West Indies vs Nepal: വെസ്റ്റ് ഇൻഡീസിനെ ഞെട്ടിച്ച് നേപ്പാൾ; ആദ്യ ടി20യിൽ 19 റൺസ് വിജയം
Nepal Wins Against West Indies: വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ച് നേപ്പാൾ. ആദ്യ ടി20യിൽ 19 റൺസിനാണ് നേപ്പാളിൻ്റെ ജയം.
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ ഞെട്ടിക്കുന്ന ജയവുമായി നേപ്പാൾ. മുൻ ലോക ചാമ്പ്യന്മാരെ 19 റൺസിനാണ് അസോസിയേറ്റ് രാജ്യമായ നേപ്പാൾ അട്ടിമറിച്ചത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 149 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് 9 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് നേടാനേ സാധിച്ചുള്ളൂ. ഒരു ടെസ്റ്റ് രാജ്യത്തിനെതിരെ നേപ്പാളിൻ്റെ ആദ്യ ജയമാണിത്.
പ്രമുഖ താരങ്ങളൊന്നും ഇല്ലാതെയാണ് വിൻഡീസ് ഇറങ്ങിയത്. അകീൽ ഹുസൈൻ ആയിരുന്നു ക്യാപ്റ്റൻ. ഇത് നേപ്പാൾ ശരിക്കും മുതലെടുത്തു. 38 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് പൗഡലിൻ്റെ കരുത്തിലാണ് നേപ്പാൾ മാന്യമായ സ്കോറിലെത്തിയത്. കുശാൽ മല്ല (30), ഗുൽശൻ ഝ (22) എന്നിവരും മികച്ചുനിന്നു. വെസ്റ്റ് ഇൻഡീസിനായി ജേസൻ ഹോൾഡർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ നവിൻ ബിദൈസേ മൂന്ന് വിക്കറ്റ് കണ്ടെത്തി.
Also Read: Asia Cup 2025: ഏഷ്യാ കപ്പിൻ്റെ കലാശപ്പോര് ഇന്ന്; പാകിസ്താനും ഇന്ത്യയും തമ്മിൽ മൂന്നാം അങ്കം
മറുപടി ബാറ്റിംഗിൽ വിൻഡീസിനെ നിയന്ത്രിച്ചുനിർത്താൻ നേപ്പാളിന് സാധിച്ചു. 8, 9 നമ്പരുകളിൽ ക്രീസിലെത്തിയ ഫേബിയൻ അലൻ (19), അകീൽ ഹുസൈൻ (18) എന്നിവരുടെ പ്രകടനങ്ങളാണ് വിൻഡീസിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. വിൻഡീസ് നിരയിൽ ആറ് താരങ്ങൾ ഇരട്ടയക്കം കടന്നെങ്കിലും ആർക്കും വലിയ സ്കോർ നേടാനായില്ല. നേപ്പാളിനായി കുശാൽ ഭുർടൽ രണ്ട് വിക്കറ്റ് വീഴ്ത്തി. ബാറ്റിംഗിൽ തിളങ്ങിയ ക്യാപ്റ്റൻ രോഹിത് പൗഡൽ ഒരു വിക്കറ്റും നേടി. രോഹിതാണ് കളിയിലെ താരം. ഈ മാസം 29നാണ് പരമ്പരയിലെ രണ്ടാം മത്സരം.