India vs New Zealand: ഈ ടീം പൊളിയാണ്; ഇഷാനും സൂര്യയും അടിയോടടി; റായ്പൂരില്‍ കീവിസിനെ തുരത്തിയോടിച്ച് ഇന്ത്യ
India vs New Zealand 2nd T20I: രണ്ടാം ടി20യിലും ന്യൂസിലന്‍ഡിനെ തോല്‍പിച്ച് സൂര്യകുമാര്‍ യാദവും സംഘവും ജൈത്രയാത്ര തുടരുന്നു. 209 റണ്‍സ് വിജയലക്ഷ്യം വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. അതും 28 പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യയുടെ വിജയം.
റായ്പുര്‍: രണ്ടാം ടി20യിലും ന്യൂസിലന്‍ഡിനെ തുരത്തിയോടിച്ച് സൂര്യകുമാര്‍ യാദവും സംഘവും ജൈത്രയാത്ര തുടരുന്നു. 209 റണ്‍സ് വിജയലക്ഷ്യം വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. അതും 28 പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യയുടെ വിജയമെന്നതാണ് മത്സരത്തിലെ ഹൈലൈറ്റ്. ഫോമിലേക്ക് തിരികെയെത്തിയ സൂര്യകുമാര്‍ യാദവും, കിട്ടിയ അവസരം മുതലാക്കിയ ഇഷാന്‍ കിഷനുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം ഒരുക്കിയത്.
സൂര്യ 37 പന്തില്‍ 82 റണ്‍സുമായി പുറത്താകാതെ നിന്നു. ഇഷാന്‍ 32 പന്തില്‍ 76 റണ്‍സെടുത്തു. ഇരുവരും നാല് സിക്‌സുകല്‍ വീതം പായിച്ചു. പുറത്താകാതെ 18 പന്തില്‍ 36 റണ്‍സെടുത്ത ശിവം ദുബെയും തിളങ്ങി. ഓപ്പണര്‍മാരായ സഞ്ജു സാംസണും, അഭിഷേക് ശര്‍മയും മാത്രമാണ് മോശം പ്രകടനം പുറത്തെടുത്തത്. സഞ്ജു അഞ്ച് പന്തില്‍ ആറു റണ്‍സുമായി പുറത്തായി. അഭിഷേക് ഗോള്‍ഡന്‍ ഡക്കായിരുന്നു.
സഞ്ജുവിനെ മാറ്റ് ഹെന്റിയും, അഭിഷേകിനെ ജേക്കബ് ഡഫിയും, ഇഷാനെ ഇഷ് സോധിയും പുറത്താക്കി. ആദ്യ മത്സരത്തിലും ഇന്ത്യ ജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കും.
Also Read: Sanju Samson: തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജുവിന് പരാജയം; ലോകകപ്പ് ടീമിലേക്ക് കിഷൻ എത്തുമോ?
പുറത്താകാതെ 27 പന്തില്‍ 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറാണ് കീവിസിന്റെ ടോപ് സ്‌കോറര്‍. ഡെവോണ്‍ കോണ്‍വെ-9 പന്തില്‍ 19, ടിം സെയിഫെര്‍ട്ട്-13 പന്തില്‍ 24, രചിന്‍ രവീന്ദ്ര-26 പന്തില്‍ 44, ഗ്ലെന്‍ ഫിലിപ്‌സ്-13 പന്തില്‍ 19, ഡാരില്‍ മിച്ചല്‍-11 പന്തില്‍ 18, മാര്‍ക്ക് ചാപ്മാന്‍-13 പന്തില്‍ 10, സാക്കറി ഫോള്‍ക്ക്‌സ്-എട്ട് പന്തില്‍ 15 നോട്ടൗട്ട് എന്നിവരുടെ ബാറ്റിങും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ന്യൂസിലന്‍ഡിനെ സഹായിച്ചു.
ഇന്ത്യയ്ക്കു വേണ്ടി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദ്ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പങ്കിട്ടെടുത്തു. ഗുവാഹത്തിയിലാണ് നാളത്തെ മത്സരം.