Womens ODI World Cup 2025: അതിവേഗ സെഞ്ചുറിയുമായി അലിസ ഹീലി; ഇന്ത്യക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ തിരിച്ചടിച്ച് ഓസ്ട്രേലിയ
Alyssa Healy Century Against India: ഇന്ത്യക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി അലിസ ഹീലി. ഇന്ത്യ മുന്നോട്ടുവച്ച വിജയലക്ഷ്യത്തിലേക്ക് അതിവേഗം കുതിയ്ക്കുകയാണ് ഓസ്ട്രേലിയ.
വമ്പൻ വിജയലക്ഷ്യം മുന്നോട്ടുവച്ച ഇന്ത്യക്കെതിരെ തിരിച്ചടിച്ച് ഓസ്ട്രേലിയ. സെഞ്ചുറിയടിച്ച് കുതിയ്ക്കുന്ന ക്യാപ്റ്റൻ അലീസ ഹീലിയാണ് ഓസ്ട്രേലിയൻ തിരിച്ചടിയെ മുന്നിൽ നിന്ന് നയിക്കുന്നത്. ഏകദിനത്തിൽ ക്യാപ്റ്റനായി ഹീലിയുടെ ആദ്യ സെഞ്ചുറിയാണിത്. ആദ്യ പവർപ്ലേയിൽ തന്നെ 82 റൺസ് നേടിയ ഓസ്ട്രേലിയ പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല.
ആദ്യ വിക്കറ്റിൽ തന്നെ അലിസ ഹീലിയും ഫീബി ലിച്ച്ഫീൽഡും ചേർന്ന് 85 റൺസാണ് കൂട്ടിച്ചേർത്തത്. ആദ്യ പന്ത് മുതൽ ആക്രമിച്ചുകളിച്ച ഇരുവരും ഇന്ത്യയെ കടുത്ത സമ്മർദ്ദത്തിലാക്കി. കളി തട്ടിയെടുത്ത് കുതിച്ച ഓസ്ട്രേലിയയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത് ശ്രീ ചരണി ആയിരുന്നു. 39 പന്തിൽ 40 റൺസ് നേടി താരം പുറത്തായതോടെ എലിസ് പെറി ക്രീസിലെത്തി. ഹീലി ആക്രമണം തുടർന്നപ്പോൾ പെറിയും തുടരെ ബൗണ്ടറികൾ കണ്ടെത്തി. 32 റൺസ് നേടിയ പെറി റിട്ടയേർഡ് ഹർട്ടായി മടങ്ങിയത് ഇന്ത്യക്ക് ഭാഗ്യമായി. രണ്ടാം വിക്കറ്റിൽ 83 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പെറി പുറത്തായത്.
ബെത്ത് മൂണി (4), അന്നബെൽ സതർലൻഡ് (0) എന്നിവരെ വേഗം പുറത്താക്കി ഇന്ത്യ പ്രതീക്ഷ കാത്തുസൂക്ഷിച്ചു. മൂണിയെ ദീപ്തി ശർമ്മയും സതർലൻഡിനെ ശ്രീ ചരണിയുമാണ് മടക്കിയത്. ഒരുവശത്ത് വിക്കറ്റുകൾ തുടരെ നഷ്ടപ്പെടുമ്പോഴും ഉറച്ചുനിന്ന അലിസ ഹീലി കേവലം 84 പന്തുകളിൽ സെഞ്ചുറി തികച്ചു നിലവിൽ ആഷ്ലി ഗാർഡ്നർ ഹീലിയ്ക്കൊപ്പം ക്രീസിൽ തുടരുകയാണ്.
ശ്രീ ചരണി ഒഴികെ മറ്റാർക്കും ഓസീസ് ബാറ്റർമാർക്ക് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ മത്സരങ്ങളിൽ മികച്ചുനിന്ന ക്രാന്തി ഗൗഡിനെ കടന്നാക്രമിച്ച ഓസ്ട്രേലിയ തുടക്കം മുതൽ തന്നെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഫീൽഡിൽ മികച്ചുനിന്നതാണ് ഇന്ത്യയ്ക്ക് ലഭിച്ച പോസിറ്റീവ്.