അമ്പട വില്ലന്മാരേ! ഒത്തുകളി സംശയത്തിന്റെ നിഴലിൽ പാക് താരങ്ങൾ; രണ്ട് കളിക്കാരുടെ ഫോണുകളിൽ ‘ചോർച്ച’
Pakistan team under suspicion of fixing: പാകിസ്താൻ ക്രിക്കറ്റ് വൻ പ്രതിസന്ധിയിലേക്കും വിവാദങ്ങളിലേക്കും നീങ്ങുന്നതായി സൂചന. ഇംഗ്ലണ്ട് പര്യടനത്തിലുള്ള പാകിസ്താൻ, മൂന്നാം ടെസ്റ്റിന് മുമ്പ് ഏഴ് താരങ്ങളെയും രണ്ട് പരിശീലകരെയും അപ്രതീക്ഷിതമായി നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഒത്തുകളി വിവാദങ്ങളെ തുടർന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (PCB) ഇത്തരമൊരു അടിയന്തര നടപടി സ്വീകരിച്ചത് എന്ന നിലയ്ക്കുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ലണ്ടൻ: പാകിസ്താൻ ക്രിക്കറ്റ് വൻ പ്രതിസന്ധിയിലേക്കും വിവാദങ്ങളിലേക്കും നീങ്ങുന്നതായി സൂചന. ഇംഗ്ലണ്ട് പര്യടനത്തിലുള്ള പാകിസ്താൻ, മൂന്നാം ടെസ്റ്റിന് മുമ്പ് ഏഴ് താരങ്ങളെയും രണ്ട് പരിശീലകരെയും അപ്രതീക്ഷിതമായി നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഒത്തുകളി വിവാദങ്ങളെ തുടർന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (PCB) ഇത്തരമൊരു അടിയന്തര നടപടി സ്വീകരിച്ചത് എന്ന നിലയ്ക്കുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്നാണ് താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചത് എന്നാണ് കരുതിയിരുന്നത്, പാക് ടീം ആദ്യം പറഞ്ഞിരുന്നതും അങ്ങനെയാണ്. എന്നാൽ പാക് മാധ്യമങ്ങൾ ഇപ്പോൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പറയുന്നത് ഒത്തുകളി നടന്നു എന്ന ചില സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത് എന്നാണ്.
സംശയാസ്പദമായ രീതിയിൽ ബുക്കിമാരുമായോ ഒത്തുകളി സംഘങ്ങളുമായോ ബന്ധപ്പെട്ടു എന്ന ആരോപണത്തെ തുടർന്നാണ് ഏഴ് താരങ്ങൾക്കെതിരെ പാകിസ്താൻ പെട്ടെന്ന് നടപടിയെടുത്തത് എന്നാണ് റിപ്പോർട്ട്. പ്രമുഖ താരങ്ങളായ മുഹമ്മദ് റിസ്‌വാൻ, ഇമാം ഉൾ ഹഖ് എന്നിവർ പിസിബിയുടെ നിരീക്ഷണത്തിലാണ്. ഇവരുടെ മൊബൈൽ ഫോണുകൾ പിസിബി അധികൃതർ പിടിച്ചെടുത്തതോടെയാണ് ഒത്തുകളി ആരോപണം കൂടുതൽ ബലപ്പെട്ടത്.
ALSO READ: “ഇനി സമയം കളയരുത്, റിങ്കുവിനെ നായകനാക്കൂ!”: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് മുൻതാരം
റിസ്‌വാനും ഇമാമിനും പുറമെ സൽമാൻ അലി ആഘ, അലി ഉസ്മാൻ, ഖുറം ഷഹ്‌സാദ്, ആമിർ ജമാൽ, മുഹമ്മദ് അവൈസ് സഫർ എന്നിവരെയാണ് ടീമിൽ നിന്ന് ഒഴിവാക്കിയത്. ഇതിന് പുറമെ മുഖ്യ പരിശീലകൻ സർഫറാസ് അഹമ്മദ്, ബൗളിംഗ് പരിശീലകൻ ഉമർ ഗുൽ എന്നിവരെയും ചുമതലകളിൽ നിന്ന് നീക്കി. അന്വേഷണത്തിൻ്റെ ഭാഗമായി പരമ്പര അവസാനിക്കുന്നത് വരെ മറ്റ് ചില താരങ്ങളുടെ ഫോണുകളും പിസിബി കസ്റ്റഡിയിൽ വെക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ലോർഡ്‌സിൽ നടന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് 194 റൺസിന് പാകിസ്താൻ പരാജയപ്പെട്ടതിന് പിന്നാലെ ടീമിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥൻ റിസ്‌വാൻ്റെയും ഇമാമിൻ്റെയും ഫോണുകൾ വാങ്ങിവെക്കുകയും അതിലെ ഡാറ്റ മറ്റൊരു ഉപകരണത്തിലേക്ക് മാറ്റുകയും ചെയ്തു എന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സിനും 103 റൺസിനും, ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ 194 റൺസിനും പാക്കിസ്ഥാൻ പരാജയപ്പെട്ടിരുന്നു.
ലോർഡ്‌സ് ടെസ്റ്റിൽ കാലിന് പരിക്കേറ്റതിനെ തുടർന്ന് ഇമാം ഉൾ ഹഖ് ബാറ്റ് ചെയ്തിരുന്നില്ല. ഇതിനെതിരേ പിസിബി ഡയറക്ടർ ആഖിബ് ജാവേദ് തന്നെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ബാറ്റ് ചെയ്യുന്നതിൽ നിന്ന് താരത്തെ പൂർണ്ണമായി തടയുന്ന പരുക്ക് ആയിരുന്നില്ലെന്നും ഇതിൽ ഇമാം ഉൾ ഹഖ് അന്വേഷണം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ടീമിലെ അച്ചടക്കവും പെരുമാറ്റവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പിസിബി വക്താവ് വ്യക്തമാക്കി. എന്നാൽ ഒത്തുകളിയുമായി ബന്ധപ്പെട്ടാണോ അന്വേഷണം എന്ന് ബോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പിസിബി വ്യക്തമാക്കുന്നത്. ഒത്തുകളി വിവാദം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പാകിസ്താൻ ക്രിക്കറ്റിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് എന്നാണ് നിലവിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് പുറമേ ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗവും വിഷയം ഗൗരവമായി അന്വേഷിക്കുന്നുണ്ട് എന്ന് സൂചനയുണ്ട്. കുറ്റം തെളിഞ്ഞാൽ ഈ താരങ്ങൾക്ക് കരിയർ തന്നെ നഷ്ടപ്പെടുന്ന തരത്തിലുള്ള ദീർഘകാല വിലക്ക് നേരിടേണ്ടി വരും. ഈ വിവാദം പാകിസ്താൻ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
English Summary
Pakistan cricket is heading towards a major crisis and controversy. Pakistan, which is on a tour of England, unexpectedly sent seven players and two coaches back home before the third Test. New reports in the Pakistani media indicate that the Pakistan Cricket Board (PCB) has taken such an emergency step following the match-fixing scandal.