ലോകകപ്പ് 2030: റൊണാൾഡോ ഇല്ലെങ്കിലും പോർചുഗൽ ഉണ്ട്, മെസിയുടെ അർജന്റീനയും ഉണ്ട്, ബ്രസീലിന് കളിച്ച് ജയിക്കണം
FIFA World Cup 2030: റൊണാൾഡോ ഇല്ലെങ്കിലും പോർചുഗലും മെസി ഉണ്ടെങ്കിലും ഇല്ലെങ്കിലും അർജന്റീനയും അടുത്ത ഫിഫ ലോകകപ്പിൽ കളിക്കും എന്ന് ഉറപ്പായിരിക്കുന്നു. ഈ രണ്ട് ടീമുകൾക്ക് പുറമേ മറ്റ് നാല് ടീമുകൾ കൂടി അടുത്ത ലോകകപ്പിന് ഇപ്പോഴേ യോഗ്യത നേടിയിരിക്കുന്നു. മൊറോക്കോ, സ്പെയിൻ, ഉറുഗ്വേ, പരാഗ്വേ എന്നിവയാണ് 2030 ലോകകപ്പിന് ഇതിനകം യോഗ്യത നേടിയ മറ്റ് ടീമുകൾ.

Fifa World Cup 2030 Portugal And Argentina Already Qualified
ഫിഫ ലോകകപ്പ് 2026ന്റെ ആവേശം പതിയെ കെട്ടടങ്ങുന്നതേയുള്ളൂ. ടൂർണമെന്റ് കഴിഞ്ഞെങ്കിലും മത്സരങ്ങളിൽ ഉണ്ടായ വിവാദങ്ങളുടെ അലയൊലികൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. കിരീടം നേടിയ ടീമിന്റെ വിജയാഘോഷം നടക്കുന്നതേയുള്ളൂ, ഫൈനിൽ തോറ്റ അർജന്റീന താരങ്ങൾ പലരും ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിട്ടുമില്ല. ഇതൊക്കെയാണെങ്കിലും അടുത്ത ഫിഫ ലോകകപ്പ് 2030 നെ ചുറ്റിപ്പറ്റിയുള്ള ചില പ്രധാന വാർത്തകൾ ഇപ്പോൾ ചർച്ചയാകുന്നുണ്ട്. റൊണാൾഡോ ഇല്ലെങ്കിലും പോർചുഗലും മെസി ഉണ്ടെങ്കിലും ഇല്ലെങ്കിലും അർജന്റീനയും അടുത്ത ഫിഫ ലോകകപ്പിൽ കളിക്കും എന്ന് ഉറപ്പായിരിക്കുന്നു. ഈ രണ്ട് ടീമുകൾക്ക് പുറമേ മറ്റ് നാല് ടീമുകൾ കൂടി അടുത്ത ലോകകപ്പിന് ഇപ്പോഴേ യോഗ്യത നേടിയിരിക്കുന്നു.
മൊറോക്കോ, സ്പെയിൻ, ഉറുഗ്വേ, പരാഗ്വേ എന്നിവയാണ് അർജന്റീനയ്ക്കും പോർചുഗലിനും പുറമേ 2030 ലോകകപ്പിന് ഇതിനകം യോഗ്യത നേടിയ മറ്റ് ടീമുകൾ. അതേസമയം അർജന്റീനയും പോർചുഗലും അടുത്ത ലോകകപ്പിന് ഇടം പിടിച്ചപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട മറ്റൊരു ടീമായ ബ്രസീലിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. 2030 ലോകകപ്പിൽ കളിക്കണമെങ്കിൽ ബ്രസീലിന് യോഗ്യതാ മത്സരങ്ങൾ കളിച്ച് ജയിക്കേണ്ടതുണ്ട്.
Also Read: ‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ..!’ പകരം വീട്ടാൻ മെസി; വീണ്ടും അർജന്റീന- സ്പെയിൻ പോരാട്ടം
6 ടീമുകൾ എങ്ങനെ അടുത്ത ലോകകപ്പിന് യോഗ്യത നേടി
സാധാരണയായി ഫിഫ ലോകകപ്പിലേക്ക് ടീമുകൾ എത്തുന്നത് ഫിഫക്ക് കീഴിലുള്ള 6 വൻകര കൂട്ടായ്മകളിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങളുടെ ബലത്തിലാണ്. എന്നാൽ ലോകകപ്പ് സംഘടിപ്പിക്കുന്ന രാജ്യങ്ങൾക്ക് യോഗ്യതാ മത്സരങ്ങൾ കളിക്കാതെ തന്നെ നേരിട്ട് ലോകകപ്പിലേക്ക് പ്രവേശനം ലഭിക്കും. ഈ നിലയിലാണ് പോർചുഗൽ, മൊറോക്കോ, സ്പെയിൻ, അർജന്റീന, ഉറുഗ്വേ, പരാഗ്വേ എന്നിവ അടുത്ത ലോകകപ്പിന് യോഗ്യത നേടിയത്.
