Ranji Trophy 2025: തലപൊക്കി വാലറ്റം; കേരളത്തിനെതിരെ പടുകൂറ്റൻ സ്കോറുമായി പഞ്ചാബ്
Punjab Score vs Kerala In Ranji: കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ പഞ്ചാബ് 436 റൺസിന് പുറത്ത്. 170 റൺസ് നേടിയ ഹർനൂർ സിംഗ് ആണ് ടോപ്പ് സ്കോറർ.

പ്രതീകാത്മക ചിത്രം
കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ പഞ്ചാബിന് പടുകൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 436 റൺസിന് ഓളൗട്ടാവുകയായിരുന്നു. 170 റൺസ് നേടിയ ഹർനൂർ സിംഗ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ 9ആം നമ്പറിൽ ഇറങ്ങിയ പ്രേരിത് ദത്ത 72 റൺസുമായി മികച്ച പ്രകടനം നടത്തി. കേരളത്തിനായി അങ്കിത് ശർമ്മ നാല് വിക്കറ്റ് വീഴ്ത്തി.
ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 240 റൺസെന്ന നിലയായിരുന്നു പഞ്ചാബ്. ക്രിഷ് ഭഗത് (28) അങ്കിത് ശർമ്മയ്ക്ക് മുന്നിൽ കീഴടങ്ങിയപ്പോൾ ഒരുവശത്ത് ഉറച്ചുനിന്ന ഹർനൂർ സിംഗ് നിധീഷ് എംഡിയുടെ ഇരയായി മടങ്ങി. 8 വിക്കറ്റ് നഷ്ടത്തിൽ 312 റൺസെന്ന നിലയിൽ പ്രേരിത് ദത്തയും മായങ്ക് മാർക്കണ്ഡെയും ഒത്തുചേർന്നു.
Also Read: Abhishek Nair: അഭിഷേക് നായറിന് സ്ഥാനക്കയറ്റം; കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ മുഖ്യ പരിശീലകനാവും
കേരള ബൗളർമാരെ ഫലപ്രദമായി നേരിട്ട സഖ്യം ടോപ്പ് ഓർഡർമാരെ നാണിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഇരുവരും ക്രീസിലുറച്ചുനിന്ന് വിക്കറ്റിനിടയിലെ ഓട്ടത്തിലൂടെ റൺസ് ഉയർത്തി. 111 റൺസിൻ്റെ നിർണായക കൂട്ടുകെട്ടാണ് 9ആം വിക്കറ്റിൽ ഈ സഖ്യം പടുത്തുയർത്തിയത്. ഇതിനിടെ പ്രേരിത് ദത്ത തൻ്റെ ഫിഫ്റ്റിയും തികച്ചു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കൂട്ടുകെട്ട് തകർക്കാൻ കേരളത്തിന് കഴിഞ്ഞില്ല. ഒടുവിൽ അഹമ്മദ് ഇമ്രാനാണ് പ്രേരിതിനെ വീഴ്ത്തി ഈ കൂട്ടുകെട്ട് പൊളിച്ചത്. ആയുഷ് ഗോയലിനെ (0) മടക്കി അങ്കിത് ശർമ്മ പഞ്ചാബ് ഇന്നിംഗ്സ് അവസാനിപ്പിച്ചു. 48 റൺസ് നേടിയ മായങ്ക് മാർക്കണ്ഡെ നോട്ടൗട്ടാണ്.
രണ്ട് ദിവസമാണ് ഇനി ഈ കളിയിൽ അവശേഷിക്കുന്നത്. രണ്ട് ടീമുകൾക്കും ആദ്യ ഇന്നിംഗ്സ് ലീഡ് മാത്രമാവും ഇനി ലക്ഷ്യം.