MLC 2025: ഗ്രൂപ്പ് ഘട്ടത്തിൽ ജയിച്ചത് വെറും മൂന്ന് കളി; തപ്പിത്തടഞ്ഞ് പ്ലേ ഓഫിലെത്തി കപ്പുമായി മടങ്ങുന്ന എംഐ ന്യൂയോർക്ക് മാജിക്
MI New York Becomes MLC 2025 Champion: മേജർ ലീഗ് ക്രിക്കറ്റിൽ എംഐ ന്യൂയോർക്ക് ചാമ്പ്യന്മാർ. ഫൈനലിൽ വാഷിംഗ്ടൺ ഫ്രീഡത്തെ തോല്പിച്ചാണ് എംഐയുടെ കിരീടധാരണം.
മേജർ ലീഗ് ക്രിക്കറ്റിൻ്റെ സീസണിൽ ചാമ്പ്യന്മാരായി എംഐ ന്യൂയോർക്ക്. ഗ്രൂപ്പ് ഘട്ടത്തിൽ വെറും മൂന്ന് മത്സരങ്ങൾ വിജയിച്ചാണ് എംഐ ന്യൂയോർക്ക് പ്ലേ ഓഫിലെത്തിയത്. പിന്നീട് എലിമിനേറ്ററും ചലഞ്ചറും വിജയിച്ച് ഫൈനലിലെത്തിയ എംഐ, വാഷിംഗ്ടൺ ഫ്രീഡത്തെ അഞ്ച് വിക്കറ്റിന് കീഴടക്കി. 2023ൽ ആദ്യ കിരീടം നേടിയ എംഐ ന്യൂയോർക്കിൻ്റെ രണ്ടാം ടൈറ്റിലാണിത്.
10 മത്സരങ്ങളിൽ എട്ടും വിജയിച്ച് ആധികാരികമായാണ് വാഷിംഗ്ടൺ ഫ്രീഡം ഫൈനൽ യോഗ്യത നേടിയത്. 16 പോയിൻ്റുമായി ഫ്രീഡം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ 10 കളിയിൽ കേവലം മൂന്ന് വിജയങ്ങളും 6 പോയിൻ്റുമായി എംഐ നാലാം സ്ഥാനത്തായിരുന്നു. സിയാറ്റിൽ ഓർകാസിനും ആറ് പോയിൻ്റുണ്ടായിരുന്നു. എന്നാൽ, മികച്ച നെറ്റ് റൺ റേറ്റ് എംഐയ്ക്ക് തുണയായി. ടെക്സസ് സൂപ്പർ കിംഗ്സ് രണ്ടാമതും സാൻഫ്രാൻസിസ്കോ യൂണികോൺസ് മൂന്നാമതും ഫിനിഷ് ചെയ്തു.




വാഷിംഗ്ടൺ ഫ്രീഡവും ടെക്സസ് സൂപ്പർ കിംഗ്സുമായുള്ള ആദ്യ ക്വാളിഫയർ മഴ കൊണ്ടുപോയതോടെ പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ള ഫ്രീഡം ഫൈനലിലേക്ക്. എലിമിനേറ്ററിൽ സാൻ ഫ്രാൻസിസ്കോ യൂണികോൺസിനെ എംഐ ന്യൂയോർക്ക് രണ്ട് വിക്കറ്റിന് വീഴ്ത്തി. രണ്ടാം ക്വാളിഫയറിൽ എംഐ ന്യൂയോർക്കും ടെക്സസ് സൂപ്പർ കിംഗ്സും. മഞ്ഞ കണ്ട് വീണ്ടും പൊള്ളാർഡിന് ഹാലിളകിയപ്പോൾ എംഐയ്ക്ക് ഏഴ് വിക്കറ്റ് ജയം.
ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത എംഐ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 180 റൺസ് നേടി. ക്വിൻ്റൺ ഡികോക്ക് (46 പന്തിൽ 77) ആയിരുന്നു ടോപ്പ് സ്കോറർ. മറുപടി ബാറ്റിംഗിൽ രചിൻ രവീന്ദ്ര (41 പന്തിൽ 70), ഗ്ലെൻ ഫിലിപ്സ് (34 പന്തിൽ 48) എന്നിവർ തിളങ്ങിയെങ്കിലും ഫ്രീഡത്തിന് വിജയലക്ഷ്യം ഭേദിക്കാനായില്ല.