ഫിഫ ലോകകപ്പ് 2030
2030-ൽ നടക്കാൻ പോകുന്നത് ഫിഫയുടെ നൂറാം വാർഷിക ലോകകപ്പ് ആണ്. ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക എന്നീ 3 ഭൂഖണ്ഡങ്ങളിലായി നടക്കുന്ന ആദ്യ ലോകകപ്പാണിത്. 1930-ൽ ആദ്യ ലോകകപ്പ് നടന്നതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിനായി ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങൾ തെക്കേ അമേരിക്കയിൽ (ഉറുഗ്വേ, അർജന്റീന, പരാഗ്വേ) നിശ്ചയിച്ചിരിക്കുന്നു.
ശതാബ്ദി മത്സരങ്ങൾക്ക് ശേഷം ബാക്കി മത്സരങ്ങൾ മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനാലാണ് ആഥിതേയ രാജ്യങ്ങൾ എന്ന നിലയിൽ 6 ടീമുകൾക്ക് ഇതിനകം തന്നെ അടുത്ത ഫിഫ ലോകകപ്പിൽ കളിക്കാൻ സീറ്റ് ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. ടൂർണമെന്റിന്റെ ഫൈനൽ സ്പെയിനിലെ മാഡ്രിഡിലുള്ള റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ നടക്കാനാണ് സാധ്യത.
2026 ഫിഫ ലോകകപ്പിലെ ടീമുകളുടെ എണ്ണം എത്രയാണ് എന്ന് നിലവിൽ കൃത്യമായി പറയാനാകില്ല. നിലവിലെ രീതി തുടർന്നാൽ 48 ടീമുകളാകും ഉണ്ടാകുക. എന്നാൽ കൂടുതൽ രാജ്യങ്ങളെ ലോകകപ്പിന്റെ ഭാഗമാക്കുമെന്ന് അടുത്തിടെ ഫിഫ പ്രതികരണം നടത്തിയിട്ടുള്ളതിനാൽ കൂടുതൽ ടീമുകൾ എത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
അർജന്റീനയെ തോൽപ്പിച്ച ഉറുഗ്വായ്
1930-ൽ ലോകത്തിലെ ആദ്യത്തെ ഫിഫ ലോകകപ്പ് നടന്നത് ഉറുഗ്വായിയിലാണ്. അന്ന് നടന്ന ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് ഉറുഗ്വായ് ചാമ്പ്യന്മാരായി. ഇതിന്റെ 100-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 2030 ഫിഫ ലോകകപ്പ് ടൂർണമെന്റിലെ ആദ്യ മത്സരം ഉറുഗ്വേ തലസ്ഥാനമായ മോണ്ടെവിഡിയോയിലെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ സെന്റെനാരിയോ സ്റ്റേഡിയത്തിൽ നടക്കും.
പോർചുഗൽ അടുത്ത ലോകകപ്പ് കളിക്കാനിറങ്ങുമ്പോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാനുള്ള സാധ്യത കുറവാണ്. നിലവിൽ റോണോയ്ക്ക് 41 വയസുണ്ട്. പ്രായം കണക്കിലെടുക്കുമ്പോൾ ഇപ്പോൾ കഴിഞ്ഞത് റോണോയുടെ അവസാന ലോകകപ്പ് ആകാനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. അതേസമയം അർജന്റീന ഇതിഹാസം ലയണൽ മെസി അടുത്ത ലോകകപ്പിന് കളിക്കുമോ ഇല്ലയോ എന്നതിൽ സാധ്യത 50ഃ50 ആണ്.
ഇപ്പോൾ പ്രായം 39 പിന്നിട്ട മെസിക്ക് അടുത്ത ലോകകപ്പിൽ ഏകദേശം 43 വയസോളം പ്രായമുണ്ടാകും. 45 വയസിൽ ലോകകപ്പ് കളിച്ചിട്ടുള്ള താരമുള്ളപ്പോൾ 43-ാം വയസിൽ മെസി ലോകകപ്പ് കളിച്ചാലും അദ്ഭുതപ്പെടാനില്ല. ഈ ലോകകപ്പിൽ യുവ താരങ്ങൾക്കൊപ്പം ഗോൾവേട്ടയുടെ മുൻ നിരയിൽ മെസിയെന്ന മുപ്പത്തൊമ്പതുകാരൻ ഉണ്ടായിരുന്നു. ഇതിഹാസങ്ങളെ തളർത്താൻ പ്രായത്തിനും ചില പരിമിതികളുണ്ട് എന്ന് ഇതിനകം നാം പലതവണ കണ്ടിട്ടുള്ളതാണ്. അതിനാൽ ആരാധകർക്ക് ഭാഗ്യമുണ്ടെങ്കിൽ അടുത്ത ലോകകപ്പിലും മെസി ഉണ്ടാകും.
English Summary
The 2030 FIFA World Cup will be the 100th anniversary of the tournament. This will be the first World Cup to be held on three continents: Africa, Europe and South America. The host countries will gain direct entry to the tournament without having to play in the qualifying rounds. As such, Portugal, Morocco, Spain, Argentina, Uruguay and Paraguay have qualified for the 2030 FIFA World Cup.