Asia Cup 2025: ‘രാഷ്ട്രീയം കളിക്കളത്തിന് പുറത്തുനിൽക്കണം’; ഇന്ത്യക്കെതിരെ വിമർശനവുമായി എബി ഡിവില്ല്യേഴ്സ്
Devilliers Against Indian Team: ഇന്ത്യൻ ടീമിനെ വിമർശിച്ച് എബി ഡിവില്ല്യേഴ്സ്. ഏഷ്യാ കപ്പിലെ ട്രോഫി വിവാദത്തിലാണ് താരത്തിൻ്റെ പ്രതികരണം.
ഏഷ്യാ കപ്പിലെ ട്രോഫി വിവാദത്തിൽ ഇന്ത്യക്കെതിരെ വിമർശനവുമായി ദക്ഷിണാഫ്രിക്കയുടെ മുൻ താരം എബി ഡിവില്ല്യേഴ്സ്. രാഷ്ട്രീയം പുറത്തുനിൽക്കണമെന്നും ഭാവിയിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് കരുതുന്നു എന്നും ഡിവില്ല്യേഴ്സ് പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് താരത്തിൻ്റെ അഭിപ്രായ പ്രകടനം.
“ആരാണ് ട്രോഫി സമ്മാനിക്കുന്നത് എന്നതിനെപ്പറ്റി ഇന്ത്യൻ ടീം അത്ര സന്തോഷത്തിലായിരുന്നില്ല. അത് കായികരംഗത്തിന് പറ്റിയതാണെന്ന് തോന്നുന്നില്ല. രാഷ്ട്രീയം മാറിനിൽക്കണം. കായികമത്സരങ്ങൾ മറ്റൊരു കാര്യമാണ്. അത് അങ്ങനെ തന്നെ ആഘോഷിക്കപ്പടണം. ഇങ്ങനെ കാണുന്നതിൽ സങ്കടമുണ്ട്. ഭാവിയിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നു.”- ഡിവില്ല്യേഴ്സ് പ്രതികരിച്ചു.
ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് എസിസി- പ്രിസിബി ചെയർമാനായ മൊഹ്സിൻ നഖ്‌വിയാണ് ട്രോഫി നൽകേണ്ടിയിരുന്നത്. എന്നാൽ, നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ടീം തയ്യാറായില്ല. തുടർന്ന് നഖ്‌വി ഈ ട്രോഫി എസിസി ഓഫീസിലേക്ക് തിരികെ കൊണ്ടുപോയി. പിന്നീട് നടന്ന എസിസി യോഗത്തിൽ ബിസിസിഐ പ്രതിനിധികൾ ട്രോഫി തിരികെ ചോദിച്ചു. എന്നാൽ, സൂര്യകുമാർ യാദവ് നേരിട്ട് വന്നെങ്കിലേ താൻ ട്രോഫി സമ്മാനിക്കൂ എന്നാണ് നഖ്‌വിയുടെ പിടിവാശി. ദുബായിലെ എസിസി ഓഫീസിലൂണ്ടായിരുന്ന ട്രോഫി യുഎഇ ക്രിക്കറ്റ് ബോർഡിൻ്റെ ഓഫീസിലേക്ക് കൈമാറിയെന്നും റിപ്പോർട്ടുകളുണ്ട്.
എസിസി യോഗത്തിൽ വച്ച് ട്രോഫി തിരികെനൽകണമെന്ന് ബിസിസിഐ പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും നഖ്‌വി അതിന് തയ്യാറായില്ല എന്നാണ് റിപ്പോർട്ടുകൾ. യോഗത്തിൻ്റെ അജണ്ടയിൽ ഇക്കാര്യം ഇല്ലെന്ന് നഖ്‌വി മറുപടിനൽകി. ട്രോഫി തിരികെവേണമെന്ന് രാജീവ് ശുക്ല വാശിപിടിച്ചപ്പോഴാണ് സൂര്യകുമാർ യാദവ് നേരിട്ടുവന്നാൽ നൽകാമെന്ന് നഖ്‌വി പറഞ്ഞത്.
ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. 69 റൺസ് നേടി പുറത്താവാതെ നിന്ന തിലക് വർമ്മയാണ് വിജയശില്പി.