Sanju Samson: വിശാഖപട്ടണത്ത് സഞ്ജു സാംസണ്‍ കളിക്കുമോ? രണ്ട് അവസരങ്ങള്‍ കൂടി കൊടുക്കൂവെന്ന് മുന്‍ താരം
Sanju Samson's place in the T20 team is in crisis: സഞ്ജു സാംസണ്‍ മൂന്നാം ടി20യില്‍ കളിക്കുമോയെന്നതില്‍ അവ്യക്തത തുടരുന്നു. തിലക് വര്‍മ പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിലും ഉണ്ടാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയത് നേരിയ സാധ്യത തുറന്നിടുന്നു.
സഞ്ജു സാംസണ്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ കളിക്കുമോയെന്നതില്‍ അവ്യക്തത തുടരുന്നു. തിലക് വര്‍മ പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിലും ഉണ്ടാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയത് സഞ്ജുവിന് നേരിയ സാധ്യത തുറന്നിടുന്നു. എന്നാല്‍ ശ്രേയസ് അയ്യര്‍ക്ക് അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചാല്‍ സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നേക്കാം. അങ്ങനെ വന്നാല്‍ ഇഷാന്‍ കിഷനും, അഭിഷേക് ശര്‍മയും ഓപ്പണര്‍മാരാകാനാണ് സാധ്യത. എന്നാല്‍ ടി20 ലോകകപ്പില്‍ ശ്രേയസ് ഇല്ലാത്തതിനാല്‍ അത്തരം പരീക്ഷണങ്ങള്‍ക്ക് ടീം മാനേജ്‌മെന്റ് മുതിരില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും മോശം പ്രകടനം പുറത്തെടുത്ത ഏക ഇന്ത്യന്‍ ബാറ്റര്‍ സഞ്ജുവാണ്. ആദ്യ മത്സരത്തില്‍ 10 റണ്‍സിനും, രണ്ടാമത്തേതില്‍ ആറു റണ്‍സിനും പുറത്തായി. മൂന്നാം ടി20യില്‍ ഗോള്‍ഡന്‍ ഡക്കായി. ഇതോടെ സഞ്ജു സാംസണ്‍ ടീമില്‍ നിന്നു പുറത്താക്കുമോയെന്ന ആശങ്കയും ആരാധകര്‍ക്കുണ്ടായി.




ടി20 ലോകകപ്പില്‍ സഞ്ജുവിനെയാണ് ടീം മാനേജ്‌മെന്റ് പ്രധാന വിക്കറ്റ് കീപ്പറായി ആദ്യം പരിഗണിച്ചത്. ഇഷാന്‍ കിഷന്‍ ബാക്കപ്പ് ഓപ്ഷന്‍ മാത്രമായിരുന്നു. എന്നാല്‍ തിലകിന്റെ അസാന്നിധ്യത്തില്‍ ഇഷാന്‍ കീവിസിനെതിരായ പരമ്പരയില്‍ കളിച്ചു. ആദ്യം മത്സരത്തില്‍ നിറം മങ്ങിയെങ്കിലും, രണ്ടും മൂന്നും ടി20കളില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അവസരം മുതലാക്കി.
നിലവില്‍ ഇഷാന്‍ പ്ലേയിങ് ഇലവനില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ച മട്ടാണ്. ലോകകപ്പില്‍ തിലക് തിരികെയെത്തുമ്പോള്‍ സഞ്ജു പുറത്തിരിക്കേണ്ടി വരുമോയെന്നാണ് ആരാധകരുടെ ചോദ്യം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും അവസരം കിട്ടിയാല്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. ഈ മത്സരങ്ങളിലും പ്രകടനം നിരാശജനകമാണെങ്കില്‍ ലോകകപ്പില്‍ പ്ലേയിങ് ഇലവനില്‍ ഇടം കണ്ടെത്താനുള്ള സഞ്ജുവിന്റെ അവസാന സാധ്യതകളും അടയും.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന് കീവിസിനെതിരായ പരമ്പരയില്‍ ഇനി അവസരം ലഭിക്കുമോയെന്നതില്‍ അവ്യക്തത തുടരുകയാണ്. തിലക് വര്‍മ കളിക്കില്ലെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍, നിലവിലെ പ്ലേയിങ് ഇലവന്‍ തുടരാനാണ് സാധ്യത.
🚨 News 🚨
Tilak Varma will not be available for the final two T20Is of the ongoing @IDFCFirstBank 5️⃣-match T20I series.
Shreyas Iyer to continue as part of #TeamIndia squad.
Details 🔽 | #INDvNZ https://t.co/OV3hvQPQgk
— BCCI (@BCCI) January 26, 2026
അവസരം കൊടുക്കണം
ന്യൂസിലന്‍ഡിനെതിരെ ആദ്യ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവിന് അവസരം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരം ഹര്‍ഭജന്‍ സിങ് രംഗത്തെത്തി. സഞ്ജു റണ്‍സ് കണ്ടെത്തുന്നില്ല. എങ്കിലും ഒന്നോ രണ്ടോ അവസരം കൂടി അദ്ദേഹത്തിന് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം റൺസ് നേടേണ്ടത് പ്രധാനമാണ്. അല്ലെങ്കില്‍ ഇഷാന്‍ ഓപ്പണറായി കളിക്കും. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ 5-0ന് ജയിക്കുമെന്നും ഹർഭജൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.