോളം അപകടകാരിയായ ബാറ്ററാണെന്ന്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍ കൈല്‍ ജാമിസണ്‍ വിക്കറ്റ് ലഭിച്ചതിനു ശേഷം നടത്തിയ ആഹ്ലാദപ്രകടനമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരെ പോലുള്ള വന്‍മരങ്ങളെ വീഴ്ത്തിയതിന്റെ സന്തോഷമായിരുന്നു ജാമിസന്റെ മുഖഭാവത്തില്‍ പ്രകടമായിരുന്നത്. അതെ, ഭാവിയില്‍ ഒരുപക്ഷേ, കോലി, രോഹിത് തുടങ്ങിയവരെക്കാള്‍ റെക്കോഡുകള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന 15-കാരന്‍ വൈഭവ് സൂര്യവംശിയെ വീഴ്ത്തിയതിന്റെ ആഹ്ലാദമായിരുന്നു ജാമിസണ്‍ ആ സമയം പ്രകടിപ്പിച്ചത്.
രണ്ടാം ഓവറിലെ അഞ്ചാം പന്തിലാണ് ജാമിസണ്‍ സൂര്യവംശിയെ ക്ലീന്‍ ബൗള്‍ഡ് ചെയ്തത്. ജാമിസണ്‍ എറിഞ്ഞ തകര്‍പ്പനൊരു യോര്‍ക്കര്‍ പ്രതിരോധിക്കാന്‍ സൂര്യവംശിക്ക് സാധിച്ചില്ല. പന്ത് നേരെ സ്റ്റമ്പില്‍ കൊണ്ട് ബെയ്ല്‍സ് താഴെ വീണു. ഔട്ടായതിന്റെ നിരാശയില്‍ സൂര്യവംശി നില്‍ക്കുന്നതിനിടെ, അഗ്രസീവായി കുട്ടിത്താരത്തെ നോക്കിയും, കൈയ്യടിച്ചുമാണ് ജാമിസണ്‍ ആ നിമിഷം ആഘോഷിച്ചത്.
വീഡിയോ കാണാം
The celebration of Kyle Jamieson after dismissing Vaibhav Suryavanshi. pic.twitter.com/s6Otq9Uu0X
— Mufaddal Vohra (@mufaddal_vohra) May 1, 2026
ജാമിസന്റെ ഈ പ്രവൃത്തിക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്. ഒരു കുട്ടിക്ക് നേരെ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും, ജാമിസന്‍ പക്വത കാണിക്കണമായിരുന്നുവെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ ഇത് സൂര്യവംശിക്ക് കിട്ടാവുന്ന വലിയ അംഗീകാരമാണെന്നാണ് മറ്റ് ചിലരുടെ വാദം. 15-കാരന്‍ സൂര്യവംശിയെ ബൗളര്‍മാര്‍ എത്രത്തോളം ഭയപ്പെടുന്നുവെന്ന് ഇത് തെളിയിക്കുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: CSK vs MI: തിരിച്ചുവരവിനൊരുങ്ങി ചെന്നൈ; മുംബൈയ്ക്ക് ഇന്ന് അഗ്നിപരീക്ഷ
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ വൈഭവ് ഫോറടിച്ചിരുന്നു. എന്നാല്‍ രണ്ടാം പന്തില്‍ പുറത്തായി. വൈഭവ്-യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ് സഖ്യമാണ് ഈ സീസണില്‍ റോയല്‍സിന്റെ കരുത്ത്. ഡല്‍ഹിക്കെതിരെ ഇരുവരും നിരാശപ്പെടുത്തിയതോടെ, ഏഴു വിക്കറ്റിന്റെ തോല്‍വി റോയല്‍സ് നേരിട്ടു.
വൈഭവിന്റെ പ്രകടനം
മിന്നും പ്രകടനമാണ് ഈ സീസണിലും വൈഭവ് സൂര്യവംശി ആവര്‍ത്തിക്കുന്നത്. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ നിലവില്‍ നാലാമതാണ്. 10 മത്സരങ്ങളില്‍ നിന്ന് 404 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഈ സീസണിലെ റണ്‍ വേട്ടക്കാരിലെ ടോപ് 10-ല്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ളതും സൂര്യവംശിക്കാണ്; 237.64. രണ്ട് അര്‍ധ സെഞ്ചുറിയും, ഒരു സെഞ്ചുറിയും ഈ സീസണില്‍ താരം ഇതുവരെ നേടിയിട്ടുണ്ട്. 35 ഫോറും, 37 സിക്‌സറുകലും അടിച്ചുകൂട്ടി.
ഈ സീസണില്‍ ആദ്യം 400 റണ്‍സ് എത്തിയ ബാറ്ററും സൂര്യവംശിയാണ്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും വേഗം 400 റണ്‍സ് എത്തിയ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. വെറും 167 പന്താണ് 400 റണ്‍സിലെത്താന്‍ വൈഭവിന് വേണ്ടി വന്നത്. 2019- സീസണില്‍ 188 പന്തില്‍ നിന്ന് 400 എത്തിയ ആന്ദ്രെ റസലിന്റെ നേട്ടമാണ് വൈഭവ് മറികടന്നത്.
നിലവില്‍ കെഎല്‍ രാഹുലാണ് ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ഒന്നാമത്. 433 റണ്‍സാണ് ഒമ്പത് മത്സരങ്ങളില്‍ നിന്ന് രാഹുല്‍ നേടിയത്. അഭിഷേക് ശര്‍മ (425 റണ്‍സ്), ഹെയിന്റിച്ച് ക്ലാസണ്‍ (414 റണ്‍സ്) എന്നിവരും വൈഭവിന് മുന്നിലുണ്ട്.
ഡല്‍ഹിക്കെതിരെ സംഭവിച്ചത്
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തു. എന്നാല്‍ 19.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ് വിജയലക്ഷ്യം മറികടന്നു.
English Summary
Kyle Jamieson’s aggressive behaviour after taking the wicket of Vaibhav Sooryavanshi in the RR vs DC match of IPL 2026 has been criticised. Fans say this is not right. Others say it is proof of how much bowlers fear Vaibhav Sooryavanshi. The video has gone viral.