Ranji Trophy: മഴ ചതിച്ചാശാനെ…! രഞ്ജി ട്രോഫി കേരള- ബംഗാൾ മത്സരം വെെകുന്നു; ‘സഞ്ജു ഷോ’ കാണാനാവുമോ എന്ന് ആരാധകർ
Ranji Trophy Toss: ദക്ഷിണാഫ്രിക്കൻ ടി20 പരമ്പരയ്ക്ക് മുന്നോടിയായി സഞ്ജുവിന് കഴിവ് തെളിയിക്കാനുള്ള അവസരമായിരുന്നു ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരം.
കൊൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരള- ബംഗാൾ മത്സരം വെെകുന്നു. മത്സരത്തിന്റെ രണ്ടാം ദിവസമായ ഇന്നും കൊൽക്കത്തയിൽ കനത്ത മഴയാണ്. ഇതേതുടർന്ന് ടോസുപോലും ഇടാനായിട്ടില്ല. ഇന്നലെ വൈകിട്ട് മാനം തെളിഞ്ഞിരുന്നെങ്കിലും രാത്രി പെയ്ത മഴയിൽ വീണ്ടും ഔട്ട് ഫീൽഡ് നനഞ്ഞു കുതിരുകയായിരുന്നു. മോശം കാലാവസ്ഥ കാരണം മത്സരത്തിന്റെ ഒന്നാം ദിവസം ഉപേക്ഷിച്ചിരുന്നു. ഇന്നും കൊൽക്കത്തയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മഴ മാറ്റമില്ലാതെ തുടരുകയാണെങ്കിൽ മത്സരത്തിൽ ഇരുടീമിനും ഇന്നിംഗ്സ് പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.
ദാന ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ ബംഗാളിലും ഒഡീഷയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മത്സരം മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മത്സരങ്ങൾ നടത്താൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു. ഇതാണ് കേരളത്തിന് തിരിച്ചടിയായത്. കനത്ത മഴയെ തുടർന്ന് കർണാടകയ്ക്ക് എതിരായ കേരളത്തിന്റെ കഴിഞ്ഞ മത്സരവും സമനിലയിൽ കലാശിച്ചിരുന്നു. 50 ഓവറിൽ മാത്രമാണ് അന്ന് ഇരുടീമുകളും കളിച്ചത്. പഞ്ചാബിനെതിരെ നടന്ന ആദ്യ മത്സരത്തിൽ മഴ വെല്ലുവിളി ഉയർത്തിയിരുന്നില്ല. ഈ മത്സരത്തിൽ കേരളം വിജയിച്ചിരുന്നു.
മലയാളി താരം സഞ്ജു സാസംസണിന്റെ ടെസ്റ്റ് ടീമിലേക്കുള്ള വാതിൽ അടയാനും മത്സരം വെെകുന്നത് കാരണമാകും. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ സഞ്ജുവിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്ന് മുഖ്യപരിശീലകൻ ഗൗതം ഗംഭീർ വാക്ക് നൽകിയിരുന്നു. എന്നാൽ മഴ മൂലം മത്സരം വെെകുന്നത് താരത്തിന് തിരിച്ചടിയാകും. ദക്ഷിണാഫ്രിക്കൻ ടി20 പരമ്പരയ്ക്ക് മുന്നോടിയായി സഞ്ജുവിന് കഴിവ് തെളിയിക്കാനുള്ള അവസരമായിരുന്നു ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരം. ഉത്തർപ്രദേശിനെതിരെ നവംബർ 6-നാണ് രഞ്ജിയിലെ കേരളത്തിന്റെ അടുത്ത മത്സരം. നവംബർ 8 മുതൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര തുടങ്ങുന്നതിമാൽ അടുത്ത മത്സരത്തിൽ സഞജു കളിക്കാനിടയില്ല.
ബംഗാളിനെതിരായ കേരള ടീം: സച്ചിൻ ബേബി(ക്യാപ്റ്റൻ), വത്സൽ ഗോവിന്ദ്, രോഹൻ കുന്നുമ്മൽ, ബാബ അപരജിത്ത്, സഞ്ജു സാംസൺ, ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, ആദിത്യ സർവതെ, ബേസിൽ തമ്പി, കെഎം ആസിഫ്, എംഡി നിധീഷ്, അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ, വിഷ്ണു വിനോദ്, ഫാസിൽ ഫാനൂസ്, കൃഷ്ണ പ്രസാദ്.