“അവൻ എന്നെ തീരെ അനുസരിക്കാറില്ല!” ആര്യവീറിനെക്കുറിച്ച് തുറന്നുപറഞ്ഞ് സെവാഗ്
Virender Sehwag Praises Aaryavir: ആര്യവീറിനെക്കുറിച്ച് മനസ് തുറന്ന് പിതാവും, മുന്‍ താരവുമായ വീരേന്ദര്‍ സെവാഗ്. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ആര്യവീര്‍ മികച്ച പ്രകടനം പുറത്തെടുത്തതില്‍ പിതാവെന്ന നിലയില്‍ തനിക്ക് സന്തോഷമുണ്ടെന്ന് സെവാഗ് പറഞ്ഞു. അവന് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. അതിനാൽ ഇതിൽ മാത്രം തൃപ്തനാകരുതെന്ന് താന്‍ അവനോട് പറഞ്ഞിട്ടുണ്ടെന്നും സെവാഗ്.

വീരേന്ദര്‍ സെവാഗും ആര്യവീറും
അണ്ടര്‍ 19 ഏഷ്യാ കപ്പിലെ ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റാ’യ ആര്യവീറിനെക്കുറിച്ച് മനസ് തുറന്ന് പിതാവും, മുന്‍ താരവുമായ വീരേന്ദര്‍ സെവാഗ്. ടൂര്‍ണമെന്റില്‍ ആര്യവീര്‍ മികച്ച പ്രകടനം പുറത്തെടുത്തതില്‍ പിതാവെന്ന നിലയില്‍ തനിക്ക് സന്തോഷമുണ്ടെന്ന് സറ്റാക്ക് 50 ടെന്നീസ് ബോൾ ടൂർണമെന്റിനിടെ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സെവാഗ് പറഞ്ഞു. ഇത് അവന്റെ യാത്രയുടെ തുടക്കം മാത്രമാണ്. അവന് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. അതിനാൽ ഇതിൽ മാത്രം തൃപ്തനാകരുതെന്ന് താന്‍ അവനോട് പറഞ്ഞിട്ടുണ്ടെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
ഇനി അവൻ ഡൽഹി സംസ്ഥാന ടീമിന്റെ അണ്ടർ 19 ക്യാമ്പിൽ ചേരും, അവിടെ നാല് ദിവസത്തെ മത്സരങ്ങളാണ് കളിക്കേണ്ടത്. അവനാണ് ടീമിന്റെ ക്യാപ്റ്റനും, അതുകൊണ്ടുതന്നെ അതവന് ഒരു അധിക ഉത്തരവാദിത്തമാണെന്ന് സെവാഗ് പറഞ്ഞു.
ബാറ്റിങ് ശൈലിയുമായി സാമ്യം
ആര്യവീര്‍ കളിക്കുന്ന ചില ഷോട്ടുകള്‍ തന്റെ ചെറുപ്പകാലത്തെ ഓര്‍മ്മിപ്പിക്കുന്നവയാണ്. അവനെ കാണുമ്പോൾ സന്തോഷം തോന്നുന്നു. ഈ നേട്ടത്തിന്റെ മുഴുവൻ ക്രെഡിറ്റും അവനും അവന്റെ കഠിനാധ്വാനത്തിനും മാത്രമുള്ളതാണ്. അവന് തന്നെ തീരെ അനുസരിക്കാറില്ലെന്നും സെവാഗ് തമാശരൂപേണ പറഞ്ഞു.
ആര്യവീറിന്റെ കളിയിൽ വിവിധ പരിശീലകർ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സെവാഗ് മനസ് തുറന്നു. രാജു ശർമ്മയെപ്പോലുള്ള പരിശീലകരുടെ വാക്കുകളാണ് അവൻ കൂടുതൽ ശ്രദ്ധിക്കുന്നത്. പിന്നീട് അവൻ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലേക്ക് പോയി. അവിടെ വ്യത്യസ്ത പരിശീലകരെ ലഭിച്ചു. അണ്ടർ 19 ഏഷ്യാ കപ്പിൽ അവന് മറ്റൊരു പരിശീലകനായിരുന്നു. അങ്ങനെ നിരവധി പരിശീലകരിൽ നിന്ന് അവൻ വ്യത്യസ്തമായ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും വീരേന്ദര്‍ സെവാഗ് പറഞ്ഞു.
ആര്യവീറിന്റെ പ്രകടനം
ടൂർണമെന്റിൽ വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും ഉൾപ്പെടെ 361 റൺസാണ് ആര്യവീർ അടിച്ചുകൂട്ടിയത്. യുഎഇക്കെതിരായ മത്സരത്തില്‍ 160 റണ്‍സ് നേടി. പാകിസ്ഥാനെതിരായ ഫൈനലിൽ 58 റൺസും താരം അടിച്ചെടുത്തു. ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയതിന് ശേഷം ആര്യവീറുമായി താന്‍ നടത്തിയ വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ സെവാഗ് പങ്കുവെച്ചിരുന്നു.
സെവാഗ് പങ്കുവെച്ച വീഡിയോ
“പപ്പാ, എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു… ഞാൻ സീതാറാം, സീതാറാം എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു!”പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്കാരം നേടിയത് മുതൽ ആകാംക്ഷ നിറഞ്ഞ ആ അവസാന നിമിഷങ്ങൾ ഓർത്തെടുക്കുന്നത് വരെ, മകൻ ആര്യവീറുമായി നടത്തിയ സംഭാഷണം. ചില നിമിഷങ്ങൾ പുരസ്കാരങ്ങൾക്കും റൺസിനും ട്രോഫികൾക്കും അപ്പുറമാണ്. ഒരു അച്ഛൻ എന്നും ഹൃദയത്തോട് ചേർത്തുവെക്കുന്ന ഓർമ്മകളാണിവ. നിന്റെ കഠിനാധ്വാനവും കഴിവും കൊണ്ട് ആകാശം തൊടുമ്പോഴും കാലുകൾ എപ്പോഴും നിലത്തുറപ്പിച്ചു നിർത്താൻ നിനക്ക് കഴിയട്ടെ-എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സെവാഗ് കുറിച്ചത്.
English Summary
Aaryavir Sehwag won the ‘Player of the Tournament’ award after scoring 361 runs in India’s U19 Asia Cup 2026 triumph. His father, Virender Sehwag, expressed immense pride and noted that Aaryavir’s shots remind him of his own youth. However, the former opener reminded his son that this is just the start and he still has a long road ahead. Sehwag also credited Aaryavir’s hard work and various coaches for his success, noting that the 19-year-old barely listens to him.