Sanju Samson: സഞ്ജുവിന് തിരിച്ചടിയാവുന്ന സാങ്കേതികപ്പിഴവ്; ട്രിഗർ മൂവ്മെൻ്റ് നിയന്ത്രിച്ചില്ലെങ്കിൽ പ്രശ്നം വഷളാവും
Sanju Samson Technical Flaw: സാങ്കേതികപ്പിഴവാണ് സഞ്ജു സാംസണിൻ്റെ പരാജയങ്ങൾക്ക് കാരണം. അതും താരത്തിന് വലിയ സ്കോറുകൾ സമ്മാനിച്ച അതേ സാങ്കേതികതിരുത്ത്.

സഞ്ജു സാംസൺ
ഓപ്പണിംഗ് കളിക്കാൻ തുടങ്ങിയ സഞ്ജു സാംസണിൻ്റെ ബാറ്റിംഗ് ശൈലിയിൽ ചെറിയൊരു വ്യത്യാസമുണ്ടായിരുന്നു. ബൗളർ പന്ത് റിലീസ് ചെയ്യുമ്പോൾ സഞ്ജു ഒരു സ്റ്റെപ്പ് പിന്നിലേക്കിറങ്ങും. ഇനീഷ്യൽ ട്രിഗർ മൂവ്മെൻ്റ്. സഞ്ജുവിൻ്റെ ശൈലിയിൽ അതുവരെയില്ലാത്ത ഒരു സാങ്കേതിക തിരുത്തായിരുന്നു അത്. ഈ ശൈലി കൊണ്ട് സഞ്ജു നേടിയത് മൂന്ന് സെഞ്ചുറികൾ.
ഇതൊക്കെ കഴിഞ്ഞ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തുന്നു. ആകെ അഞ്ച് ടി20കൾ കളിച്ചു. പരമ്പരയിൽ സഞ്ജുവിൻ്റെ ഉയർന്ന സ്കോർ ആദ്യ കളിയിലെ 26 റൺസ്. പിന്നീട് ഓപ്പണിംഗ് സ്ഥാനം നഷ്ടമായി. മധ്യനിരയിൽ കളിച്ചു. ഇപ്പോൾ ന്യൂസീലൻഡിനെതിരെ ഓപ്പണിംഗിൽ തിരികെ. മൂന്ന് കളി കഴിയുമ്പോൾ ടോപ്പ് സ്കോർ ആദ്യ കളിയിലെ 10 റൺസ്. നേരത്തെ പറഞ്ഞ ട്രിഗർ മൂവ്മെൻ്റ്, സഞ്ജുവിന് ഏറെ നേട്ടങ്ങൾ സമ്മാനിച്ച അതേ ട്രിഗർ മൂവ്മെൻ്റാണ് ഇവിടെ പ്രശ്നമാവുന്നത്.
Also Read: Sanju Samson: വിശാഖപട്ടണത്ത് സഞ്ജു സാംസൺ കളിക്കുമോ? രണ്ട് അവസരങ്ങൾ കൂടി കൊടുക്കൂവെന്ന് മുൻ താരം
ഷോർട്ട് ബോളുകൾ കൗണ്ടർ ചെയ്യാനാണ് സഞ്ജു ഈ സാങ്കേതികത്തിരുത്ത് വരുത്തിയത്. പന്തുകൾ പുൾ ചെയ്യാൻ മടിയില്ലാത്തതിനാൽ ടീമുകൾ ഷോർട്ട് ബോൾ തന്ത്രം പരീക്ഷിക്കാറുണ്ടായിരുന്നു. ഒരു സ്റ്റെപ്പ് പിന്നിലേക്കിറങ്ങുമ്പോൾ പന്ത് കളിക്കാൻ കുറച്ചുകൂടി സമയം ലഭിക്കും. ഇൻ ബിറ്റ്‌വീൻ ലെംഗ്തിലും ഇത് ഒരു പരിഹാരമായിരുന്നു. ഇത് ഷോർട്ട് ലെംഗ്തായി മാറുകയും സഞ്ജു അനായാസം കളിക്കുകയും ചെയ്യുമായിരുന്നു.
ഇംഗ്ലണ്ടിനെതിരെ ഇത് പൊളിഞ്ഞു. ജോഫ്ര ആർച്ചറാണ് ഈ തന്ത്രത്തിലെ പ്രശ്നം പൊളിക്കുന്നത്. ട്രിഗർ മൂവ്മെൻ്റിലും കൃത്യമായ പുൾ പൊസിഷൻ ലഭിക്കാത്ത തരത്തിൽ ആർച്ചർ പന്ത് കുറച്ചുകൂടി ഫുൾ ആയി എറിഞ്ഞു. ആർച്ചറിന് കിട്ടുന്ന ബൗൺസ് ആണ് സഞ്ജുവിനെ ഇവിടെ വീഴ്ത്തിയത്. ന്യൂസീലൻഡ് അത് തിരിച്ചു. ഫുള്ളർ ബോളുകൾ. ട്രിഗർ മൂവ്മെൻ്റിൽ അത് ഇൻ ബിറ്റ്‌വീൻ ലെംഗ്ത്. സഞ്ജുവിന് കളിക്കാനാവുന്നില്ല.