Sanju Samson: സഞ്ജു സാംസൺ ഏകദിന ടീമിലും കളിക്കും; ഓസ്ട്രേലിയക്കെതിരെ പരിഗണിക്കപ്പെടുന്നവരിൽ അഭിഷേക് ശർമ്മയും
Sanju Samson In ODI Team: ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിലേക്ക് സഞ്ജു സാംസണെയും പരിഗണിക്കുന്നു. ഋഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിനാലാണ് സഞ്ജുവിന് നറുക്ക് വീഴുക.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണും കളിച്ചേക്കുമെന്ന് സൂചന. സഞ്ജുവിനെയും ഓപ്പണർ അഭിഷേക് ശർമ്മയെയും ടീമിൽ പരിഗണിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കയിൽ സെഞ്ചുറി നേടിയെങ്കിലും ചാമ്പ്യൻസ് ട്രോഫി ടീമിൽ സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. എന്നാൽ, ഋഷഭ് പന്ത് പരിക്കേറ്റ് പുറത്തായ സാഹചര്യത്തിൽ സഞ്ജു ടീമിലെത്തുമെന്നാണ് വിവരം.
രോഹിത് ശർമ്മയും ശുഭ്മൻ ഗില്ലും തന്നെ ഓപ്പൺ ചെയ്യുമ്പോൾ ബാക്കപ്പ് ഓപ്പണറായാവും അഭിഷേകിനെ പരിഗണിക്കുക. രോഹിത് ശർമ്മ വിരമിക്കുമ്പോൾ ആ റോളിലേക്ക് അഭിഷേകിനെ തയ്യാറാക്കുകയാവും ബിസിസിഐയുടെ ലക്ഷ്യം. വിരാട് കോലി, ശ്രേയാസ് അയ്യർ എന്നിവരും ടീമിലുണ്ടാവും. സീനിയർ ടീം പര്യടനത്തിന് മുൻപ് ഓസ്ട്രേലിയ എയ്ക്കെതിരെ ഇന്ത്യ എ ടീമിനെ നയിക്കുക ശ്രേയാസാണ്. ഇതിന് ശേഷം കെഎൽ രാഹുൽ ഇറങ്ങുമ്പോൾ സഞ്ജുവിൻ്റെ സാധ്യത ആറാം നമ്പരിലാണ്.
രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയാൽ സഞ്ജു പുറത്തിരുന്നേക്കും. അങ്ങനെയെങ്കിൽ ആറാം നമ്പരിൽ ഹാർദിക് പാണ്ഡ്യ കളിക്കും. സഞ്ജു വിക്കറ്റ് കീപ്പറായാൽ ഹാർദിക് ഏഴാം നമ്പരിൽ. അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവരിൽ നിന്ന് ഒരാൾ എട്ടാം നമ്പരിൽ. തുടർന്ന് കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരും ഇന്ത്യൻ നിരയിലുണ്ടാവും. സഞ്ജു കളിച്ചില്ലെങ്കിൽ അക്സർ, ജഡേജ എന്നിവർ ഒരുമിച്ച് കളിച്ചേക്കും.
ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ഏകദിന പരമ്പരയാണിത്. മൂന്ന് ഏകദിനങ്ങലും അഞ്ച് ടി20കളും പര്യടനത്തിലുണ്ട്. ഒക്ടോബർ 19 മുതൽ 25 വരെ ഏകദിന പരമ്പരയും ഒക്ടോബർ 29 മുതൽ നവംബർ എട്ട് വരെ ടി20 പരമ്പരയും നടക്കും. രോഹിത് ശർമ്മയാവും ടീം ക്യാപ്റ്റൻ. വിരാട് കോലിയും കളിയ്ക്കും. ഇരുവർക്കും പര്യടനം വളരെ നിർണായകമാണ്.