ഭാര്യയുമായി വഴക്കിട്ടോ? വീഡിയോക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി കമ്മിന്‍സ്; ഖവാജയ്ക്കെതിരെ വിമര്‍ശനം
Pat Cummins Hits Back at Usman Khawaja: താനും ഭാര്യ ബെക്കിയും തമ്മില്‍ രൂക്ഷമായ വാഗ്വാദത്തിലേര്‍പ്പെട്ടതായി തോന്നിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് പ്രതികരിച്ച് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. തങ്ങള്‍ക്ക് വഴക്കുണ്ടാക്കിയതല്ലെന്നും, ഉസ്മാന് ഖവാജയെക്കുറിച്ചായിരുന്നു ആ ചര്‍ച്ചയെന്നും കമ്മിന്‍സ്

Pat Cummins
താനും ഭാര്യ ബെക്കിയും തമ്മില്‍ രൂക്ഷമായ വാഗ്വാദത്തിലേര്‍പ്പെട്ടതായി തോന്നിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് പ്രതികരിച്ച് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. തങ്ങള്‍ക്ക് വഴക്കുണ്ടാക്കിയതല്ലെന്നും, ഉസ്മാന് ഖവാജയെക്കുറിച്ചായിരുന്നു ആ ചര്‍ച്ചയെന്നും കമ്മിന്‍സ് പറഞ്ഞു. പന്ത് ചുരണ്ടല്‍ വിവാദത്തെക്കുറിച്ച് ഖവാജ ഉന്നയിച്ച ആരോപണങ്ങളില്‍ ബെക്കിക്ക് അമര്‍ഷമുണ്ടെന്നും കമ്മിന്‍സ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. പത്രസമ്മേളനത്തിന് മണിക്കൂറുകൾക്ക് മുമ്പ്, കമ്മിൻസും ഭാര്യയും തമ്മിൽ രൂക്ഷമായ തർക്കത്തിലേർപ്പെടുന്നതായി തോന്നിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
തന്റെ സ്വകാര്യജീവിതം പര്യസമാക്കുന്നത് തീര്‍ത്തും അസംബന്ധമാണെന്ന് കമ്മിന്‍സ് പറഞ്ഞതായി ഫോക്സ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു. താനും ഭാര്യയും ചര്‍ച്ച ചെയ്തത് ഖവാജയെക്കുറിച്ചാണെന്നും എട്ട് വർഷം പഴക്കമുള്ള വിവാദത്തെക്കുറിച്ച് വീണ്ടും ചർച്ചകൾക്ക് വഴിവെച്ച ഖവാജയുടെ വെളിപ്പെടുത്തലുകളും, ആ സംഭവം വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവും ബെക്കിക്ക് കടുത്ത നിരാശയും ദേഷ്യവുമുണ്ടാക്കിയെന്നും ഓസീസ് ക്യാപ്റ്റന്‍ പറഞ്ഞു.
ആരോപണങ്ങള്‍ തള്ളി കമ്മിന്‍സ്
പന്ത് ചുരണ്ടല്‍ വിവാദത്തെക്കുറിച്ച് ടീമംഗങ്ങള്‍ക്കെല്ലാം അറിവുണ്ടായിരുന്നുവെന്ന ഖവാജയുടെ ആരോപണങ്ങള്‍ കമ്മിന്‍സ് നേരത്തെ തള്ളിയിരുന്നു. സ്റ്റാർക്ക്, ഹേസൽവുഡ്, ലിയോൺ എന്നിവരടങ്ങുന്ന ബോളിംഗ് നിരയ്ക്കും തനിക്കും ഇക്കാര്യങ്ങൾ അറിയാമായിരുന്നു എന്ന ഖവാജയുടെ പ്രസ്താവന പൂർണ്ണമായും തെറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Also Read: നാണംകെട്ട തോല്‍വിക്ക് പിന്നാലെ പിച്ചിനെ പഴിച്ച് അയ്യര്‍; ക്യാപ്റ്റനോട് യോജിക്കാതെ ഗംഭീര്‍
“ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു എന്ന് ഖവാജ പറയുമ്പോൾ, സാൻഡ്പേപ്പർ കളത്തിലേക്ക് കൊണ്ടുപോകുന്നുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു എന്നാണ് അദ്ദേഹം അർത്ഥമാക്കുന്നതെങ്കിൽ, അത് 100 ശതമാനം തെറ്റാണ്. കഴിഞ്ഞ എട്ട് വർഷമായി ഞാൻ ഇക്കാര്യം സ്ഥിരമായി പറഞ്ഞിട്ടുള്ളതാണ്. അത്തരമൊരു സംഭവം നടക്കുന്നുണ്ടെന്ന് എനിക്ക് അറിവുണ്ടായിരുന്നില്ല. എന്നാൽ ഇതിനേക്കാൾ ഗൗരവമേറിയ കാര്യങ്ങളാണ് ഉസ്മാൻ ഇപ്പോൾ പറയുന്നത്. സാൻഡ്പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടാനുള്ള പദ്ധതിയുടെ സൂത്രധാരന്മാരിൽ ഒരാളാണ് ഞാനും മറ്റ് കളിക്കാരും എന്നാണ് അദ്ദേഹം പറയുന്നത്. അത് പൂർണ്ണമായും അസംബന്ധമാണ്”-കമ്മിന്‍സ് പ്രതികരിച്ചു.
താന്‍ ഇതിൽ ചെറിയൊരു ഇര മാത്രമാണ്. എന്നാൽ എട്ട് വർഷം മുൻപുള്ള ആ സംഭവങ്ങൾ താരങ്ങള്‍ക്ക് ഏറെ മാനസിക വിഷമം ഉണ്ടാക്കിയതായിരുന്നു. തങ്ങളെ എല്ലാവരെയും, ഓസ്ട്രേലിയൻ ക്രിക്കറ്റിനെ തന്നെ അത് തളർത്തിയിരുന്നു. അതുകൊണ്ട് തന്നെ, ഇത്രയും ലാഘവത്തോടെയും നിസാരമായും ആ വിഷയം വീണ്ടും എടുത്തിടുന്നത് ഒട്ടും ഉത്തരവാദിത്തമില്ലായ്മയാണെന്നും കമ്മിന്‍സ് പറഞ്ഞു.
English Summary
Pat Cummins dismissed rumors of a viral argument with his wife, clarifying she was actually upset with Usman Khawaja. Khawaja’s new book claimed the Australian bowling quartet knew about the 2018 ball-tampering scandal. Cummins strongly denied these allegations, calling Khawaja’s remarks completely false and irresponsible.