Ishan Kishan: ഇഷാൻ കിഷന്റെ അച്ഛൻ രാഷ്ട്രീയത്തിലേക്ക്; പ്രണവ് പാണ്ഡെ നിതീഷ് കുമാറിന്റെ ജെഡിയുവിൽ
Ishan Kishan's father Pranav Pandey: അടുത്തവർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നവാഡയിൽ നിന്നോ ഒബ്രയിൽ നിന്നോ പ്രണവ് പാണ്ഡെ ജനവിധി തേടുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള 15 അംഗ ഇന്ത്യൻ എ ടീമിന്റെ ഭാഗമാണ് ഇഷാൻ കിഷൻ.

പട്ന: ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാൻ കിഷൻ്റെ പിതാവ് പ്രണവ് പാണ്ഡെ രാഷ്ട്രീയത്തിലേക്ക്. ബിഹാറിലെ ഭരണകക്ഷിയായ ജനതാദൾ യുണൈറ്റഡിൽ (ജെഡിയു) ചേർന്നു. പാർട്ടി ദേശീയ വർക്കിംഗ് പ്രസിഡൻ്റും രാജ്യസഭാ എംപിയുമായ സഞ്ജയ് ഝായുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. പാർട്ടിയുടെ മുതിർന്ന നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രണവ് പാണ്ഡെയ്ക്ക് ഒപ്പം അദ്ദേഹത്തിന്റെ അനുയായികളും പാർട്ടിയിൽ അംഗത്വം സ്വീകരിച്ചു. ജെഡിയു സംസ്ഥാന പ്രസിഡന്റ് ഉമേഷ് കുശ്വാഹയാണ് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
താൻ പാർട്ടിയുടെ സാധാരണക്കാരനായ ഒരു പ്രവർത്തകൻ മാത്രമല്ല. ജനങ്ങൾക്കിടയിലേക്ക് ജെഡിയുവിന്റെ വികസന നയങ്ങൾ എത്തിക്കാൻ പ്രയത്നിക്കുമെന്ന് അംഗത്വം സ്വീകരിച്ചു കൊണ്ട് പ്രണവ് പാണ്ഡെ പറഞ്ഞു.1995 മുതൽ നിതീഷ് കുമാറിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാണ്. 2005-ൽ അദ്ദേഹം ബിഹാർ മുഖ്യമന്ത്രിയായതിന് ശേഷം ബിഹാറിൽ അതിവേഗ വികസനമാണ് നടന്നതെന്നും പ്രണവ് പാണ്ഡെ പറഞ്ഞു. ക്യാമറയ്ക്ക് മുന്നിൽ നിതീഷ് കുമാറിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷം പിന്നിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കയ്യടിക്കുകയാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിലുള്ള വിശ്വാസം മൂലമാണ് പ്രണവ് പാണ്ഡെ ജെഡിയുവിൽ അംഗത്വം സ്വീകരിച്ചതെന്ന് വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝാ പറഞ്ഞു. പ്രണവ് ജെഡിയുവിൽ അംഗത്വം സ്വീകരിച്ചതോടെ മഗധ് മേഖലയിലെ പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിലെ രാംഗഢ്, തരാരി, ബെലഗഞ്ച്, ഇമാംഗഞ്ച് എന്നീ നാല് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതരഞ്ഞെടുപ്പ് നവംബർ 13-ന് നടക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഈ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഫലം നവംബർ 23ന് പ്രഖ്യാപിക്കും.
#WATCH | Bihar: Pranav Pandey, father of Indian cricketer Ishan Kishan joins Janata Dal-United in Patna. pic.twitter.com/iSdiqLkY9D
— ANI (@ANI) October 27, 2024
“>
അടുത്തവർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നവാഡയിൽ നിന്നോ ഒബ്രയിൽ നിന്നോ പ്രണവ് പാണ്ഡെ ജനവിധി തേടുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള 15 അംഗ ഇന്ത്യൻ എ ടീമിന്റെ ഭാഗമാണ് ഇഷാൻ കിഷൻ. ഈ വർഷമാദ്യം ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് ഇഷാൻ കിഷനെ ഒഴിവാക്കിയിരുന്നു. രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശം ലംഘിച്ചതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ എന്തുകൊണ്ട് ഒഴിവാക്കി എന്ന വിശദീകരണം ബിസിസിഐ നല്‍കിയിരുന്നില്ല. 2023- ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് കിഷൻ അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ മാനസികാരോഗ്യം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയ ഇഷാന്‍ കിഷന്‍ പിന്നീട് ദേശീയ ടീം സെലക്ഷന് തന്റെ പേര് നല്‍കിയില്ല. ഇന്ത്യന്‍ ടീമില്‍ നിന്ന് അവധിയെടുത്ത ശേഷം ഇഷാന്‍ കിഷൻ ജാര്‍ഖണ്ഡിനായി രഞ്ജി കളിക്കാന്‍ തയ്യാറാവാതിരുന്നത് ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു.