FIFA World Cup 2026: കാനറികളെ പേടിപ്പിക്കുന്നത് ആ ചരിത്രം! നോര്‍വേയ്‌ക്കെതിരെ ബ്രസീലിന് തീര്‍ക്കേണ്ടത് 24 വര്‍ഷത്തെ പ്രതികാരം
Brazil vs Norway Round of 16 Preview : നോർവേ ഒരിക്കലും ബ്രസീലിനോട് തോറ്റിട്ടില്ലെന്നതാണ് ആ ചരിത്രം. ഇതിന് മുൻപ് അഞ്ച് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും നോർവെയെ തോൽപ്പിക്കാൻ ബ്രസീലിന് സാധിച്ചിട്ടില്ല. മൂന്ന് മത്സരങ്ങൾ സമനിലയിലായപ്പോൾ രണ്ടെണ്ണത്തിൽ ബ്രസീൽ പരാജയപ്പെട്ടു.
ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. ഇനിയൊരു പിഴവിന് പോലും ഇടമില്ല. കാനഡയെ തതോല്‍പിച്ച് മൊറോക്കോയും, പരഗ്വായെ പരാജയപ്പെടുത്തി ഫ്രാന്‍സും ക്വാര്‍ട്ടറിലെത്തി. ഇനി അര്‍ജന്റീനയും, പോര്‍ച്ചുഗലും, ബ്രസീലും ഉള്‍പ്പെടെ 12 ടീമുകള്‍ കൂടി പ്രീ ക്വാര്‍ട്ടറില്‍ കളിക്കളത്തിലെത്താനുണ്ട്. പുലര്‍ച്ചെ 1.30-ന് നടക്കുന്ന ‘റൗണ്ട് ഓഫ് 16’ മത്സരത്തില്‍ കരുത്തരായ ബ്രസീലും നോര്‍വെയും ഏറ്റുമുട്ടും. അഞ്ച് തവണ ജേതാക്കളായ കാനറിപ്പടയെ പഴയൊരു ചരിത്രമാണ് ഇപ്പോഴും ഭീതിപ്പെടുത്തുന്നത്. നോർവേ ഒരിക്കലും ബ്രസീലിനോട് തോറ്റിട്ടില്ലെന്നതാണ് ആ ചരിത്രം.
ഇതിന് മുൻപ് അഞ്ച് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും നോർവെയെ തോൽപ്പിക്കാൻ ബ്രസീലിന് സാധിച്ചിട്ടില്ല. മൂന്ന് മത്സരങ്ങൾ സമനിലയിലായപ്പോൾ രണ്ടെണ്ണത്തിൽ ബ്രസീൽ പരാജയപ്പെട്ടു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്നത് 1998-ലെ ഫിഫ ലോകകപ്പിലായിരുന്നു.
1998-ലെ ലോകകപ്പ്
അന്ന് മത്സരത്തിന്റെ അവസാന നിമിഷത്തിൽ പെനാൽറ്റി ഗോളിന്റെ കരുത്തിൽ നോർവെ 2-1 ന് അട്ടിമറി വിജയം നേടി ബ്രസീലിനെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്ത് നിന്ന് താഴെയിറക്കി. ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത് 2006-ൽ നടന്ന ഒരു സൗഹൃദ മത്സരത്തിലായിരുന്നു. അത് 1-1 എന്ന സമനിലയിൽ അവസാനിച്ചു.
ബ്രസീൽ പൂർണ്ണ ആത്മവിശ്വാസത്തോടെയാണ് ഈ പ്രീ-ക്വാർട്ടർ പോരാട്ടത്തിന് ഇറങ്ങുന്നത്. ഈ ലോകകപ്പില്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്ത വിനീഷ്യസ് ജൂനിയറിലാണ് പ്രതീക്ഷ. ഒപ്പം ഗബ്രിയേൽ മഗൽഹായസ് നയിക്കുന്ന പ്രതിരോധ നിര ശക്തമാണ്. കാർലോ ആൻസലോട്ടിയുടെ കീഴിലുള്ള ടീം ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ നോര്‍വേയ്‌ക്കെതിരെ കളിച്ചേക്കുമെന്നതാണ് പരിശീലകന്‍ ആന്‍സലോട്ടി നല്‍കുന്ന സൂചന.
Also Read: Vozinha: രണ്ടുനാലു ദിനം കൊണ്ട് വൊസീഞ്ഞയെ തണ്ടിലേറ്റിയതും ഫിഫ! കാംബോ വെര്‍ദെയുടെ ഹീറോ ഇനിയെങ്ങോട്ട്?
2002-ലെ ഫൈനലിൽ ജർമ്മനിയെ തോൽപ്പിച്ചതിന് ശേഷം ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ കളിച്ച കഴിഞ്ഞ ആറ് മത്സരങ്ങളിലും പരാജയപ്പെട്ട് പുറത്തായിട്ടുണ്ടെന്ന വസ്തുതതയും ബ്രസീലിനെ ആശങ്കപ്പെടുത്തുന്നുണ്ട്. യൂറോപ്യൻ ടീമുകൾക്കെതിരെയുള്ള 24 വർഷത്തെ നോക്കൗട്ട് ശാപം അവസാനിപ്പിക്കുക കൂടിയാണ് ബ്രസീലിന്റെ ലക്ഷ്യം. ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകര്‍ത്താണ് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടിയത്.
പ്രതീക്ഷയില്‍ നോര്‍വേ
28 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നോർവെ ലോകകപ്പിലേക്ക് തിരിച്ചെത്തിയത്. ഇറാഖ്, സെനഗൽ എന്നീ ടീമുകൾക്കെതിരെ നേടിയ വിജയം അവരെ നോക്കൗട്ട് റൗണ്ടിലെത്തിച്ചു. സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡ് അടക്കമുള്ള താരങ്ങള്‍ മികച്ച ഫോമിലാണ്. ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡിന്റെ മിഡ്‌ഫീൽഡിലെ മികവും നോര്‍വേയ്ക്ക് പ്രതീക്ഷ പകരുന്ന ഘടകമാണ്.
കൗണ്ടർ അറ്റാക്കുകളെ പ്രതിരോധിക്കുന്നതിൽ ബ്രസീല്‍ ഡിഫന്‍സ് വരുത്തുന്ന പിഴവുകള്‍ മുതലെടുക്കാനാകും ശ്രമം. പ്രതിരോധത്തിലെ പിഴവുകളാണ് നോർവേയുടെ പ്രശ്നം. ആക്രമിച്ചു കളിക്കുമ്പോൾ ഡിഫൻസീവ് ലൈൻ പാളുന്നതാണ് പ്രധാന ന്യൂനത. ഇത് ബ്രസീലിന്റെ വിങ്ങര്‍മാര്‍ പ്രയോജനപ്പെടുത്തിയേക്കാം.
English Summary
Brazil faces Norway in the 2026 World Cup Round of 16. Norway has a shocking, historically unbeaten record against Brazil. A fully fit Neymar returns to help Brazil end this hoodoo. Brazil also fights to break a 24-year knockout curse against European teams.