Sanju Samson: തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജുവിന് പരാജയം; ലോകകപ്പ് ടീമിലേക്ക് കിഷൻ എത്തുമോ?
Sanju Samson Failed Again: തുടരെ രണ്ടാം മത്സരത്തിലും സഞ്ജു സാംസൺ കുറഞ്ഞ സ്കോറിന് പുറത്ത്. ആറ് റൺസാണ് താരം ഈ കളി നേടിയത്.

സഞ്ജു സാംസൺ
തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി സഞ്ജു സാംസൺ. ആദ്യ കളി 10 റൺസെടുത്ത് പുറത്തായ സഞ്ജു രണ്ടാം മത്സരത്തിൽ നേടിയത് വെറും ആറ് റൺസാണ്. ഇന്നിംഗ്സിലെ രണ്ടാം പന്തിൽ മാറ്റ് ഹെൻറിയെ സിക്സർ പറത്തിയ താരം അഞ്ചാം പന്തിൽ രചിൻ രവീന്ദ്രയുടെ കൈകളിൽ അവസാനിച്ചു.
താരം നേടിയ സിക്സറും ആധികാരികമായിരുന്നില്ല. ഒരു അനായാസ ക്യാച്ച് നിലത്തിട്ട ഡെവോൺ കോൺവേ സഞ്ജുവിന് സിക്സർ സമ്മാനിക്കുകയായിരുന്നു. തുടർന്ന് മൂന്ന് പന്തുകൾ കൂടി മാത്രമേ സഞ്ജുവിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. തുടർച്ചയായ രണ്ടാം പരാജയത്തോടെ സഞ്ജുവിൻ്റെ സ്ഥാനവും ഭീഷണിയിലാണ്. ഇന്നത്തെ കളി ടീമിനെ വിജയിപ്പിക്കുന്ന ഒരു ഇന്നിംഗ്സ് കളിക്കാൻ ഇഷാൻ കിഷന് സാധിച്ചാൽ സഞ്ജുവിന് പകരം കിഷൻ ടീമിലെത്തുന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.
Also Read: India vs New Zealand: കുതിച്ചോടിയ ന്യൂസീലൻഡിനെ പിടിച്ചുകെട്ടി ഇന്ത്യ; വിജയലക്ഷ്യം 209 റൺസ്
അതേസമയം, സഞ്ജുവിന് പിന്നാലെ അഭിഷേക് ശർമ്മയും പവലിയനിലേക്ക് മടങ്ങി. നേരിട്ട ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്ക് ആയാണ് താരം പുറത്തായത്. ജേക്കബ് ഡഫിയുടെ പന്തിൽ സഞ്ജുവിൻ്റെ ക്യാച്ച് മിസായ അതേ പൊസിഷനിൽ ഡെവോൺ കോൺവെ തന്നെ അഭിഷേകിനെ പൊടികൂടുകയായിരുന്നു.
രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 209 റൺസ് ആണ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 208 റൺസ് നേടി. കൂറ്റൻ സ്കോറിലേക്ക് കുതിച്ച കിവീസിനെ മധ്യ ഓവറുകളിൽ തകർത്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ നിയന്ത്രിച്ചുനിർത്തുകയായിരുന്നു. 47 റൺസ് നേടി പുറത്താവാതെ നിന്ന മിച്ചൽ സാൻ്റ്നറാണ് കിവീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ കളി വിജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്.