Womens ODI World Cup 2025: പാകിസ്താൻ ബാറ്റർക്ക് നേരെ പന്തെറിഞ്ഞു; അമ്പയർ ഇടപെട്ടിട്ടും മാപ്പ് പറയാതെ ദീപ്തി ശർമ്മ: വിഡിയോ
Deepti Sharma Against Pakistan: പാക് താരത്തിന് നേരെ പന്തെറിഞ്ഞ് ദീപ്തി ശർമ്മ. അമ്പയർ ഇടപെട്ടിട്ടും മാപ്പ് പറയാൻ ദീപ്തി തയ്യാറായില്ല.
വനിതാ ഏകദിന ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യ അനായാസ വിജയമാണ് കുറിച്ചത്. ഹസ്തദാനത്തിൽ നിന്ന് വിട്ടുനിന്നും അഗ്രസീവായി ആഘോഷിച്ചും ഇരു ടീമിലെയും താരങ്ങൾ മത്സരത്തെ മറ്റൊരു തലത്തിലെത്തിച്ചു. ഇതിനിടെ ദീപ്തി ശർമ്മ പാക് ബാറ്റർക്ക് നേരെ പന്തെറിഞ്ഞിട്ട് മാപ്പ് പറയാതിരുന്നതും വിവാദമായി.
പാകിസ്താൻ ഇന്നിംഗ്സിലെ 34ആം ഓവറിലാണ് സംഭവം. ഓവറിലെ രണ്ടാം പന്തിൽ സിദ്ര അമീൻ കവറിലേക്ക് പന്ത് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ചു. കവറിൽ ഫീൽഡ് ചെയ്യുകയായിരുന്ന ദീപ്തി ശർമ്മ പന്ത് ഫീൽഡ് ചെയ്ത് വേഗത്തിൽ നോൺ സ്ട്രൈക്കർ എൻഡിലേക്ക് എറിഞ്ഞു. സിദ്ര അമീൻ റൺ പൂർത്തിയാക്കി ഓടിക്കയറുകയായിരുന്നു. താരത്തിൻ്റെ വലതുകാലിലാണ് പന്ത് കൊണ്ടത്.
ഓട്ടം പൂർത്തിയാക്കിയ അമീൻ ഉടൻ തന്നെ തിരിഞ്ഞ് ദീപ്തിയെ നോക്കി. എന്നാൽ, ദീപ്തിയ്ക്ക് കുലുക്കമില്ലായിരുന്നു. അമ്പയർ ഇടപെട്ടെങ്കിലും എന്തിനാണ് അമീൻ തൻ്റെ ത്രോയുടെ ഇടയിൽ കയറിയതെന്ന് ദീപ്തി ചോദിച്ചു. മാപ്പ് പറയാൻ താരം തയ്യാറായതുമില്ല. പാകിസ്താൻ ഇന്നിംഗ്സിലെ ടോപ്പ് സ്കോററായിരുന്നു സിദ്ര അമീൻ. മറ്റാർക്കും തിളങ്ങാൻ കഴിയാതായപ്പോൾ 106 പന്തിൽ 81 റൺസെടുത്താണ് താരം പുറത്തായത്.
മത്സരത്തിൽ 88 റൺസിൻ്റെ തകർപ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. നിശ്ചിത 50 ഓവറിൽ 247 റൺസിന് ഇന്ത്യ ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ 43 ഓവറിൽ 159 റൺസെടുക്കുന്നതിനിടെ ഓൾഔട്ടായി. ഇന്ത്യക്കായി 46 റൺസ് നേടിയ ഹർലീൻ ഡിയോൾ ആണ് ടോപ്പ് സ്കോററായത്. പാകിസ്താൻ്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഡയാന ബെയ്ഗ് കളിയിലെ താരമായി.
വിഡിയോ കാണാം
Bow down to the throw goddess — Deepti Sharma forever! 🎯🔥#DeeptiSharma #INDvPAK #INDWvsPAKW #CWC25 pic.twitter.com/ZEuYGcT9nM
— Aditi🏵️🌼 (@GlamAditi_X) October 5, 2025