Womens ODI World Cup2025: ‘സ്വതന്ത്ര കശ്മീരിൽ നിന്നുള്ള താരം’; വിവാദമായി പാകിസ്താൻ മുൻ താരത്തിൻ്റെ കമൻ്ററി
Sana Mir Commentary Becomes Controversy: സന മിറിൻ്റെ കമൻ്ററി വിവാദത്തിൽ. ഏകദിന ലോകകപ്പിനിടയിലെ കമൻ്ററിയാണ് വിവാദമായത്.

സന മിർ
വനിതാ ഏകദിന ലോകകപ്പിനിടെ വിവാദമായി പാകിസ്താൻ മുൻ താരത്തിൻ്റെ കമൻ്ററി. പാകിസ്താൻ ദേശീയ ടീം ക്യാപ്റ്റനായിരുന്ന സന മിർ ആണ് കമൻ്ററിയുടെ പേരിൽ വിവാദത്തിലായത്. പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള ലോകകപ്പ് മത്സരത്തിനിടെയാണ് താരത്തിൻ്റെ വിവാദ കമൻ്ററി.
പാകിസ്താനായി എട്ടാം നമ്പരിൽ നതാലിയ പർവേസ് ബാറ്റ് ചെയ്യാനെത്തിയപ്പോഴാണ് സന മിർ വിവാദ പ്രസ്താവന നടത്തിയത്. സ്വതന്ത്ര കശ്മീരിൽ നിന്നുള്ള താരമെന്ന് നതാലിയയെ സന മിർ വിശേഷിപ്പിക്കുകയായിരുന്നു. പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. പാകിസ്താൻ ‘സ്വതന്ത്ര കശ്മീർ’ എന്ന് വിശേഷിപ്പിക്കുന്ന ഈ പ്രദേശത്തെ ഇന്ത്യ വിശേഷിപ്പിക്കുന്നത് ‘പാകിസ്താൻ അധിനിവേശ കശ്മീർ’ എന്നാണ്.
മത്സരത്തിൽ ബംഗ്ലാദേശിനെതിരെ പാകിസ്താൻ പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 129 റൺസിന് ഓൾഔട്ടാക്കാൻ ബംഗ്ലാദേശിന് സാധിച്ചു. 23 റൺസ് നേടിയ റമീൻ ഷമീമാണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷോർന അക്തർ ബംഗ്ലാദേശിനായി തിളങ്ങി. മറുപടി ബാറ്റിംഗിൽ കേവലം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 32ആം ഓവറിൽ ബംഗ്ലാദേശ് വിജയത്തിലെത്തി. 54 റൺസെടുത്ത് പുറത്താവാതെ നിന്ന റുബ്യ ഹൈദറാണ് ബംഗ്ലാദേശിൻ്റെ വിജയശില്പി.
വനിതാ ഏകദിന ലോകകപ്പിൽ പാകിസ്താൻ്റെ അടുത്ത മത്സരം ഇന്ത്യക്കെതിരെയാണ്. ഈ മാസം അഞ്ചിന് ഇന്ത്യക്കെതിരെയാണ് പാകിസ്താൻ കളത്തിലിറങ്ങുക. കൊളംബോ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകുന്നേരം മൂന്ന് മണിക്ക് മത്സരം ആരംഭിക്കും. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തകർത്ത ഇന്ത്യ മികച്ച ഫോമിലാണ്. 59 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ മറികടന്നത്. ഒക്ടോബർ ഏഴിന് ഇംഗ്ലണ്ടിനെതിരെയാണ് ബംഗ്ലാദേശിൻ്റെ അടുത്ത മത്സരം. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇംഗ്ലണ്ട് ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരം കളിക്കുക.