KCL 2026: അവസാന പന്തില്‍ വേണ്ടത് ബൗണ്ടറി; നടക്കാന്‍ പോലും വയ്യാതെ അര്‍ജുന്‍ ക്രീസില്‍; തൃശൂരിനെ വിജയിപ്പിച്ചത് ആ ‘കട്ട ഹീറോയിസം’
Arjun AK KCL 2026 Stunning Performance: കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനു വേണ്ടി അഖില്‍ സ്‌കറിയയാണ് അവസാന ഓവര്‍ എറിഞ്ഞത്. അവസാന പന്ത് തകര്‍പ്പന്‍ സിക്‌സറിന് പറത്തി വീരോചിതമായി അര്‍ജുന്‍ തൃശൂരിനെ വിജയത്തിലേക്ക് നയിച്ചു. താരത്തിന്റെ തകര്‍പ്പന്‍ ഫിനിഷിങിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Arjun AK Batting Thrissur Titans vs Calicut Globstars
തിരുവനന്തപുരം: അര്‍ജുന്‍ എകെയുടെ കട്ട ഹീറോയിസത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ നാലു വിക്കറ്റിന് തകര്‍ത്ത് തൃശൂര്‍ ടൈറ്റന്‍സ്. മത്സരത്തില്‍ 147 റണ്‍സായിരുന്നു തൃശൂരിന്റെ വിജയലക്ഷ്യം. അവസാന പന്ത് നേരിടാന്‍ മാത്രമാണ് അര്‍ജുന്‍ ക്രീസിലെത്തിയത്. ആ സമയം ആറു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സായിരുന്നു തൃശൂരിന്റെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. പരിക്ക് മൂലം നടക്കാന്‍ പോലും പ്രയാസപ്പെട്ട അര്‍ജുന്‍ മുടന്തിയാണ് ക്രീസിലെത്തിയത്. ടീമിനെ വിജയിപ്പിക്കാന്‍ വേണ്ടത് ഒരു പന്തില്‍ നാലു റണ്‍സ്. മത്സരം ആവേശത്തിന്റെ ഉച്ചസ്ഥായിയിലെത്തിയ നിമിഷം.
കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനു വേണ്ടി അഖില്‍ സ്‌കറിയയാണ് അവസാന ഓവര്‍ എറിഞ്ഞത്. അവസാന പന്ത് തകര്‍പ്പന്‍ സിക്‌സറിന് പറത്തി വീരോചിതമായി അര്‍ജുന്‍ തൃശൂരിനെ വിജയത്തിലേക്ക് നയിച്ചു. താരത്തിന്റെ തകര്‍പ്പന്‍ ഫിനിഷിങിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരത്തെ പുകഴ്ത്തി നിരവധി പേരാണ് കമന്റ് ചെയ്തത്. എന്നാല്‍ സിക്‌സറടിച്ചതിന് ശേഷം അര്‍ജുന്‍ ഗ്രൗണ്ടിലേക്ക് ബാറ്റ് വലിച്ചെറിഞ്ഞിരുന്നു. ഇതിനെതിരെ വിമര്‍ശനവുമുയരുന്നുണ്ട്.
ഇതാണ് ആ വീഡിയോ ദൃശ്യങ്ങള്‍:
ആദ്യം ബാറ്റു ചെയ്ത കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 146 റണ്‍സെടുത്തു. പുറത്താകാതെ 25 പന്തില്‍ 51 റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് ടോപ് സ്‌കോറര്‍. 35 പന്തില്‍ 43 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലും നിര്‍ണായക സംഭാവന നല്‍കി. മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല.
വരുണ്‍ നായനാര്‍-അഞ്ച് പന്തില്‍ അഞ്ച്, അരവിന്ദ് കെഎസ്-എട്ട് പന്തില്‍ രണ്ട്, അഖില്‍ സ്‌കറിയ-31 പന്തില്‍ 19, അബ്ദുല്‍ ബാസിത്ത്-15 പന്തില്‍ 21, കൃഷ്ണ ദേവന്‍-ഒരു പന്തില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റ് കാലിക്കറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. തൃശൂരിനു വേണ്ടി ശരത്ചന്ദ്ര പ്രസാദ് രണ്ട് വിക്കറ്റ് വീഴ്ത്തി.
തൃശൂരിന്റെ പോരാട്ടം
തൃശൂരിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഓപ്പണര്‍ ഒമര്‍ അബൂബക്കറിനെ തൃശൂരിന് പൂജ്യത്തിന് നഷ്ടമായി. രണ്ടാം വിക്കറ്റില്‍ അഹമ്മദ് ഇമ്രാനും, ഷോണ്‍ റോജറും തൃശൂരിനെ കരയ്ക്ക് കയറ്റി. അഹമ്മദ് ഇമ്രാന്‍ 35 പന്തില്‍ 45 റണ്‍സെടുത്തു. 23 പന്തില്‍ 28 റണ്‍സായിരുന്നു റോജറിന്റെ സമ്പാദ്യം. നാലാമനായി ക്രീസിലെത്തിയ എംഎസ് അഖില്‍ പുറത്തെടുത്ത പ്രകടനം തൃശൂരിന് ആശ്വാസമായി. 38 പന്തില്‍ 50 റണ്‍സെടുത്ത അഖിലാണ് തൃശൂരിന്റെ ടോപ് സ്‌കോറര്‍. ‘പ്ലെയര്‍ ഓഫ് ദ മാച്ചാ’യി തിരഞ്ഞെടുക്കപ്പെട്ടതും അഖിലാണ്.
തൃശൂര്‍ ടൈറ്റന്‍സ് മൂന്നാമത്
ഈ വിജയത്തോടെ തൃശൂര്‍ ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. എട്ട് മത്സരങ്ങളില്‍ തൃശൂര്‍ നാലിലും ജയിച്ചു. ഒമ്പത് പോയിന്റ് ഇതുവരെ സ്വന്തമാക്കി. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് നാലാമതാണ്.
English Summary
Thrissur Titans defeated Calicut Globstars by 4 wickets on Arjun AK’s heroics. Arjun came to the crease only to face the last ball. 4 runs were needed in one ball to win the team. Arjun heroically led Thrissur to victory by hitting the last ball for a smashing six.